13 January 2026, Tuesday

ഞങ്ങളുടെ മുഖ്യപത്രാധിപര്‍

അബ്ദുള്‍ ഗഫൂര്‍
December 8, 2023 10:31 pm

ജനയുഗത്തിന്റെ മുഖ്യ പത്രാധിപരായിരിക്കെയാണ് കാനം വിട പറഞ്ഞുപോകുന്നത്. കുറേ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം ഊഷ്മളമായിരുന്നു. പരിമിതമായ മനുഷ്യവിഭവ ശേഷിയും സാങ്കേതിക സംവിധാനങ്ങളും മാത്രമുള്ള ജനയുഗത്തെ താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഊര്‍ജം നല്‍കിയത് മുഖ്യപത്രാധിപരെന്ന നിലയില്‍ കാനമായിരുന്നു. 

പാര്‍ട്ടി പ്രവര്‍ത്തനത്തിലെന്നതുപോലെ അതിന്റെ ജിഹ്വയായ ജനയുഗവുമായി ബന്ധപ്പെട്ടും നിരവധി പദ്ധതികള്‍ അദ്ദേഹം ആവിഷ്കരിച്ചു. പത്രത്തിന്റെ അച്ചടി തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കണമെന്ന തീരുമാനം നടപ്പിലാക്കുന്നതിലും തൃശൂര്‍ എഡിഷന്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ മേല്‍നോട്ടമുണ്ടായി. അതിന്റെ ഭാഗമായി തൃശൂരില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തു. പക്ഷേ തൃശൂര്‍ എഡിഷന്‍ അച്ചടിയും വളരെക്കാലമായി കൊണ്ടു നടക്കുന്ന ജനയുഗം വാരിക പുനഃപ്രസിദ്ധീകരണവും യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് വളരെ പെട്ടെന്ന് അദ്ദേഹം കടന്നുപോയി.

തിരുവനന്തപുരത്ത് സ്വന്തമായ ആസ്ഥാനവും അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത ജനയുഗം സ്വപ്നങ്ങളില്‍പ്പെടുന്നു. പുതിയ പദ്ധതികള്‍ ജനയുഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയാല്‍ അത് നടപ്പിലാക്കുന്നതിന് നിര്‍ലോഭമായ പിന്തുണ അദ്ദേഹം നല്‍കി.
ജനയുഗം സ്വതന്ത്ര സോഫ്റ്റ്‌വേറിലേക്ക് മാറണമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ എല്ലാ പിന്തുണയും നല്‍കി അദ്ദേഹം കൂടെനിന്നു. ഇടയ്ക്ക് നേരിട്ട വെല്ലുവിളികളില്‍ ധൈര്യം നല്‍കി കൂടെനില്‍ക്കുകയും ചെയ്തു. 

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ജനയുഗം പ്രവര്‍ത്തകര്‍ക്ക് സംഭവിക്കുന്ന പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രോഷംകൊള്ളുന്ന മുഖ്യ പത്രാധിപരായിരുന്നില്ല അദ്ദേഹം. ഉപദേശരൂപേണയുള്ള ശാസന. അതില്‍ അവസാനിക്കും. എന്തുണ്ട് എന്ന് ചോദിച്ച് തുടങ്ങുമ്പോള്‍ തന്നെ എന്തെങ്കിലും പോരായ്മ ശ്രദ്ധയില്‍പ്പെടുത്താനായിരിക്കുമെന്ന് തോന്നുന്നവിധം സുപരിചിതമായിരുന്നു അദ്ദേഹത്തിന്റെ ആ ശാസന. എന്തുകാര്യത്തിനും സമീപിക്കുമ്പോഴും ഏത് വിഷയങ്ങള്‍ സംസാരിക്കുമ്പോഴും മാധ്യമരംഗത്തെ പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്ന് മാറി സൗഹൃദത്തോടെ ഏതു ജീവനക്കാരനോടും പെരുമാറുന്ന ആ രീതിയും സുഭഗമായിരുന്നു.
പ്രിയപ്പെട്ട മുഖ്യപത്രാധിപര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.