
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ മറവിൽ വി മുരളീധരൻ‑കെ സുരേന്ദ്രൻ വിഭാഗത്തിനെതിരെ തിരിച്ചടിച്ച് എതിർപക്ഷം. സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കെ സുരേന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം.
തൃശൂരിൽ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നേതൃയോഗത്തിൽ നിന്നാണ് മുൻ പ്രസിഡന്റുമാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയത്. പി കെ കൃഷ്ണദാസ് വിഭാഗത്തിന്റെ ഇടപെടലാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് ആരോപണം. അധ്യക്ഷന്റെ മൗനസമ്മതത്തോടെ പി കെ കൃഷ്ണദാസ് വിഭാഗമാണ് പാർട്ടിയിലെ കാര്യങ്ങൾ ഇപ്പോൾ നിയന്ത്രിക്കുന്നത്. സ്വന്തമായി കാര്യങ്ങൾ ചെയ്ത് പരിചയമില്ലാത്ത അധ്യക്ഷന്റെ പരിചയക്കുറവിനെ ഇവർ മുതലെടുക്കുകയാണ്. ഇടയ്ക്കിടെ നടത്തുന്ന ഓൺലൈൻ മീറ്റിങ്ങുകളിൽ പോലും കെ സുരേന്ദ്രനെ വിളിക്കാറില്ലെന്നും ഇവർ പരാതിപ്പെടുന്നു.
ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലല്ല തന്റെ സ്വകാര്യ സ്ഥാപനമെന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖര്‍ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വി മുരളീധരൻ‑കെ സുരേന്ദ്രൻ വിഭാഗം. നേരത്തെ കെ സുരേന്ദ്രന്റെ ഏകാധിപത്യ നീക്കങ്ങൾക്കെതിരെ പലവട്ടം എതിർവിഭാഗം ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും വി മുരളീധരന്റെ സ്വാധീനത്താൽ അതെല്ലാം തകരുകയായിരുന്നു. പുതിയ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ തണലിൽ നിൽക്കുന്നതിനാൽ കെ സുരേന്ദ്രൻ വിഭാഗം എന്ത് നീക്കം നടത്തിയാലും വിജയിക്കില്ലെന്ന് പി കെ കൃഷ്ണദാസ് വിഭാഗത്തിന് കൃത്യമായി അറിയാം.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന അവകാശവാദവുമായാണ് രാജീവ് ചന്ദ്രശേഖർ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗം ചേർന്നത്. തുടർന്ന് അവയിലബിൾ കോർ കമ്മിറ്റി യോഗവും നടന്നു. പി കെ കൃഷ്ണദാസിനെ പങ്കെടുപ്പിച്ചിട്ടും കെ സുരേന്ദ്രനും വി മുരളീധരനും എങ്ങനെയാണ് മാറ്റി നിർത്തപ്പെട്ടതെന്നാണ് ചോദ്യം ഉയരുന്നത്. എൻഡിഎയുടെ പേരിൽ കൃഷ്ണദാസ് പങ്കെടുത്തുവെന്ന് വിശദീകരണം ഉണ്ടാവുമ്പോഴും കുമ്മനം രാജശേഖരൻ എങ്ങിനെ യോഗത്തിൽ പങ്കെടുത്തുവെന്നതിന് വ്യക്തമായ ഉത്തരമില്ല. സി കെ പത്മനാഭനെയും യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ പങ്കെടുപ്പിച്ച് എറണാകുളത്ത് വാർത്താസമ്മേളനം നടത്തിക്കാൻ ഔദ്യോഗിക വിഭാഗം പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും അതും നടന്നില്ല.
ജില്ലാ പ്രസിഡന്റുമാരുടെ യോഗം മാത്രമാണ് തൃശൂരിൽ നടന്നതെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ നേരത്തെ ബിജെപി കേരളം എന്ന ഔദ്യോഗിക ഫേസ് ബുക്കിൽ പേജിൽ മുൻ സംസ്ഥാന അധ്യക്ഷൻമാർ പങ്കെടുക്കും എന്ന് കൃത്യമായി അറിയിച്ചിട്ടുണ്ടായിരുന്നു. അതേസമയം യോഗവിവരം കെ സുരേന്ദ്രനെയോ വി മുരളീധരനെയോ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഇവരെ പിന്തുണയ്ക്കുന്ന നേതാക്കൾ വ്യക്തമാക്കുന്നു.
രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്നില്ലെങ്കിലും പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിനൊപ്പം നിന്ന് സുരേന്ദ്രനെ തിരിച്ചടിക്കാനുള്ള നീക്കമാണ് പി കെ കൃഷ്ണദാസ് വിഭാഗം നടത്തിവരുന്നത്. പരസ്പരം ഏറ്റുമുട്ടുന്ന വിഭാഗങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ അത് തനിക്ക് തന്നെ തിരിച്ചടിയാവുമെന്ന് രാജീവ് ചന്ദ്രശേഖറും മനസിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് വഴക്കിൽ ഒരു വിഭാഗത്തിനൊപ്പം നിൽക്കുകയെന്ന തന്ത്രമാണ് ഇദ്ദേഹം പയറ്റുന്നത്. ഇതോടെ ഏറെക്കാലം ഏകാധിപത്യ സ്വഭാവത്തോടെ പാർട്ടിയെ നിയന്ത്രിച്ച കെ സുരേന്ദ്രന്റെ സ്ഥിതി കൂടുതൽ ദയനീയതയിലേക്ക് നീങ്ങുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.