22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 1, 2024
November 22, 2024
November 18, 2024
November 18, 2024
October 9, 2024
October 7, 2024
September 27, 2024
September 15, 2024
September 13, 2024

അവയവക്കച്ചവടം: അപ്പോളോ ആശുപത്രിക്കെതിരെ അന്വേഷണം

Janayugom Webdesk
ന്യൂഡല്‍ഹി
December 6, 2023 8:27 am

അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോക്കെതിരെ അന്വേഷണം. ടെലിഗ്രാഫ് (യുകെ) പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മ്യാൻമറിലെ ദരിദ്രരായ ഗ്രാമവാസികളുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത്, ധനികരായ രോഗികള്‍ക്കായി വൃക്കകള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാൻമറിൽ നിന്നുള്ള ഗ്രാമീണരെ ഡൽഹിയിലേക്ക് എത്തിച്ച് പണം നല്‍കിയാണ് അവയവങ്ങള്‍ എടുക്കുന്നത്.

അവയവ വ്യാപാരത്തിനെതിരായ ഇന്ത്യൻ, അന്തർദേശീയ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇത് നടക്കുന്നത്. പണത്തിന്റെ അടിസ്ഥാനത്തിലുള്ള അവയവ കൈമാറ്റം ആഗോളതലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്.

അതേസമയം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും അപ്പോളോ ഹോസ്‍പിറ്റല്‍സ് വാദിക്കുന്നു. സർക്കാർ മാർഗനിർദേശങ്ങൾ ഉൾപ്പെടെ അവയവ മാറ്റത്തിന്റെ എല്ലാ നിയമ- ധാർമ്മിക വശങ്ങള്‍ പാലിക്കുന്നുവെന്ന് ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപറേഷൻ ലിമിറ്റഡ് (ഐ‌എം‌സി‌എൽ) പറഞ്ഞു. അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ഭാഗമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് ഇത്.

വിദേശത്തു നിന്നുള്ള ഓരോ അവയവ ദാതാവും അവയവമാറ്റം നടത്തുന്നതിന് മുമ്പ്, ദാതാവും സ്വീകർത്താവും യഥാർത്ഥ ബന്ധമുള്ളവരാണെന്ന സര്‍ട്ടിഫിക്കേഷന്‍ സര്‍ക്കാരുകളിൽ നിന്ന് നേടേണ്ടതുണ്ടെന്നും ഐ‌എം‌സി‌എല്ലിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ നിയമപരമായ തടസങ്ങള്‍ മറികടക്കാന്‍ വ്യാജ തിരിച്ചറിയൽ രേഖകളും കുടുംബ ഫോട്ടോകളും സൃഷ്ടിച്ച് അവയവദാതാക്കളെ രോഗികളുടെ ബന്ധുക്കളായി അവതരിപ്പിക്കുകയാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടിലുണ്ട്.

യുകെയില്‍ ഉള്‍പ്പടെയുള്ള സമ്പന്ന രോഗികള്‍ക്കായാണ് തട്ടിപ്പ് നടക്കുന്നതെന്നും ഇരു രാഷ്ട്രങ്ങളിലും ഇതിന് വേരുകളുണ്ടെന്നും ടെലിഗ്രാഫ് പറയുന്നു. ഇന്ത്യയുടെ ട്രാൻസ്‌പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് അനുസരിച്ച്, പങ്കാളികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, കൊച്ചുമക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യാൻ അനുവാദമുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലല്ലാതെ അപരിചിതർക്ക് അവയവങ്ങൾ ദാനം ചെയ്യാൻ അനുവാദമില്ല.

Eng­lish Sum­ma­ry: Organ Traf­fick­ing: Probe against Apol­lo Hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.