സംസ്ഥാന ബജറ്റിലെ നികുതിവർധനവിനെതിരെയുള്ള പ്രതിഷേധത്തില്‍ നിയമസഭയിലെ താേല്‍വി മറയ്ക്കാന്‍ പുറത്ത് സമരംപ്രഖ്യാപിച്ച പ്രതിപക്ഷത്ത് തമ്മിലടി. നിയമസഭയിലെ സത്യഗ്രഹം പൊളിഞ്ഞതിനു പിന്നാലെ മുഖം രക്ഷിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ നികുതി ബഹിഷ്കരണാഹ്വാനത്തെച്ചൊല്ലി കോൺഗ്രസിൽ വാഗ്വാദം. സുധാകരന്റെ ആഹ്വാനം പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തുറന്നുപറച്ചിൽ. തുടർന്ന് ബഹിഷ്കരണാഹ്വാനം നടത്തിയില്ലെന്ന മലക്കംമറിച്ചിലുമായി സുധാകരൻ.
ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ്, നികുതി ബഹിഷ്കരിക്കാൻ കെ സുധാകരൻ ആഹ്വാനം പെയ്തത്. അക്കാര്യത്തില്‍ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. എന്നാൽ, ഈ ആഹ്വാനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി. നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. അതോടെ നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെങ്കിലും ജനങ്ങൾക്ക് നികുതി അടയ്ക്കാതിരിക്കാനാകില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് സുധാകരൻ ഇന്നലെ തിരുത്തി.
താൻ പിണറായിയുടെ പഴയ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നായിരുന്നു സുധാകരന്റെ തിരുത്ത്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സമരത്തിനുള്ള ആഹ്വാനമല്ല നടത്തിയത്. സർക്കാർ തിരുത്തിയില്ലെങ്കിൽ ബഹിഷ്കരണം ആലോചിച്ചു തീരുമാനമെടുക്കുമെന്നും പറഞ്ഞ് സുധാകരൻ തലയൂരി. സെസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാല് യുഡിഎഫ് എംഎല്‍എമാര്‍ തുടങ്ങിയ സത്യഗ്രഹം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നതിന്റെ നാണക്കേട് മാറും മുമ്പാണ് കോണ്‍ഗ്രസ് അധ്യക്ഷന് തന്നെ പാര്‍ട്ടിയില്‍ നിന്നുള്ള തിരിച്ചടിമൂലം പ്രസ്താവന തിരുത്തേണ്ടി വന്നത്. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ സെസ് നിരക്കില്‍ കുറവ് വരുത്തിക്കൊണ്ട് പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയാണ് നജീബ് കാന്തപുരം, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സി ആര്‍ മഹേഷ് എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലാതെ നിയമസഭാ സമ്മേളനം പിരിഞ്ഞതോടെ സഭാകവാടത്തിൽ നടത്തിയിരുന്ന സത്യഗ്രഹ സമരം യുഡിഎഫ് അവസാനിപ്പിക്കുകയായിരുന്നു.
നിയമസഭയ്ക്ക് പുറത്ത് നടത്തുന്ന സമരം കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രസ്താവിക്കുകയും ചെയ്തു. 13,14 തീയതികളിൽ യുഡിഎഫിന്റെ രാപ്പകൽ സമരം നടക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിവിധ യുവജന-മഹിളാ-വിദ്യാർത്ഥി സംഘടനകളെല്ലാം സർക്കാരിനെതിരെ സമരവുമായി മുന്നോട്ടു വന്നിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
അതിനിടെ പാർട്ടി പുനഃസംഘടന നീളുന്ന സാഹചര്യത്തില്‍ ഇന്ന് കെപിസിസി യോഗം ചേരുന്നുണ്ട്. അവിടെയും ഭിന്നത പ്രതിഫലിക്കുമെന്നാണ് സൂചന. തര്‍ക്കം കാരണം ഡിസിസി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചര്‍ച്ചകളില്‍ എംപിമാരെ ഒഴിവാക്കിയതി പ്രതിഷേധിച്ച് ചിലര്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിഷയം ചർച്ച ചെയ്യാൻ കെപിസിസി യോഗം ചേരുന്നത്.
English Summary: opposition party protest against tax hike
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.