
രാജ്യത്ത് അവയവം മാറ്റിവെക്കൽ പ്രക്രിയയ്ക്ക് സുതാര്യവും കാര്യക്ഷമവുമായ സംവിധാനം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങളുമായി ആലോചിച്ച് ഏകീകൃത നിയമം രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. നിലവിലെ നിയമത്തിലെ അപാകതകളും സംസ്ഥാനങ്ങൾക്കിടയിലെ നടപ്പാക്കലിലെ വൈരുദ്ധ്യങ്ങളും പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻ്റേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. 1994 ലെ ‘മനുഷ്യാവയവ മാറ്റിവെക്കൽ നിയമം’ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ടെങ്കിലും, 2011 ലെ സുപ്രധാന ഭേദഗതികളും അനുബന്ധ ചട്ടങ്ങളും പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇതുവരെ പൂർണമായി നടപ്പിലാക്കിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കർണാടക, തമിഴ്‌നാട്, മണിപ്പൂർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇപ്പോഴും പുതുക്കിയ നിയമങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്, നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കാത്ത എല്ലാ സംസ്ഥാനങ്ങളും എത്രയും വേഗം അത് അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് ബെഞ്ച് കർശനമായി നിർദേശിച്ചു.
അവയവ മാറ്റിവെക്കൽ രംഗത്തെ ദേശീയ ട്രാൻസ്പ്ലാൻ്റേഷൻ ചട്ടക്കൂടിന്റെ നിർണായക ഘടകമായ സംസ്ഥാന അവയവ, ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനുകൾ (സോട്ടോ)ഇല്ലാത്തതിലും കോടതി ആശങ്ക രേഖപ്പെടുത്തി. നിലവിൽ, മണിപ്പൂർ, നാഗാലാൻഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളിൽ സോട്ടോകൾ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഈ പ്രദേശങ്ങളിൽ എത്രയും വേഗത്തിൽ സോട്ടോകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. സോട്ടോകൾ പ്രാദേശിക തലത്തിൽ അവയവ വിതരണവും ഏകോപനവും സുതാര്യമാക്കാൻ അത്യാവശ്യമാണ്. അവയവ ദാതാക്കളെ ലഭ്യമാണെങ്കിൽ പോലും, നിലവിലുള്ള ജാതി, ലിംഗ വ്യത്യാസങ്ങൾക്കിടയിലുള്ള അസമത്വങ്ങൾ കാരണം പലപ്പോഴും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി ബെഞ്ച് നിരീക്ഷിച്ചു. ഇത് ഗുരുതരമായ ഒരു സാമൂഹിക പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.