22 December 2024, Sunday
KSFE Galaxy Chits Banner 2

ഒറ്റനൂൽമഴ പെയ്യുമ്പോൾ

ചന്ദ്രൻ കണ്ണഞ്ചേരി
August 25, 2024 3:31 am

പഴമയേയും പുതുമയേയും ഇടംവലം ചേർക്കുന്ന രചനകൾ തുന്നിയ കാവ്യപുസ്തകമാണ് ജലജാപ്രസാദിന്റെ പൊട്ടിച്ചിതറിയ ഒറ്റനൂലുകൾ. ജീവിത പരിസരങ്ങളിൽ നിന്നും നിരീക്ഷിച്ചെടുത്ത പൊട്ടും പൊടിയും ഭാവനയുടെ മുറത്തിൽ ചേറിച്ചേറി പതിര് കളഞ്ഞതാണ് ഇതിലെ കവിതകൾ. സുദീർഘമായവയും എന്നാൽ മൂന്ന് വരിയിൽ ആശയം കുറുക്കിയവയും ഇതിലുണ്ട്.
ഈ പുസ്തകവീടിന് പടിപ്പുരയോ പൂമുഖമോ ഇല്ല. യാതൊരു പ്രകീർത്തനവും ഇല്ലാതെ നേരിട്ട് പുസ്തകത്തിൽ പ്രവേശിക്കാവുന്ന സ്വാതന്ത്ര്യവും അതിന്റെ സുഖവും പ്രത്യേകതയാണ്. മുൻവിധിയുടെ കൈ പിടിക്കാതെ കവിതപ്പടവുകൾ കേറാം. കന്നി വായനയുടെ ആസ്വാദനത്തിനും പേജ് നീക്കിവച്ചിട്ടില്ല. അതിനാൽ പൂമുഖവും അടുക്കളയും ഇല്ലാത്ത ഒരസാധാരണ വീടാണ് ഈ പുസ്തകം.
തുള്ളി തെറിച്ച് വീഴുന്ന മഴപോലുളള കവിതകൾ പല കാണ്ഡങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. ഒറ്റ വായനയിൽ, മിക്ക കവിതകളും, അനുവാചകരുടെ മുഖത്ത് കവിത വിരിയിക്കും. തത്വശാസ്ത്രപരതയുളള പല കുറുക്ക് രചനകളിലും ചിന്തയുടെ നെരിപ്പോട് ചിരിക്കുന്നു. ഓർക്കാപ്പുറത്ത് ഒരു സൂചിക്കുത്തോ, കല്ലേറോ, അതുമല്ലെങ്കിൽ ഒരടിയോ ചില കവിതകൾ അനുഭവിപ്പിക്കുന്നു. 

കാൽ പിടിക്കുന്നതുകൊണ്ടാണത്രേ ഒടിച്ചു മടക്കി കീശയിലിടുന്ന കുട നട്ടെല്ല് നിവർത്തി നിൽക്കുന്നത്. നർമ്മവും നിരീക്ഷണവും സമം ചേർത്ത ചെറു രചനയാണ് ‘കുട’. കേൾക്കാൻ ഇഷ്ടപ്പെടാത്ത / താല്പര്യപ്പെടാത്ത ചിലചില സംഗതികളാണ് ‘കേൾവി‘യുടെ ഉള്ളടക്കം. രഹസ്യമായി മാനം നഷ്ടപ്പെടുത്തുന്നവർ സ്ത്രീയെ പരസ്യമായി മാനം വിൽക്കുന്നവരാക്കുന്നു എന്ന നിരീക്ഷണത്തിന് തുരുമ്പിച്ച വായ്ത്തലയല്ല; തിളങ്ങുന്ന മൂർച്ചയാണ്. ആരോടും പറയരുത്. ആരും അറിയരുത്. മറ്റാർക്കും കൊടുക്കരുത്. ഇങ്ങനെ വിശ്വാസം ഉറപ്പിച്ച് പലതും പരസ്പരം പറയും. കേട്ടവർക്ക് ഇവ പാലിക്കാൻ കഴിയാറില്ല. അല്ലെങ്കിൽ നാലാൾക്കിടയിൽ അത് വിളമ്പിയാലേ അവർക്ക് തൃപ്തിയാവൂ. ഇങ്ങനെ സ്വകാര്യം സൂക്ഷിക്കാനാവാത്തവരെ കളിയാക്കുന്ന കവിതയാണ് ‘സന്ദേശം.’

ഒന്നാം ക്ലാസുകാരേക്കാൾ ചെറുതാവുന്ന ടീച്ചറുടെ മനസിന് ഉയരം ഹിമാലയത്തേക്കാൾ, വിശാലത ആകാശത്തേക്കാൾ. ക്ലാസിലെ ഫാത്തിമ അഹല്യയും ഫസൽ കൃഷ്ണനും സത്യമാവട്ടെ. നിഷ്കളങ്കരായ കുട്ടികൾക്കിടയിൽ നിന്നും കണ്ടെത്തിയ ആശയം കയ്യൊതുക്കത്തോടെ കാവ്യരൂപം പകർന്ന രചനയാണ് ‘ടീച്ചർ ഇപ്പോൾ കുട്ടികളേക്കാൾ ചെറുതാണ്.’ വരികളിലൂടെ വായിക്കേണ്ടവളാണ് പെണ്ണ്. അല്ലാതെ, വരികൾക്കിടയിലൂടെയും വരികൾക്കപ്പുറവും അല്ല എന്ന ആശയം പങ്ക് വയ്ക്കുന്ന കവിത സദാചാര/അരാജക ചിന്തകളിൽ പ്രതിഷേധത്തിന്റെ പന്തം കൊളുത്തി നീട്ടുകയാണ്. തരളിതഭാവവും എഴുത്തിൽ ഉണ്ടെന്ന് ഉറക്കെ പറയുന്നതിന്റെ പ്രതിധ്വനിയും കേൾക്കാം. മൊഴിമഴയും മിഴിമഴയും മോഹിക്കാത്തവരില്ലെന്നും അവയില്ലെന്നാൽ പ്രണയതരു പൂക്കില്ലെന്നും ‘ഗാഫ്.’ സിംഗിൾ കോട്ടിൽ കിടക്കുന്നത് സ്വയം ഇറുകെ പുണരാനാണെന്ന് കവിപക്ഷം. കവിക്ക് വരിയിലും ചിത്രകാരന് വരയിലും സ്ത്രീയെ ഒതുക്കാനാവാത്തതിനും കവി കാരണം കണ്ടെത്തുന്നുണ്ട്. 

ഓർമ്മകൾക്ക് മേലെ തിളയ്ക്കുന്ന അനുഭവങ്ങളാണ് ഓർക്കേണ്ടാത്തവയുടെ ഉൾക്കിടിലമായുള്ള രചന. “മേലേ പൊട്ടി കീഴേ ഒലിക്കുന്ന പ്രളയം…” ഈ വരി വായിക്കുമ്പോൾ ഉരുൾ പൊട്ടലിന്റെ ഭീകരക്കാഴ്ച മിഴിയൊഴിയുന്നില്ല. മഴ ആഘോഷിക്കപ്പെട്ട, വർണിക്കപ്പെട്ട ഭാവനാകുബേരർക്ക് എത്രമേൽ വിരുന്നൂട്ടിയ സംഗതിയാണ്. പക്ഷേ, സൗമ്യതയ്ക്കപ്പുറം രൗദ്രതയുടെ അതിപരുക്കൻ ഭാവവും അതിനുണ്ട്. ഏറിയാലും കുറഞ്ഞാലും ഉപ്പിന് കുറ്റം എന്നത് പോലെ പെയ്താലും ഇല്ലേലും കുറ്റം മഴയ്ക്ക്! 

ഈ പുസ്തകത്തിലെ വാങ്മയ ചാത്രങ്ങളായ ചില വരികൾ:
“നഗ്നമായ കഴുത്ത് കാലത്തോട് പറയുന്നത്…”
“നോട്ടം ഉടക്കുന്ന കണ്ണിലെഴുതിയ മഷി…”
“ഉടൽവരകളെ പകുക്കുന്ന ഉടുപ്പ്…”
“പുഴയെ നാം ലോറിയിൽ കാത്തിരിക്കുന്നു…”
“ഒരാൺ ചൂണ്ടയും പെണ്ണിരയും…”
വാർത്താന്തരങ്ങളിലെ ഓണാഘോഷം, സ്വീകരണം, രക്തദാനം എന്നിവ ഉജ്വലം. സ്വതന്ത്രനായ സ്വീകർത്താവിന് വിവിധ രാഷ്ട്രീയക്കാരുടെ രക്തഗ്രൂപ്പ് ചേർച്ചയില്ല എന്നൊരു ആശയമുള്ള രചനയാണ് ‘രക്തദാനം.’ കാപട്യത്തോട് പൊളിച്ച് സത്യത്തെ കാണിച്ച് തരുന്നുണ്ട് ഈ ചെറുകവിത.
ജലജാപ്രസാദിന്റെ കവിതകളുടെ വായനയിൽ നിഗൂഢതകളുടെ ആടകളില്ലാതെ നിർമ്മലതയുടെ ലാളിത്യം പൊതിഞ്ഞ ഭാഷയെ, വാക്കുകളെ അറിയാം. ദർശനങ്ങളുടെ ഭാരം ചുമക്കുകയോ ഇറക്കുകയോ ചെയ്യാതെ തന്റെ കാഴ്ചകൾ മൗലികതയുടെ അടയാളമിട്ട് അനുവാചകർക്ക് നൽകുകയാണ് കവി. പൊട്ടിച്ചിതറിയ ഒറ്റനൂലുകൾ വായനക്കാരിൽ എത്തട്ടെ. 

പൊട്ടിച്ചിതറിയ ഒറ്റനൂലുകൾ
(കവിത)
ജലജാപ്രസാദ്
ഹരിതം ബുക്സ്
വില 135രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.