23 November 2024, Saturday
KSFE Galaxy Chits Banner 2

ഓഹരി വില്പന തുകയെ മറികടന്ന് കേന്ദ്ര പൊതുമേഖലയുടെ ലാഭവിഹിതം

ബേബി ആലുവ
കൊച്ചി
May 21, 2023 9:50 pm

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ കേന്ദ്രം കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ അവ കഴിഞ്ഞ സാമ്പത്തിക വർഷം ലാഭ വിഹിതമായി നൽകിയത് ഓഹരി വിറ്റഴിക്കലിലൂടെ രണ്ട് വർഷം നേടിയതിനെ കവച്ചുവയ്ക്കുന്ന തുക. 54,111,33 കോടി രൂപ ലാഭ വിഹിതമായി കിട്ടിയപ്പോൾ രണ്ട് വർഷത്തെ ഓഹരി വില്പനയിലൂടെ സമ്പാദിക്കാനായത് 47,706,40 കോടി രൂപ മാത്രം.
മുൻ വർഷത്തെപ്പോലെ എൻടിപിസി, എൻഎച്ച്പിസി തുടങ്ങിയ ഊർജ രംഗത്തെ കമ്പനികളാണ് ഇക്കുറിയും ലാഭ വിഹിതം നൽകിയവയിൽ മുമ്പിൽ. അതേസമയം, ഇന്ധന വില അടിക്കടി കൂട്ടിയിട്ടും ലാഭമുണ്ടാക്കുന്ന കാര്യത്തിൽ എണ്ണയുല്പാദക‑വിതരണ കമ്പനികൾ പിന്നാക്കം പോയത് നാണക്കേടായി. പിന്നിൽപ്പോയ കമ്പനികളിൽ മുമ്പൻ ബിപിസിഎൽ ആണ്. കഴിഞ്ഞ സാമ്പത്തികവർഷം 7816 കോടി രൂപ ലാഭവിഹിതമായി നൽകിയ ബിപിസിഎല്ലിന് ഇപ്രാവശ്യം നൽകാനായത് 690 കോടി മാത്രം. കമ്പനിയെ റാഞ്ചാൻ ഉന്നമിട്ടിരിക്കുന്ന കേന്ദ്രത്തിന് ഓഹരി വില്പന വേഗത്തിലാക്കാൻ ലാഭത്തിലുണ്ടായ ഈ ഇടിവ് മുഖ്യ കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
ഓയിൽ ഇന്ത്യ 1197 കോടി രൂപയും ഇന്ത്യൻ ഓയിൽ കോർപറേഷൻ 1745 കോടി രൂപയും ലാഭവിഹിതമായി നൽകി താഴെ പോയപ്പോൾ ആശ്വാസത്തിന് വക നൽകിയത് ഒഎൻജിസിയാണ്. 10,370 കോടി രൂപ കമ്പനി നൽകി. മറ്റ് ഊർജ, വാതക, എണ്ണ, കൽക്കരി കമ്പനികൾ 31,768 കോടി രൂപയും നൽകി. ഓഹരി വിറ്റഴിക്കലും ലാഭ വിഹിതവും ചേർന്ന് മൊത്തം 89,394,06 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിന് ലഭിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരിനെ കയ്യയച്ച് സഹായിക്കുന്നുണ്ട്. 87,000 കോടിയിലേറെ രൂപയാണ് ഇത്തവണ ലാഭവിഹിതം നല്‍കിയിരിക്കുന്നത്.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ കഴിഞ്ഞ സാമ്പത്തിക വർഷവും പാളി. സ്വകാര്യവല്‍ക്കരണത്തിലൂടെയും ഓഹരി വില്പനയിലൂടെയും 65,000 കോടി സമാഹരിക്കാനാണ് ബജറ്റിൽ ലക്ഷ്യം വച്ചത്. ലക്ഷ്യം നടപ്പാവില്ലെന്ന് ബോധ്യമായപ്പോൾ പുതിയ ബജറ്റിൽ തുക 50, 000 കോടിയായി കുറച്ചു. കിട്ടിയത് 35,282,73 കോടി മാത്രം. അതിനു മുമ്പത്തെ വർഷമാണ് ഓഹരി വില്പനയിൽ ദയനീയമായ തിരിച്ചടി നേരിട്ടത്. 1.75 കോടിയായിരുന്നു ലക്ഷ്യം. പിന്നീട് അത് 78,000 കോടിയാക്കി ചുരുക്കി. കിട്ടിയത് 12,432 കോടി.
കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിക്കലിലൂടെ കിട്ടിയ 35,282,73 കോടിയിൽ 20, 516 കോടിയും എൽഐസി ഐപിഒ വഴിയാണ്. പാരദ്വീപ് ഫോസ്‌ഫേറ്റ് ലിമിറ്റഡ്, ഒഎൻജിസി, എച്ച്എഎൽ, ഐആർസിടിസി എന്നിവയുടെ ഓഹരികളുടെ ഓഫർ ഫോർ സെയിലി (ഒഎഫ്എസ് ) ലൂടെ കിട്ടിയത് 9155 കോടി.
ഗെയ്ൽ ഓഹരികൾ തിരിച്ചു വാങ്ങിയ വകയിൽ 497 കോടി രൂപയും കൈവശമുണ്ടായിരുന്ന സ്വകാര്യ കമ്പനികളുടെ ഓഹരികൾ വിറ്റ വകയിൽ 5114 കോടിയും സർക്കാരിന് കിട്ടി.

eng­lish sum­ma­ry; Over and above the share sale amount
Cen­tral Pub­lic Sec­tor Dividend
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.