പൊതുകളിസ്ഥലമില്ലാത്ത പഞ്ചായത്താണ് നൂൽപ്പുഴ. അതിനാൽ വനതിർത്തിയിൽ അനാഥമായി കിടക്കുന്ന സർക്കാർ ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം ശക്തം. നൂൽപ്പുഴ കല്ലൂർ അറുപത്തിയേഴിൽ സംയോജിത ചെക്ക്‌പോസ്റ്റിനായി കണ്ടെത്തിയ അഞ്ചര ഏക്കർ സ്ഥലമാണ് പതിറ്റാണ്ടായി വെറുതെ കിടക്കുന്നത്. മനോഹരമായ പൊതുകളിമൈതാനമാക്കാവുന്ന സ്ഥലമാണിത്. കല്ലൂർ അറുപത്തിയേഴിൽ വനാതിർത്തിയോട് ചേർന്ന് പച്ചപുല്ല് നിറഞ്ഞ് കിടക്കുന്ന മനോഹരമായ മൈതാനമായ ഇവിടെയാണ് സമീപത്തെ കുട്ടികളും യുവാക്കളുമെല്ലാം കായികവിനോദത്തിൽ ഏർപ്പെടുന്നത്. ക്രിക്കറ്റും ഫുട്‌ബോളും വോളിബോളുമെല്ലാം കളിക്കാനുള്ള സൗകര്യമുണ്ടിവിടെ. സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ സംയോജിത ചെക്ക് പോസ്റ്റ് നിർമ്മിക്കാനായാണ് സർക്കാർ ഇവിടെ സ്ഥലം വാങ്ങിയത്. സ്വകാര്യവ്യക്തിയിൽ നിന്ന് ദേശീയപാത 766ന് സമീപം റവന്യുവകുപ്പ് അഞ്ചര ഏക്കർ സ്ഥലമാണ് വാങ്ങിയത്.
ഇത് പിന്നീട് സെയിൽസ് ടാക്‌സ് വിഭാഗത്തിന് കൈമാറുകയായിരുന്നു. എന്നാൽ 2019ൽ ജി എസ് റ്റി വന്നതോടെ മുത്തങ്ങയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് എടുത്തുപോയി. നിലവിൽ എക്‌സൈസ്- ആർ ടി ഒ- മൃഗസംരക്ഷണ വകുപ്പിന്റെയും ചെക്ക് പോസ്റ്റുകളാണ് മുത്തങ്ങയിലും തകരപ്പാടിയിലുമായി പ്രവർത്തിക്കുന്നത്. പക്ഷേ സംയോജിത ചെക്ക് പോസ്റ്റ് എന്നത് ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. ഇതോടെ അന്നുമുതൽ ഭൂമി വെറുതെ കിടക്കുകയുമാണ്. തുടർന്നാണ് യുവാക്കളും കുട്ടികളുമടക്കം ഇവിടെ കളിസ്ഥലമായി ഉപയോഗിക്കാൻ തുടങ്ങിയത്.
സുൽത്താൻ ബത്തേരി ഗവ. കോളജ്, സബ് ജയിൽ എന്നിവയ്ക്കും ഈ സ്ഥലമുപയോഗിക്കാമെന്ന നിലയിൽ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഒന്നും ഇതുവരെ നടന്നില്ല. ജി എസ് റ്റി വിഭാഗത്തിന്റെ കൈവശമുള്ള ഭൂമി നൂൽപ്പുഴ പഞ്ചായത്തിന് വിട്ടുനൽകാൻ വകുപ്പ് തയ്യാറുമാണ്. അതിനായുള്ള പേപ്പർവർക്കുകൾ ഒരുതവണ നടന്നതായാണ് അറിയുന്നത്. അതിനാൽ യുവാക്കൾക്കും കുട്ടികൾക്കും കായികവിനോദത്തിൽ ഏർപ്പെടാൻ പഞ്ചായത്ത് ഭൂമി ഏറ്റെടുത്ത് പൊതു സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.