
യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡിന് ഇന്ന് അഗ്നിപരീക്ഷണം. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പ്ലേ-ഓഫിന്റെ ആദ്യ പാദത്തിൽ പോർച്ചുഗീസ് കരുത്തരായ ബെൻഫിക്കയാണ് റയലിന്റെ എതിരാളികൾ. ബെൻഫിക്കയുടെ തട്ടകമായ എസ്റ്റാഡിയോ ഡാ ലൂസിൽ ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. ജനുവരിയിൽ നടന്ന ലീഗ് ഘട്ട മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റയലിനെ ബെൻഫിക്ക തകർത്തിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ബെൻഫിക്ക ഗോൾ കീപ്പർ അനാറ്റോലി ട്രൂബിൻ നേടിയ ഹെഡർ ഗോൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഈ തോൽവിയോടെയാണ് റയലിന് നേരിട്ട് പ്രീ-ക്വാർട്ടറിൽ കടക്കാനുള്ള അവസരം നഷ്ടമായതും പ്ലേ-ഓഫ് കളിക്കേണ്ടി വന്നതും. മുൻ റയൽ പരിശീലകൻ കൂടിയായ ജോസ് മൗറീഞ്ഞോയുടെ തന്ത്രങ്ങൾ മാഡ്രിഡ് പടയ്ക്ക് ഇത്തവണയും വലിയ ഭീഷണി ഉയര്‍ത്തുന്നു.
പരിശീലകൻ അൽവാരോ അർബെലോവയ്ക്ക് കീഴിൽ മികച്ച ഫോമിലാണ് റയലെങ്കിലും പരിക്കേറ്റ പ്രമുഖ താരങ്ങളുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്. സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം പരിക്കിനെത്തുടർന്ന് ഒരു മാസത്തോളം പുറത്തായതിനാൽ രണ്ട് പാദങ്ങളിലും കളിക്കില്ലെന്ന് ഉറപ്പായി. കൂടാതെ റോഡ്രിഗോയും റൗൾ അസൻസിയോയും സസ്പെൻഷൻ കാരണം ടീമിലില്ല. എന്നാൽ പരിക്ക് മാറി തിരിച്ചെത്തിയ കിലിയൻ എംബാപ്പെ മുന്നേറ്റ നിരയിൽ എത്തുമെന്നത് ആരാധകർക്ക് ആശ്വാസമാണ്. ഈ സീസണിൽ ഏഴ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ എംബാപ്പെ ഇതിനോടകം നേടിയിട്ടുണ്ട്.
യൂറോപ്യൻ പോരാട്ടങ്ങളിൽ ഇതുവരെ നടന്ന നാല് മത്സരങ്ങളിൽ മൂന്നിലും ബെൻഫിക്കയാണ് വിജയിച്ചതെന്ന പ്രത്യേകതയുണ്ട്. അവസാനമായി കളിച്ച എട്ട് ലാലിഗ മത്സരങ്ങളിലും റയൽ വിജയിച്ചിരുന്നു. മറുവശത്ത് മൗഞ്ഞോയുടെ കീഴിൽ ബെൻഫിക്കയും തകർപ്പൻ ഫോമിലാണ്. രണ്ട് ടീമുകളും വിങ്ങർമാരെ ഉപയോഗിച്ച് നേരിട്ട് ബോക്സിലേക്ക് ആക്രമണം നടത്തുന്ന ശൈലിയാണ് പിന്തുടരുന്നത്. കഴിഞ്ഞ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് റയൽ മാഡ്രിഡ് ലിസ്ബണിൽ ആധിപത്യം സ്ഥാപിക്കുമോ അതോ മൗറീഞ്ഞോയുടെ ബെൻഫിക്ക വീണ്ടും റയലിനെ ഞെട്ടിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുക.
മറ്റ് പ്ലേ ഓഫ് മത്സരങ്ങളില്‍ ഇന്ന് ഇറ്റാലിയന്‍ ക്ലബായ യുവന്റ്സിന് തുര്‍ക്കി ക്ലബ് ഗലാറ്റസരായ് ആണ് എതിരാളികള്‍. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി തങ്ങളുടെ പരമ്പരാഗത എതിരാളികളിലൊന്നായ മൊണാക്കോയുമായി ഏറ്റുമുട്ടും. ഡോര്‍ട്ട്മുണ്ട് അറ്റലാന്റയെയും ന്യൂകാസില്‍ ക്വരബാഗിനെയും ഒളിമ്പിയാക്കോസ് ലെവര്‍കുസനെയും നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.