കര്‍ഷക സമരത്തെച്ചൊല്ലി റൂള്‍ 267 പ്രകാരം അവതരിപ്പിച്ച പ്രമേയം ചര്‍ച്ചചെയ്യില്ലന്ന രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറുടെ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ റെയില്‍വേ ഭേദഗതി ബില്‍ സഭ പാസാക്കി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സംഭാല്‍ വിഷയം, അഡാനി കൈക്കൂലി കേസ് എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കാതെ ലോക്‌സഭയും പിരിഞ്ഞു. ഇന്ത്യ‑ചൈന ബന്ധത്തെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മറുപടിയോടെയാണ് ഉപരിസഭ ആരംഭിച്ചത്. ബോയിലേഴ്സ് ബില്‍ 2024 സഭയില്‍ ചര്‍ച്ച ചെയ്തു. ശൂന്യവേളയ്ക്ക് ശേഷം കര്‍ഷക സമരം സംബന്ധിച്ച് പ്രതിപക്ഷം റൂള്‍ 267 പ്രകാരം അവതരിപ്പിച്ച പ്രമേയത്തിന് ചെയര്‍മാന്‍ അനുമതി നിഷേധിച്ചതാണ് രാജ്യസഭ നടപടി ബഹളത്തില്‍ കലാശിക്കാന്‍ ഇടയാക്കിയത്. കര്‍ഷക സമരത്തില്‍ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന പരാമര്‍ശമാണ് ബഹളത്തിലേക്ക് വഴിതുറന്നത്.
ആഴ്ചയില്‍ അഞ്ച് ദിവസം ചേരുന്ന സമ്മേളനത്തിനിടെ റൂള്‍ 267 അനുവദിക്കില്ലെന്ന ചെയറിന്റെ നടപടിയെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് തിരിച്ചടിച്ചത്. രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിഷയം സഭയിലല്ലാതെ വേറെ എവിടെ ഉന്നയിക്കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചു. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ട്രഷറി ബെഞ്ചിന് താല്പര്യമില്ല. എന്നാല്‍ ജനപ്രതിനിധികളായ തങ്ങള്‍ക്ക് മൗനം പാലിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലോക്‌സഭയിലും സമാന രീതിയിലാണ് നടപടികള്‍ പുരോഗമിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ ദുരന്ത നിവാരണ ഭേദഗതി ബില്‍ അവതരിപ്പിച്ചശേഷമായിരുന്നു പ്രതിപക്ഷം സംഭാല്‍ പള്ളിത്തര്‍ക്കം, അഡാനി കൈക്കൂലി കേസ് എന്നിവ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ടത്. പ്രതിപക്ഷം അഡാനിയുടെ പേര് പരാമര്‍ശിച്ചത് ഭരണകക്ഷിയെ ചൊടിപ്പിച്ചു. ഇതോടെ അഡാനി എന്ന വാക്ക് പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.