18 February 2026, Wednesday

ഓസ്കാർ ജേതാവായ വിഖ്യാത സംവിധായകൻ ഫ്രെഡറിക് വൈസ്മാൻ അന്തരിച്ചു

Janayugom Webdesk
ബോസ്റ്റൺ
February 18, 2026 8:26 am

ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാൻ (96) അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബവും സ്വന്തം നിർമ്മാണ കമ്പനിയായ സിപ്പോറ ഫിലിംസും സംയുക്ത പ്രസ്താവനയിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. അമേരിക്കൻ സാമൂഹിക വ്യവസ്ഥിതികളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ളതും ലളിതവുമായ ആവിഷ്കാരങ്ങളിലൂടെ ഡോക്യുമെന്ററി നിർമ്മാണത്തെ ഒരു കലാരൂപമാക്കി മാറ്റിയ പ്രതിഭയായിരുന്നു അദ്ദേഹം.

വിഖ്യാതമായ ‘ടിറ്റിക്കട്ട് ഫോളീസ്’ ഉൾപ്പെടെ മുപ്പത്തിയഞ്ചിലധികം ഡോക്യുമെന്ററികൾ വൈസ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. നരേഷനുകളോ പശ്ചാത്തല സംഗീതമോ ടൈറ്റിൽ കാർഡുകളോ ഉപയോഗിക്കാതെ, മനുഷ്യജീവിതത്തെയും സ്ഥാപനങ്ങളെയും നേരിട്ട് നിരീക്ഷിക്കുന്ന സവിശേഷമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. 1967ൽ പുറത്തിറങ്ങിയ ‘ടിറ്റിക്കട്ട് ഫോളീസ്’ വലിയ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2016ൽ അദ്ദേഹത്തിന് ഓണററി ഓസ്കാർ പുരസ്കാരം നൽകി ആദരിച്ചിരുന്നു. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച വൈസ്മാൻ, മുപ്പതുകളുടെ മധ്യത്തിലാണ് സിനിമയിലേക്ക് തിരിഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.