
എൻസിപിയിലെ രണ്ട് വിഭാഗങ്ങൾ വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ച് എൻസിപി (എസ്‌പി) മേധാവി ശരദ് പവാർ വ്യാഴാഴ്ച സൂചന നൽകിയതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ രംഗം ചൂടുപിടിച്ചു. പവാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എൻസിപിയിലെ രണ്ട് ക്യാമ്പുകളും പുനഃസമാഗമത്തിനുള്ള സാധ്യതയെക്കുറിച്ച് അനുകൂല സൂചനകൾ നൽകി. ശരദ് പവാർ പറഞ്ഞതിങ്ങനെ: “തീരുമാനം എടുക്കേണ്ടത് സുപ്രിയ സുലെയും (മകൾ) അജിത് പവാറും (അനന്തരവൻ) ആണ്. തീരുമാനമെടുക്കൽ പ്രക്രിയയില്‍ ഞാനില്ല. ഞങ്ങളുടെ പാർട്ടിയിൽ രണ്ട് ചിന്താധാരകളുണ്ട്. ചിലർ അജിത് പവാറിനെ അനുകൂലിക്കുന്നു, മറ്റുള്ളവർ നേരിട്ടോ അല്ലാതെയോ ബിജെപിയുമായി അടുക്കരുതെന്ന് കരുതുന്നു. അവർ ഇന്ത്യ സഖ്യത്തിൽ തുടരാൻ ആഗ്രഹിക്കുന്നു.” പുനഃസമാഗമത്തെക്കുറിച്ചുള്ള സൂചന നല്‍കിയെങ്കിലും മഹാ വികാസ് അഘാഡിയുടെ — എൻസിപി (എസ്‌പി), കോൺഗ്രസ്, ശിവസേന (യുബിടി) സഖ്യം — ഭാവി ഇപ്പോൾ സന്തുലിതമാണ്. സംസ്ഥാനത്ത് എംവിഎയുടെ മാര്‍ഗദര്‍ശിയായി തുടരുന്ന ശരദ് പവാറായിരുന്നു ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന പ്രചാരകന്‍. എന്നാല്‍ ശരദ് പവാര്‍ പക്ഷം അജിത് പവാറിന്റെ എൻസിപിയുമായും ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ എംഎൻഎസ് മേധാവിയും ബന്ധുവുമായ രാജ് താക്കറെയുമായും ഒന്നിക്കാനുള്ള സൂചനകള്‍ എംവിഎയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കണ്ണൂർ ലോക്‌സഭാ എംപി കെ സുധാകരന് പകരം പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. 1991 മുതൽ പേരാവൂരിനെ പ്രതിനിധീകരിക്കുന്ന നേതാവാണ് ജോസഫ്. അദ്ദേഹം മുമ്പ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറിയന്‍ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം, ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാവിന്റെ നിര്യാണത്തിനും എ കെ ആന്റണിയുടെ വിരമിക്കലിനും ശേഷം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ട് കേന്ദ്രീകരണത്തിന് നല്ലതാണെന്ന് പാര്‍ട്ടി കണക്കാക്കുന്നു. സമീപ വർഷങ്ങളിൽ പാർട്ടി ക്രിസ്ത്യൻ ആധിപത്യമുള്ള പ്രദേശങ്ങളിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. കേരള കോൺഗ്രസ് (മാണി) എൽഡിഎഫിലേക്ക് മാറിയതും ക്രിസ്ത്യൻ വോട്ട് ബാങ്കിലേക്ക് ബിജെപി കടന്നുകയറിയതും ഇതുകാരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജപി നേടിയ വിജയം ഇതിന് തെളിവാണ്. ഉന്നത ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലും ജാതി, മത സമവാക്യം പരിഗണിക്കാനാണ് എഐസിസി ശ്രമിച്ചത്. സംസ്ഥാനത്തെ പ്രധാന ശക്തിയും പിന്നാക്ക വിഭാഗവുമായ ഈഴവ സമുദായത്തെ പ്രീണിപ്പിക്കാന്‍ അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായി നിയമിച്ചു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള എ പി അനിൽ കുമാറിനെ മൂന്ന് കെപിസിസി വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായും നിയമിച്ചു. കെ സുധാകരനെയും മുൻ ബിഹാർ കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാംഗവുമായ അഖിലേഷ് പ്രസാദ് സിങ്ങിനെയും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളാക്കി അനുനയിപ്പിക്കാനും ശ്രമിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള സർവകക്ഷി യോഗത്തിൽ സർക്കാരിനും സായുധ സേനയ്ക്കും പ്രതിപക്ഷം ഉറച്ച പിന്തുണ നൽകി. എങ്കിലും ഐക്യത്തിന്റെ കരുത്ത് തെളിയിക്കാന്‍ പാർലമെന്റ് സമ്മേളനം ചേരണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ സൈന്യം നടത്തിയ കൃത്യതയുള്ള ആക്രമണങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികള്‍ക്ക് വിശദീകരണം നല്‍കിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഓപ്പറേഷൻ സിന്ദൂർ തുടരുകയാണ് എന്നും പറഞ്ഞു. “ഞങ്ങൾ സർക്കാരിന് പൂർണ പിന്തുണ നൽകുന്നു” എന്ന് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ യോഗത്തില്‍ വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, മന്ത്രിമാരായ ജെ പി നഡ്ഡ, നിർമ്മലാ സീതാരാമൻ എന്നിവർ പങ്കെടുത്തു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കോൺഗ്രസിനെ പ്രതിനിധീകരിച്ചപ്പോൾ, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള സന്ദീപ് ബന്ദോപാധ്യായയും ഡിഎംകെയുടെ ടി ആർ ബാലുവും പങ്കെടുത്തു. സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, എഎപിയുടെ സഞ്ജയ് സിങ്, ശിവസേന (യുബിടി) യുടെ സഞ്ജയ് റൗട്ട്, എൻസിപിയുടെ (എസ്‌പി) സുപ്രിയ സുലെ, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, ബിജെഡിയുടെ സസ്മിത് പത്ര എന്നീ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.
അടുത്തിടെ പ്രഖ്യാപിച്ച ജാതി കണക്കെടുപ്പിനെക്കുറിച്ച് മൂന്ന് നിർദേശങ്ങളുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോഡിക്ക് കത്തയച്ചു. തെലങ്കാന മാതൃക അടിസ്ഥാനമാക്കിയുള്ള ചോദ്യാവലി, ജാതി സർവേ ഫലങ്ങൾ പരിഗണിക്കാതെ, നിർബന്ധിതമായി ഏർപ്പെടുത്തിയ 50 ശതമാന സംവരണ പരിധി നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി, സ്വകാര്യ സ്ഥാപനങ്ങളിലെ എസ്‌സി, എസ്‌ടി ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിനുള്ള അനുച്ഛേദം 15(5) നടപ്പിലാക്കൽ എന്നിവയാണ് നിര്‍ദേശിച്ചത്. പിന്നാക്കക്കാർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അവകാശങ്ങൾ നൽകുന്നതിനുള്ള ഒരു മാർഗമായി വർത്തിക്കുന്ന ജാതി സെൻസസിനെ ഭിന്നിപ്പിക്കലായി കണക്കാക്കരുതെന്നും ഖാർഗെ ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന നടത്തിയ ജാതി സർവേ, വ്യത്യസ്ത ജാതികളുടെ ജനസംഖ്യാ വിഹിതം, അവരുടെ വിദ്യാഭ്യാസ നിലവാരം, തൊഴിൽ, സാമ്പത്തിക സ്ഥിതി, രാഷ്ട്രീയം, സർക്കാർ, ബിസിനസ്, മാധ്യമങ്ങൾ, നീതിന്യായ വ്യവസ്ഥ എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിലെ ഓരോ സാമൂഹിക ഗ്രൂപ്പിന്റെയും ശക്തി എന്നിവ കണ്ടെത്തുന്നതിന് രൂപകല്പന ചെയ്തതാണ്.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ സായുധ സേന ആക്രമിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിക്കാനുള്ള സന്ദര്‍ഭമാക്കിയിരിക്കുകയാണ് ബിജെപി സഖ്യകക്ഷികൾ. ജെഡി (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എക്സിലെ ഒരു പോസ്റ്റിൽ സായുധ സേനയുടെ ധൈര്യത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് പറഞ്ഞതിനൊപ്പം, “ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നമുക്കെല്ലാവർക്കും അചഞ്ചലമായ വിശ്വാസവും അഭിമാനവുമുണ്ട്” എന്ന് പുകഴ്ത്തുന്നു. ടിഡിപിയും ജനസേനയും ഓപ്പറേഷൻ സിന്ദൂറിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ഒപ്പം പ്രധാനമന്ത്രി മോഡിയുടെ നിർണായക നടപടിയാണെന്ന് പ്രശംസിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു “പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിൽ ലോകം നമ്മുടെ ശക്തിക്കും ദൃഢനിശ്ചയത്തിനും സാക്ഷ്യം വഹിച്ചു” എന്നാണ് പോസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ വിജയിപ്പിച്ചതിനും പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരർക്ക് ഉചിതമായ മറുപടി നൽകിയതിനും പ്രധാനമന്ത്രി മോഡിയെയും സായുധ സേനയെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും അഭിനന്ദിച്ചു.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.