16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 13, 2024
August 9, 2024
August 8, 2024
July 29, 2024
July 23, 2024

എന്‍ടിഎ നടത്തിയ 66 പരീക്ഷകളില്‍; 12 എണ്ണത്തിലും ക്രമക്കേട്

Janayugom Webdesk
ന്യൂഡല്‍ഹി
June 26, 2024 11:06 pm

നരേന്ദ്ര മോഡി സര്‍ക്കാര്‍ 2017ല്‍ കൊണ്ടുവന്ന ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) ഇതുവരെ നടത്തിയ 66 പരീക്ഷകളില്‍ 12 എണ്ണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ ആറ് പരീക്ഷാ ചോദ്യപ്പപ്പേപ്പര്‍ ചോരുകയും 75.61 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുകയും ചെയ്തു.

2021ല്‍ മൂന്ന് പ്രധാന പരീക്ഷകളുടെ ചോദ്യമാണ് ചോര്‍ന്നത്. ജെഇഇ മെയിന്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ സിബിഐ അന്വേഷണം നടക്കുകയുമാണ്. 9,39,008 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. യുജിസി നെറ്റിനും ഇതേ അവസ്ഥയുണ്ടായി. 12,67,000 പേരാണ് എഴുതിയത്. ഹരിയാന പൊലീസ് അന്വേഷണം നടത്തി. നീറ്റ് യുജി പരീക്ഷ എഴുതിയത് 13,66,000 പേരാണ്. ചോദ്യക്കടലാസ് പുറത്തായതിനെ തുടര്‍ന്ന് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2022ല്‍ നീറ്റ് യുജി പരീക്ഷാ തട്ടിപ്പില്‍ ഒമ്പതുപേരെ സിബിഐ അറസ്റ്റ് ചെയ്തു. 17,64,571 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഈ വര്‍ഷം നീറ്റ് യുജി, യുജിസി നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നു. രണ്ടിലും സിബിഐ അന്വേഷണം ആരംഭിച്ചു. നീറ്റ് 13,16,268 പേരും നെറ്റ് 9,08,580 പേരുമാണ് എഴുതിയത്.

എന്‍ടിഎ പ്രവേശന പരീക്ഷകള്‍ ഏറ്റെടുക്കും മുമ്പ് സര്‍ക്കാര്‍ ഏജന്‍സികളായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ), കേന്ദ്ര സര്‍വകലാശാലകളായ ഡല്‍ഹി യൂണിവേഴ്സിറ്റി (ഡിയു), ജെഎന്‍യു എന്നിവയാണ് അതത് പ്രവേശന പരീക്ഷകള്‍ നടത്തിയിരുന്നത്. സര്‍വകലാശാലകളില്‍ ജൂനിയര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ജെആര്‍എഫ്) നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റാണ് എന്‍ടിഎ ആദ്യം നടത്തിയത്. ഇത് കൂടാതെ എന്‍ജീനിയറിങ്, ആര്‍ക്കിടെക്ട് ആന്റ് പ്ലാനിങ് തുടങ്ങിയ സാങ്കേതിക കോഴ്സുകള്‍ക്കുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍, കോമണ്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിഎംഎടി), ജെഎന്‍യു, ഡിയു പ്രവേശന പരീക്ഷകള്‍ എന്നിവയും എന്‍ടിഎ ആണ് നടത്തുന്നത്.

പരീക്ഷകള്‍ കേന്ദ്രീകരിച്ചതോടെ സ്വകാര്യവ്യക്തികളുടെ ഇടപെടലിന് അവസരമൊരുക്കിയെന്ന് യുജിസി മുന്‍ ചെയര്‍മാന്‍ സുഖ്ദേവ് തൊറാട്ട് ചൂണ്ടിക്കാണിച്ചു. മെഡിക്കല്‍-എന്‍ജിനിയറിങ് പ്രവേശനത്തിനും യുജിസി നെറ്റിനും കേന്ദ്രീകൃത പരീക്ഷ നടത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

2019ലാണ് എന്‍ടിഎയ്ക്കെതിരെ ആദ്യമായി ചോദ്യ പേപ്പര്‍ ചോര്‍ച്ച പരാതി ഉയരുന്നത്. റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ പരീക്ഷകളുടെ പേപ്പര്‍ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതായി ജെഎന്‍യു വിദ്യാര്‍ത്ഥി വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി. എന്നാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് അന്നത്തെ എന്‍ടിഎ ഡയറക്ടര്‍ വിനീത് ജോഷി കയ്യൊഴിഞ്ഞു. ഇതിന് ശേഷം 12 പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്.

പലതിലും ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്‍ടിഎയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.