ദേശീയ തലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യുടെ കീഴിൽ ഉത്തർപ്രദേശിലെ ഐക്യനീക്കങ്ങൾ ശക്തമായി. ഇതിന്റെ ഭാഗമായി ഭീം ആർമിയുമായി സഖ്യമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ സമാജ്‌വാദി പാര്‍ട്ടി (എസ്‌പി) ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തെക്കുറിച്ച് ചർച്ചകൾ നടന്നുവെന്നാണ് സൂചനകൾ. ആസാദ് സമാജ് പാർട്ടി സ്ഥാപകനും ഭീം ആർമി മേധാവിയുമായ ചന്ദ്രശേഖർ ആസാദുമായി സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് സംസാരിക്കും. ദളിത് ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഭീം ആർമിയുമായുള്ള സഖ്യം സാധ്യമായാൽ അത്, സഹാറൻപൂരിലെ വിവിധ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. മുസാഫർനഗർ, ബിജ്നോർ തുടങ്ങിയ സമീപ പ്രദേശങ്ങളിലും ഇതിന്റെ ഗുണം ഉണ്ടാക്കുവാൻ ബിജെപി വിരുദ്ധ ചേരിക്ക് സാധിക്കും. ആസാദിന്റെ സമാജ് പാർട്ടിക്കും ഭീം ആർമിക്കുമായി രണ്ട് സീറ്റ് നൽകുമെന്നാണ് സൂചന. ചന്ദ്രശേഖർ ആസാദ് ബിജ്നോറിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും.
സമാജ്‌വാദി പാർട്ടി (എസ്‌പി)യും സഖ്യകക്ഷികളായ രാഷ്ട്രീയ ലോക്ദളും (ആർഎൽഡി) അപ്നാദൾ (കെ) യും കോൺഗ്രസുമായി കൈകോർക്കാനുള്ള സാധ്യതകൾ ആരായുന്നതിന്റെ സൂചനകളും ബംഗളൂരുവിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം നൽകുന്നുണ്ട്. സോണിയ — സഞ്ജയ് സിങ് കൂടിക്കാഴ്ച പുതിയ ചങ്ങാത്ത സൂചന പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം സത്യഗ്രഹം നടത്തിയ എഎപി എംപി സഞ്ജയ് സിങ്ങുമായുള്ള കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് കാരണമായി. രാജ്യസഭയുടെ നടപ്പുസമ്മേളനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് സിങ് സത്യഗ്രഹം നടത്തുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പാർലമെന്റിൽ സംസാരിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെതിരെ പ്രതിപക്ഷവും ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് സോണിയ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതും പിന്തുണ വാഗ്ദാനം ചെയ്തതും. സഞ്ജയ് സിങ്ങിനെ തിരിച്ചെടുക്കണമെന്ന ആവശ്യം പ്രതിപക്ഷ അംഗങ്ങളും ഉന്നയിക്കുന്നു. ഇതിനിടയിലെ സോണിയ — സഞ്ജയ് സിങ് കൂടിക്കാഴ്ച കോൺഗ്രസ് — എഎപി ബന്ധം ദൃഢമാകുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ.
കോൺഗ്രസും ബിആർഎസും ഒരേ മേശയ്ക്ക് ചുറ്റും ലോക്‌സഭയിൽ പ്രതിപക്ഷം നൽകിയിരിക്കുന്ന അവിശ്വാസ പ്രമേയം തെലങ്കാന നിയമസഭയിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസിനെയും ഭാരത് രാഷ്ട്ര സമിതിയെയും ഒരേ മേശയ്ക്കു ചുറ്റുമിരുത്തുന്നു. ഇടതുപാർട്ടികളും കോൺഗ്രസ് ഉൾപ്പെടെ മറ്റ് രാഷ്ട്രീയ പാർട്ടികളുമാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുന്നതിന് തീരുമാനിച്ചത്. ഇതോടൊപ്പം ബിആർഎസിലെ എൻ നാഗേശ്വർ റാവു ഇതേ വിഷയത്തിൽ മറ്റൊരു നോട്ടീസും നൽകുകയായിരുന്നു. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് നിലവിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായിട്ടില്ല. എങ്കിലും മണിപ്പൂർ വിഷയത്തിൽ ‘ഇന്ത്യ’യുടെ നിലപാടിനൊപ്പം ചേർന്നിരിക്കുകയാണ് അവർ. ഒമ്പത് എംപിമാരാണ് ബിആർഎസിനുള്ളത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യ സാധ്യതയില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത് തള്ളിക്കളയാനാകില്ലെന്നാണ് ഈ നിലപാടിലൂടെ വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.