
ആര്‍എസ്എസുമായി അടുപ്പം സ്ഥാപിക്കാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സഹായിക്കുമെന്ന മോഡിയുടെ പ്രതീക്ഷയും തുണച്ചില്ല. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ സിന്ദൂറിനെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രശംസിച്ചെങ്കിലും പ്രധാനമന്ത്രി മോഡിയുടെ അവകാശവാദങ്ങളെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.
സംഘവും നരേന്ദ്ര മോഡിയും തമ്മിലുള്ള ഭിന്നത എത്രത്തോളം ആഴത്തിലാണെന്ന് വ്യക്തമാക്കുന്നതാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്ന ശക്തികള്‍ക്കുമെതിരെ ‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ’ നടപടി എടുത്ത കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തെയും നമ്മുടെ സായുധ സേനയെയും അഭിനന്ദിക്കുന്നു എന്നായിരുന്നു മോഹന്‍ ഭാഗവതും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും പുറത്തിറക്കിയ പ്രസ്താവന. ഓപ്പറേഷന്‍ സിന്ദൂര്‍ സുവര്‍ണാവസരമാക്കാന്‍ കാത്തിരുന്ന ബിജെപിക്ക് ആര്‍ എസ് എസിന്റെ ഈ മൗനം തിരിച്ചടിയായി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ദയനീയ പ്രകടനത്തിന് പിന്നാലെ മോഡി അഹങ്കാരിയാണെന്ന് ഭാഗവത് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നീട് ബിജെപിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയും ഭിന്നത രൂക്ഷമായി. മോഡിക്കും അമിത്ഷായ്ക്കും പാര്‍ട്ടി പ്രസിഡന്റായി ഒരു റബ്ബര്‍ സ്റ്റാമ്പിനെ നല്‍കാന്‍ ആര്‍എസ്എസ് മേധാവി വിമുഖത കാണിച്ചതോടെ ഒരു വര്‍ഷത്തോളമായി കസേര ഒഴിഞ്ഞുകിടക്കുകയാണ്. ജെപി നഡ്ഡയുടെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം താല്‍ക്കാലിക അധ്യക്ഷനായി തുടരുകയാണ്. പാകിസ്ഥാനുമായുള്ള സംഘര്‍ഷവും അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വൈകുന്നതിനുള്ള കാരണമായി. എന്നാല്‍ ഓപ്പറേഷനിലൂടെ പാകിസ്ഥാന് നല്ല തിരിച്ചടി നല്‍കിയതോടെ മോഡിക്ക് ബിജെപിയിലും സര്‍ക്കാരിലും ആധിപത്യം തിരികെ ലഭിക്കുമെന്ന് ആര്‍എസ്എസിലും വിലയിരുത്തലുകളുണ്ട്.
അതേസമയം അതിര്‍ത്തി സംഘര്‍ഷത്തില്‍ രാഷ്ട്രീയം പാടില്ലെന്ന കേന്ദ്രനിര്‍ദേശം കാറ്റിപ്പറത്തിയ ബിജെപിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇന്ത്യ‑പാക് സംഘര്‍ഷത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും അതിനെ പിന്തുണച്ചെങ്കിലും ഭരണകക്ഷിയായ ബിജെപി ഈ അവസരം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്.
വെള്ളിയാഴ്ച ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ 2005ലെ ഡല്‍ഹി സ്ഫോടനങ്ങള്‍, 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനങ്ങള്‍, 2008ലെ മുംബൈ ഭീകരാക്രമണം, 2010ലെ പൂനെ ആക്രമണം, 2011 ഡല്‍ഹി ആക്രമണം, 2013ലെ ഹൈദരാബാദ് ആക്രമണം എന്നീ ഭീകരാക്രമണങ്ങളുടെ ചിത്രങ്ങള്‍ കാണാം. 2006–07ലെ ആക്രമണങ്ങള്‍ക്ക് ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സമാധാന ചര്‍ച്ചകള്‍ നടത്തിയെന്നും പ്രതികാരം ചെയ്തില്ലെന്നും പാഠം പഠിച്ചില്ലെന്നും ഇതില്‍ അവകാശപ്പെടുന്നു. എന്നാല്‍ മോഡി അധികാരത്തിലെത്തിയ ശേഷം നടന്ന 2016ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, ഉറി ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം, 2025ലെ പഹല്‍ഗാം ആക്രമണം എന്നിവയെക്കുറിച്ച് വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.