25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024
September 24, 2024
September 19, 2024

ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കും: ചെറുകിട കൈവശക്കാരെ സംരക്ഷിക്കുമെന്ന് മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
February 8, 2023 8:48 am

ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് ഏക്കറുകണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്നവർ എത്ര ഉന്നതതരായാലും അത് തിരിച്ചുപിടിക്കാൻ സർക്കാരിന് മടിയില്ലെന്ന് മന്ത്രി കെ രാജൻ. എന്നാൽ മലയോര മേഖലയിലുൾപ്പെടെയുള്ള സാധാരണക്കാരായവർക്ക് നിയമപരിജ്ഞാനമില്ലാത്തതിന്റെ പേരിൽ കൈവശമുള്ള ചെറിയ അളവിലുള്ള ഭൂമി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ആ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമി ആ വകുപ്പുകളുടെ അനുമതിയോടെ റവന്യു വകുപ്പിലേക്ക് പുനർനിക്ഷിപ്തമാക്കി ആവശ്യക്കാർക്ക് പട്ടയം വിതരണം ചെയ്യും. നിയമസഭയുടെ ഈ സമ്മേളന കാലയളവിൽ തന്നെ ഭൂപതിവ് നിയമങ്ങളിൽ ഭേദഗതി അവതരിപ്പിക്കുമെന്ന് നിയമസഭയില്‍ ഇ കെ വിജയന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും നിയമഭേദഗതി അവതരിപ്പിക്കുകയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

1977ന് മുൻപ് കുടിയേറിയവരിൽ ഇനിയും പട്ടയം കിട്ടാത്തവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അർഹരായവർക്ക് ഭൂമി പതിച്ച്നൽകും. ഇടുക്കി ഏലമല സംരക്ഷിത വനത്തിൽ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഉടുമ്പൻ ചോല, ഇടുക്കി താലൂക്കുകളിലായി 5800 പട്ടയ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം കൊടുക്കേണ്ട എട്ട് വില്ലേജുകളിൽ നിന്ന് ഇടുക്കി ആനവിലാസത്തെ ഒഴിവാക്കി. 1971 ന് മുൻപ് കൈവശം വെച്ചിരിക്കുന്നവർക്ക് നിർബന്ധമായും പട്ടയം നൽകും. അല്ലാത്തവർക്ക് അ‍ഞ്ച് മുൻഗണനാക്രമത്തിലൂടെയാണ് ഭൂമി നൽകേണ്ടത്. 30 വർഷത്തിൽ കൂടുതൽ ഭൂമി കൈവശം വെച്ചവരെ അൺഒക്യുപൈഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന നിബന്ധന മാറ്റി ഒക്യുപൈഡ് വിഭാഗത്തിൽ പെടുത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ദീർഘകാലമായി ഭൂമി കൈവശം വെച്ചവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വിധത്തിലായിരിക്കും ചട്ടഭേദഗതി കൊണ്ട് വരുന്നത്.

54,535 പുതിയ പട്ടയങ്ങൾ നൽകി

തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം എല്ലാ ജില്ലകളിലുമായി 54,535 പുതിയ പട്ടയങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ നിയമസഭയില്‍ അറിയിച്ചു. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ. 11,356 പട്ടയങ്ങൾ. തൊട്ടുപുറകിലുള്ള മലപ്പുറത്ത് 10,736 പട്ടയങ്ങളും വിതരണം ചെയ്തു. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ കണ്ടെത്തി സമയബന്ധിതമായി പട്ടയം നൽകുന്നതിനാണ് പട്ടയം ഡാഷ് ബോർഡ് എന്ന സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ ലാൻഡ് ട്രൈബ്യൂണലുകളിൽ ഹാജരാകുന്ന മുഴുവൻ വ്യക്തികൾക്കും അപ്പോൾ തന്നെ പട്ടയം നൽകാൻ കഴിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ വഴി ലഭിച്ചത് 963.83 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ വഴി 2022 ഡിസംബർ 31 വരെ 963.83 കോടി രൂപ സർക്കാരിലേക്ക് ലഭിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു. 25 സെന്റ് വരെ ഫീസില്ല. 25 സെന്റിന് മുകളിൽ ന്യായവിലയുടെ പത്ത് ശതമാനം ഈടാക്കിയാണ് തരംമാറ്റം.

ഓൺലൈൻ അപേക്ഷകൾ ആറ് മാസത്തിനകം തീർപ്പുകൽപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Over­turned Land Reforms Act to reclaim occu­pied land: Min­is­ter K Rajan says small hold­ers will be protected

You may also like this video 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.