23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 11, 2024
June 27, 2023
June 16, 2023
June 16, 2023
June 15, 2023
June 15, 2023
June 15, 2023
June 15, 2023
June 14, 2023
April 13, 2023

ക്യൂബയിലേക്കുള്ള അമേരിക്കൻ യുവജന സംഘം

പി ദേവദാസ്
April 13, 2023 3:55 am

ഈ മാസം 24 മുതൽ വളരെ സുപ്രധാനമായൊരു സന്ദർശനത്തിന് ക്യൂബ സാക്ഷ്യം വഹിക്കുകയാണ്. യുഎസിലെ സാമൂഹ്യ പ്രസ്ഥാനങ്ങൾ, സംഘടനകൾ എന്നിവയിലെ 150 യുവാക്കളാണ് ക്യൂബ സന്ദർശിക്കുന്നത്. പത്തു ദിവസം ക്യൂബയിലുണ്ടാകുന്ന സംഘം രാജ്യത്തെ തൊഴിലാളി സംഘടനകൾ, താഴെ തട്ടിലുള്ള പ്രവർത്തകർ, കലാകാരന്മാർ, യുവാക്കൾ എന്നിവരുമായി ആശയവിനിമയം നടത്തുകയും മേയ് ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്യും. കുറേ ദശകങ്ങൾക്കിടയിൽ ക്യൂബ സന്ദർശിക്കുന്ന ഏറ്റവും വലിയ യുഎസ് സംഘമായിരിക്കുമിത്. ആറു ദശകത്തിലധികമായി നിലവിലുള്ള യുഎസ് സർക്കാരിന്റെ ഉപരോധത്തിനിടെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്നതും സംഘത്തിന്റെ സന്ദർശനോദ്ദേശ്യമാണ്. ഇന്റർ നാഷണൽ പീപ്പിൾസ് അസംബ്ലി (ഐപിഎ)യാണ് സംഘത്തിന്റെ പത്തു ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശന ചുമതല വഹിക്കുന്നത്. കറുത്ത വിഭാഗക്കാരുടെ സാമൂഹ്യ ഉന്നമനത്തിനായി യുഎസിൽ പ്രവർത്തിക്കുന്ന ബ്ലാക്ക് മെൻ ബിൽഡ്, ബ്ലാക്ക് യൂത്ത് പ്രോജക്ട് 100, ബ്ലാക്ക് ലൈവ്സ് ഗ്രാസ്റൂട്ട്, എന്നിവയ്ക്കൊപ്പം പലസ്തീനിയൻ യൂത്ത് മൂവ്മെന്റ്, സോഷ്യലിസം ആന്റ് ലിബറേഷൻ പാർട്ടി, പീപ്പിൾസ് ഫോറം എന്നീ സംഘടനകളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടാകുക. ക്യൂബൻ തലസ്ഥാനമായ ഹവാന കേന്ദ്രീകരിച്ച് താഴെ തലത്തിലുള്ള ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മാർട്ടിൻ ലൂതർ കിങ് ജൂനിയർ സെന്റർ എന്ന സംഘടനയാണ് ചരിത്രപരമായ സന്ദർശനത്തിന് ആതിഥ്യമരുളുന്നത്.


ഇതുകൂടി വായിക്കൂ:ചൈനീസ്, കൊറിയന്‍ മേഖലയിലെ സംഘര്‍ഷനീക്കം


പാരിസ്ഥിതികമായി നേരിടുന്ന വെല്ലുവിളികൾ, എൽജിബിടിക്യു സമൂഹത്തിന്റെ അവകാശപോരാട്ടങ്ങൾ, അടിത്തട്ടിലെ രാഷ്ട്രീയ പങ്കാളിത്തം, ശാസ്ത്രീയ — സാങ്കേതിക മേഖലകളിൽ കൈവരിച്ച മുന്നേറ്റങ്ങൾ, സാംസ്കാരിക പങ്കാളിത്തം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ക്യൂബൻ ജനങ്ങളും സംഘാടകരുമായി സംവദിക്കുന്നതിന് പത്തുദിന സന്ദർശനത്തിനിടെ സംഘാംഗങ്ങൾക്ക് അവസരമുണ്ടാകും. യുണൈറ്റഡ് സ്റ്റേറ്റ്സിലെ യുവ നേതാക്കളെന്ന നിലയിൽ, കടുത്ത ഉപരോധങ്ങൾക്ക് കീഴിൽ ജീവിക്കുന്ന ക്യൂബൻ ജനതയുമായി സംവദിക്കുവാനും ആശയങ്ങൾ കൈമാറ്റം ചെയ്യാനും ബന്ധം ശക്തിപ്പെടുത്താനുമുള്ള ഞങ്ങളുടെ അവകാശം ഉറപ്പിക്കാനാഗ്രഹിക്കുന്നുവെന്ന് സന്ദർശനത്തിന്റെ സംഘാടകരിലൊരാളായ, ഐപിഎയുടെ കോ എക്സിക്യൂട്ടീവ് ഡയറക്ടർ മനോലോ ഡി ലോസ് സാന്റോസ് പറഞ്ഞു. ഈ ചരിത്രപരമായ സന്ദർശനത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ ആക്രമണോത്സുക വിദേശ നയത്തിനിടയിലും ഇരുരാജ്യങ്ങളിലെയും ഐക്യദാർഢ്യം പുതുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്യൂബയ്ക്കെതിരായ യുഎസ് ഉപരോധത്തിനെതിരെ യുഎസിലെ ജനങ്ങൾക്കിടയിൽ അഭിപ്രായം വർധിച്ചുവരികയും സർക്കാരിന്റെ നിലപാടിനെതിരായ ചോദ്യങ്ങൾ ഉയരുകയും ചെയ്യുന്ന ഘട്ടത്തിലുള്ള ഈ സന്ദർശനത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.