
ചൈനീസ് വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം. നിബന്ധനകള്‍ക്ക് വിധേയമായുള്ള കീഴടങ്ങലാണ് മോഡി സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജ്യത്ത് നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുന്നതില്‍ വിറളിപൂണ്ട ബിജെപി സര്‍ക്കാര്‍ ചെെനീസ് നിക്ഷേപം ആകര്‍ഷിക്കുന്നതിനായാണ് വീട്ടുവീഴ്ച ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രസ് നോട്ട് 3 ചട്ടം അനുസരിച്ച് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാത്തരം നിക്ഷേപങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. പകിസ്ഥാനും ബംഗ്ലദേശിനും ബാധകമായിരുന്ന ചട്ടം 2020ലാണ് ചൈനയടക്കം എല്ലാ അയല്‍ രാജ്യങ്ങള്‍ക്കും ബാധകമാക്കിയത്. ഈ ചട്ടത്തില്‍ മാറ്റം വരുത്തിയാണ് ചൈനീസ് വിദേശ നിക്ഷേപത്തിന് ഇപ്പോള്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള 10 ശതമാനത്തില്‍ താഴെയുള്ള ചെറുനിക്ഷേപങ്ങള്‍ക്ക് ഇനിമുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ നിക്ഷേപ വിവരം കൃത്യമായി രേഖാമൂലം അറിയിക്കണം. 10 ശതമാനത്തിന് മുകളിലുള്ള നിക്ഷേപത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്നും പുതുക്കിയ ചട്ടത്തില്‍ പറയുന്നു. ഇലക്ട്രോണിക്സ് ഘടകങ്ങള്‍, പോളിസിലിക്കണ്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിന് 60 ദിവസത്തിനുള്ളില്‍ തന്നെ അനുമതി നല്‍കാനും സംവിധാനമുണ്ടാകും. ഇത്തരം നിക്ഷേപങ്ങള്‍ നടന്നാലും കമ്പനിയുടെ നിയന്ത്രണാധികാരം ഇന്ത്യക്കാരുടെ പക്കല്‍ തന്നെയായിരിക്കണമെന്നും പുതുക്കിയ ചട്ടത്തില്‍ പറയുന്നു.
മോഡി സര്‍ക്കാരിന്റെ നയം മാറ്റത്തില്‍ അത്ഭുതപ്പെടുത്തുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ കുറിച്ചു. കിഴക്കന്‍ ലഡാക്കില്‍ 20 സൈനികര്‍ രക്തസാക്ഷികളായതിന്ശേഷം മോഡി ക്ലീന്‍ ചീറ്റ് നല്‍കിയ രാജ്യത്തിന് മുന്നിലെ കീഴടങ്ങലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.