23 January 2026, Friday

നിര്‍മ്മിത ബുദ്ധി നല്‍കുന്ന ദിശാബോധം

വി പി രാധാകൃഷ്ണൻ
February 7, 2025 4:35 am

സാങ്കേതികവിദ്യയുടെ ഉപയോഗവും നിരീക്ഷണ-പരീക്ഷണങ്ങളും അതിലൂടെ അതിന്റെ നൂതന പതിപ്പുകളും അനുദിനം വർധിത തോതിൽ ലോകമാകെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പരിണിതഫലമായാണ് റോബോട്ടുകൾക്കുശേഷം നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്) കടന്നുവന്നത്. അതിന്റെ ഉപയോഗത്തെക്കുറിച്ച് ലോകം പഠിച്ചുതുടങ്ങുമ്പോഴേക്കുതന്നെ വിവാദങ്ങളും ഉപയോഗ ‑ദുരുപയോഗ സാധ്യതകളും നിർണയിക്കപ്പെട്ടുതുടങ്ങി. റോബോട്ടും നിർമ്മിത ബുദ്ധിയും സന്നിവേശിപ്പിക്കപ്പെട്ടാൽ വരുംകാലങ്ങളിൽ മാനവശേഷിയുടെ ആവശ്യകത തന്നെ അപകടത്തിലാകാം എന്ന സാധ്യതയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മാത്രമല്ല തൊഴിൽ സാധ്യതകളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഒന്നായി നിർമ്മിത ബുദ്ധി ഭാവിയിൽ മാറിയാൽ അതിശയിക്കേണ്ടതില്ല.
സമസ്തമേഖലയിലെയും നിലവിലുള്ള തൊഴിലിനെയും തൊഴിൽസാധ്യതകളെയും ഇത് സാരമായി ബാധിക്കും. വിദ്യാഭ്യാസം, നീതിന്യായം, വൈദ്യശാസ്ത്രം, കൃഷി, കച്ചവടം, സിനിമ, അച്ചടി — ദൃശ്യ മാധ്യമ രംഗം, സേവനമേഖല തുടങ്ങി മനുഷ്യന് ആവശ്യമായ എല്ലാ തലങ്ങളിലും നിർമ്മിത ബുദ്ധിയുടെ അധിനിവേശം നിയന്ത്രണവിധേയമാക്കിയില്ലായെങ്കിൽ ഉണ്ടാകാവുന്നത് വലിയ അപകടമായേക്കാം. ആരോഗ്യരംഗത്ത് ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും ആവശ്യകത ഗണ്യമായി കുറയാൻ ഇത് കാരണമാകും. ആരോഗ്യപരിശോധനാ കേന്ദ്രങ്ങൾ പ്രത്യേകിച്ച് ലാബുകളുടെ ഉപയോഗം അടിമുടി മാറും. ഒരു തുള്ളി രക്തം കൊണ്ട് മാത്രം ഒരു മനുഷ്യശരീരത്തിൽ ആരോഗ്യനിർണയം നടത്താൻ കഴിയുന്ന കാലം അതിവിദൂരമല്ല. ഒരു കാപ്സ്യൂൾ വിഴുങ്ങിയാൽ മനുഷ്യശരീരത്തിന്റെ ഉള്ളിലെ രോഗനിർണയം നടത്താൻ കഴിയുന്ന സ്കാനിങ് സമ്പ്രദായവും സമീപഭാവിയിൽ തന്നെ വന്നുകൂടെന്നില്ല. 

തീർച്ചയായും ഇത്തരം വികാസങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കണ്ടുപിടിത്തങ്ങളും അവയുടെ ഗുണദോഷ ഫലങ്ങളും വരുംകാലങ്ങളിൽ മാനവരാശി അനുഭവിക്കാൻ നിർബന്ധിതമാകും. അതുപോലെതന്നെ പാഠശാലകളില്‍ വിദ്യ അഭ്യസിക്കുന്ന രീതിയിലും സമൂലമായ മാറ്റം ഉണ്ടാകും. അത് തുടങ്ങിക്കഴിഞ്ഞു എന്നുവേണം കരുതാൻ. വിദ്യാർത്ഥികൾ വായിച്ചും സംവദിച്ചും തുടരുന്ന പഠനരീതിയിൽ അധ്യാപകരുടെ എണ്ണം തുലോം പരിമിതപ്പെടും. മാത്രമല്ല അധ്യാപനരംഗവുമായി സമന്വയിച്ചുണ്ടാകുന്ന തൊഴിൽ രംഗങ്ങളിലും നിർമ്മിത ബുദ്ധിയുടെ അധിനിവേശം ആവശ്യകതയിൽ കുറവുണ്ടാക്കും. നിയമസഹായ വേദികളിൽ, കോടതി വ്യവഹാരങ്ങളിൽ, അഭിഭാഷകവൃത്തികളിൽ, എന്തിനേറെ ജഡ്ജിമാരുടെ വിധി പ്രഖ്യാപനങ്ങളിൽ പോലും ഈ പ്രതിഭാസം കടന്നുവരാം.
ഇപ്പോൾത്തന്നെ നമ്മുടെയിടയിൽ വ്യാപകമായി ‘ചാറ്റ് ജിപിടി’ ആശ്രയിക്കപ്പെടുന്നു. തിരക്കേറിയ ജീവിതത്തിനിടയിൽ ഇത് ഏറെ സഹായകരമായി തോന്നാമെങ്കിലും ഒരു മനുഷ്യന്റെ സ്വയംനിർമ്മിത ചിന്തകളെയും തുടർന്ന് വികാസം പ്രാപിക്കേണ്ട കഴിവുകളെയും മരവിപ്പിക്കുന്നതും തമസ്കരിക്കുന്നതും കാണാതെ പോകരുത്. വിവരസാങ്കേതിക രംഗത്ത് ‘ഡാറ്റാ വേര്‍ഹൗസിങ്’ സമഗ്ര മേഖലകളിലും അനിവാര്യമായി മാറിയപ്പോൾ ആരും തന്നെ അതിന്റെ വളർച്ച ഇത്തരം ഒരു പ്രതലത്തിലേക്ക് വ്യാപരിക്കും എന്ന് കണ്ടിട്ടുണ്ടാകില്ല. ചിന്താവിഷയമായി മാറിയിരിക്കുന്ന ചാറ്റ് ജിപിടിയും ഡീപ്‌സീക്കും അടിസ്ഥാന വിവര സംഭരണശാലകൾ (ഡാറ്റാ വേര്‍ഹൗസിങ്) നിർമ്മിച്ചുകൊണ്ടാണ് നിർമ്മിത ബുദ്ധി വിപണിയുടെ മേഖലയിൽ എത്തിനിൽക്കുന്നത്. ഇത്തരം ബൃഹത്തായ വിവര സംഭരണശാലകൾ നിർമ്മിക്കണമെങ്കിൽ മുന്തിയ മുതൽമുടക്ക് കൂടിയേ തീരൂ. 100 ദശലക്ഷം അമേരിക്കൻ ഡോളർ മുടക്കി ഓപ്പൺ എഐ നിർമ്മിത ബുദ്ധി രൂപപ്പെടുത്തിയപ്പോൾ, ചൈനയുടെ ഹൈ ഫ്ലയർ എന്ന കമ്പനി ഡീപ്‌സീക് എന്ന മറ്റൊരു നിർമ്മിതബുദ്ധിക്ക് രൂപം നൽകി. ഓപ്പൺ എഐ നൂറ് ദശലക്ഷം മുടക്കിയപ്പോൾ ഡീപ്‌സീക്കിനായി ചൈനയ്ക്ക് ചെലവായത് വെറും ആറ് ദശലക്ഷം മാത്രം എന്നാണറിയുന്നത്.

ഇപ്പോൾ ഈ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാണെങ്കിലും ലോകമെമ്പാടുമുള്ള അതിന്റെ ഉപഭോഗ തോതിന്റെ വളർച്ച നോക്കി തുക ഈടാക്കുന്ന സമ്പ്രദായത്തിലേക്ക് കടക്കില്ലെന്നു പറയാനാകില്ല. കാരണം നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലെ പ്രോസസിങ് യൂണിറ്റുകൾ പോലുള്ള 20 യൂണിറ്റുകൾ ചേരുന്നതാണ് ഒരു ജിപിയു (ഗ്രാഫിക് പ്രോസസിങ് യൂണിറ്റ്). അത്തരത്തിൽ പതിനായിരക്കണക്കിന് ജിപിയുകൾ സംഭരിച്ചാൽ മാത്രമേ ഒരു നിർമ്മിത ബുദ്ധികേന്ദ്രമായ അടിസ്ഥാനവിവര സംഭരണശാല നിർമ്മിച്ചെടുക്കാൻ സാധ്യമാകൂ. ഇതാണ് ഇന്ന് നമ്മുടെ കരങ്ങളിൽ എത്തിച്ചേർന്നിരിക്കുന്ന ചാറ്റ് ജിപിടിയും ഡീപ്‌സീക്കും. അതുമാത്രമല്ല ഉപയോഗം തുടങ്ങിക്കഴിഞ്ഞാൽ ഒട്ടും താമസം കൂടാതെ തന്നെ ഇതിന്റെ ആധുനികവും കൂടുതൽ വികസിതവുമായ പതിപ്പുകൾ ഇറങ്ങാനുള്ള സാധ്യതയെയും തള്ളാനാകില്ല. അത്തരം സാങ്കേതിക വികാസങ്ങൾ മനുഷ്യന് ഗുണത്തെക്കാൾ ദോഷമുണ്ടാക്കുമോ എന്നും കാണാൻ നമുക്ക് കഴിയണം. ശാസ്ത്ര പഠനങ്ങളും ഗവേഷണങ്ങളും മനുഷ്യന്റെ മരണത്തെപ്പോലും ഇല്ലാതാക്കാൻ കഴിയുന്ന ഒരു അവസ്ഥ സംജാതമാക്കുമായിരുന്ന മൂലകോശ ഗവേഷണം നിയന്ത്രണവിധേയമാക്കിയതിലൂടെ മാത്രമാണ് മനുഷ്യന് മരണം ഇല്ലാതാകുന്ന ഭീകരാവസ്ഥയെ അതിജീവിക്കാൻ ശാസ്ത്രലോകത്തിനു സാധ്യമായത്. 

ലിഖിതവും അലിഖിതവുമായ നിയമങ്ങളും സംജ്ഞകളും മൂലം ഗവേഷണങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയതുകൊണ്ട് തന്നെയാകണം മൂലകോശ ഗവേഷണങ്ങളിൽ പരിമിതികൾ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നത്. ഇത് സമൂഹനിലനില്പിന്റെ അനിവാര്യതയായിരുന്നുവെങ്കിലും പല മാരക രോഗങ്ങളെയും വൈകല്യങ്ങളെയും പ്രതിരോധിക്കുന്നതിൽ ഈ പഠനങ്ങൾ ഏറെ സഹായകരമായിരുന്നുവെന്നും പറയാതെ വയ്യ. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ നിർമ്മിത ബുദ്ധി പരിമിതമായും പരിധി നിർണയിച്ചും മാത്രം ശക്തമായ നിയമ നിർമ്മാണങ്ങളിലൂടെ പ്രതിരോധിച്ചുകൊണ്ട് നിയന്ത്രണ വിധേയമായി ഉപയോഗപ്രദമാക്കുകയാണ് ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യ പോലെ മനുഷ്യസമ്പത്ത് ധാരാളമുള്ള രാഷ്ട്രങ്ങൾ ചെയ്യേണ്ടത്. പ്രത്യക്ഷത്തിൽത്തന്നെ രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കാൻ കാരണമാകാവുന്ന നിർമ്മിത ബുദ്ധിയുടെ ഉപയോഗം മാനവരാശിയെ മാരകമായി നിർജീവമാക്കുന്ന ഒരു അർബുദമായി നാളെ പരിണമിച്ചുകൂടായ്കയില്ല. മനുഷ്യന് ഉപകാരപ്രദമാകുന്ന ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും മാത്രം, അനുവദനീയമായ തോതിൽ നിയന്ത്രിച്ചുകൊണ്ടുള്ള സാങ്കേതിക പുരോഗതിയായിരിക്കും അഭികാമ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.