
ഇറാനിലേക്കുള്ള അവയവക്കച്ചവടത്തിനായി നടത്തിയ മനുഷ്യക്കടത്തിൽ കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾക്ക് സഹായം ലഭിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) വിവരം ലഭിച്ചു. ഈ ആശുപത്രികളുടെ സഹായം ലഭിച്ചതായി കേസിലെ മുഖ്യപ്രതിയായ മധു ജയകുമാർ മൊഴി നൽകിയെന്നാണ് സൂചന. സ്വകാര്യ ആശുപത്രികൾ അവയവക്കടത്ത് സംഘവുമായി ആശയവിനിമയം നടത്തിയതായും, ഡോണർമാരെ ലഭിച്ചാൽ, രോഗികളോട് വിദേശത്തുപോയി അവയവമാറ്റം നടത്താൻ ആശുപത്രികൾ നിർദ്ദേശം നൽകിയിരുന്നതായും എൻഐഎ അറിയിച്ചു. നൂറുകണക്കിന് ആളുകളെയാണ് ഇന്ത്യയിലെ റാക്കറ്റ് ഇറാനിലേക്ക് കടത്തിയത്. ഇവർക്ക് 50 ലക്ഷം വരെ വാഗ്ദാനം ചെയ്തിരുന്നു. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യൻ റാക്കറ്റിലേക്കും എൻഐഎ അന്വേഷണം വ്യാപിപ്പിച്ചു.
മുഖ്യപ്രതിയായ മധു ജയകുമാറിനെ ഈ മാസം 7നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പാലക്കാട് സ്വദേശിയായ ഷമീർ നിലവിൽ കേസിൽ സാക്ഷിയാണ്. ഓരോ ഡോണറിനെയും റിക്രൂട്ട് ചെയ്യുമ്പോൾ കമ്മീഷനായി 1.5 ലക്ഷം രൂപ വീതം ഷമീറിന് ലഭിച്ചതായി വിവരം ലഭിച്ചു. ഇയാൾ കുറ്റകൃത്യത്തിൽ ഇടപെട്ടതിൻ്റെ ഡിജിറ്റൽ തെളിവുകളും ബാങ്ക് ട്രാൻസാക്ഷൻസും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡോണർമാരിൽ അധികവും ജമ്മു കാശ്മീർ, ഡൽഹി, തമിഴ്നാട് സ്വദേശികളാണ്. ആദ്യം ശ്രീലങ്ക കേന്ദ്രീകരിച്ചാണ് മധു അവയവക്കടത്ത് നടത്തിയിരുന്നത്. അവ ജേക്കബ് എന്ന വ്യവസായിയുടെ സാമ്പത്തിക ഇടപാടുകളുടെ മറവിലാണ് പണം കൈപ്പറ്റിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും എൻഐഎ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.