രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ എന്തുവിലകൊടുത്തും പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോടെ നീങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇഎംഎസ് സ്മൃതിയുടെ ഭാഗമായി കോസ്റ്റ് ഫോർഡ് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ‘ജനാധിപത്യത്തിന്റെ ഭാവി, രാഷ്ട്രീയ പാർട്ടികളുടെ പങ്ക് ‘എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാനം. വർഗീയ ഫാസിസത്തിനെതിരെ വിശാല പ്രതിപക്ഷ ഐക്യനിര അനിവാര്യമാണ്. പാർലമെന്റിൽ എങ്ങനെ കൃത്രിമമായി ഭൂരിപക്ഷം ഉണ്ടാക്കാമെന്ന ചിന്തയിലാണ് ബിജെപി. അതിനായി ബിജെപിക്ക് പിന്തുണയുള്ള വലിയ സംസ്ഥാനങ്ങളിൽ പുതിയ പാർലമെന്റ് സീറ്റുകൾ കൊണ്ടുവരുന്നതിനായി ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഏതുവിധേനയും അധികാരത്തിൽ തുടരാനുള്ള ശ്രമം രാജ്യം ഭരിക്കുന്നവർ നടത്തുമ്പോൾ ഈ സേച്ഛാധിപത്യ ഭരണകൂടത്തെ താഴെയിറക്കാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും കാനം പറഞ്ഞു.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജെപിയെ എതിർക്കുന്നവർക്കായിരുന്നു ഭൂരിപക്ഷം. എന്നിട്ടും ബിജെപി അധികാരത്തിലെത്തിയത് ഇന്ത്യയിലെ മറ്റു രാഷ്ട്രീയ കക്ഷികൾ ഗൗരവത്തോടെ കാണണം. രാഷ്ട്രീയത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ജനാധിപത്യ സംവിധാനം സംരക്ഷിക്കാൻ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം. അതിലൂടെ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാം. അത് സാധ്യമാണെന്ന് കർണാടകത്തിൽ തെളിയിച്ചു.
കേന്ദ്രസർക്കാർ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് പ്രാദേശിക കക്ഷികളെയും സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന സർക്കാരുകളെയും ഇല്ലായ്മ ചെയ്യുകയാണ്. ഇ ഡി പോലുള്ള കേന്ദ്ര ഏജൻസികൾ നിരന്തരമായി ശ്രമിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ആ പരീക്ഷണം ഇന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റിയിരിക്കുന്നു. അവിടെ സർക്കാരിന്റെ പ്രതിനിധികളെയും മന്ത്രിമാരെയും ചോദ്യം ചെയ്യുകയും സെക്രട്ടേറിയേറ്റില്‍ വരെ ഇ ഡിയുടെ പരിശോധനയെത്തുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെ പി എന്താണ്നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്എന്നതിന്റെ തെളിവാണ് മണിപ്പൂരിലെ സംഭവങ്ങൾ. ജനങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചും അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടും മാത്രമേ ജനാധിപത്യം ശക്തമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികൾ ആ ജനാധിപത്യത്തെ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള പരിശ്രമത്തിലാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് സ്വാഗതം പറഞ്ഞു. സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി കെ രാധാകൃഷ്ണൻ, സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ്, സിപിഐ (എം )ജില്ലാ സെക്രട്ടറി എം എം വർഗീസ്, എ സി മൊയ്തീൻ എംഎൽഎ, എൻ ആർ ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.
English Summary: Opposition must unite to protect democracy: Kanam Rajendran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.