18 December 2024, Wednesday
KSFE Galaxy Chits Banner 2

പി ഭാസ്കരൻ: മലയാള കാവ്യ — ചലച്ചിത്ര കലയുടെ രാജശില്പി

ഇ എം സതീശന്‍
ജനറൽ സെക്രട്ടറി, യുവകലാസാഹിതി
February 25, 2022 7:00 am

മലയാള വിപ്ലവ കാവ്യ ചലച്ചിത്ര കലയുടെ രാജശില്പിയായ പി ഭാസ്കരൻ വിടപറഞ്ഞിട്ട് പതിനഞ്ചു സംവത്സരങ്ങൾ പിന്നിടുകയാണിന്ന്. എത്രയോ തലമുറകളായി മലയാളികൾക്ക് പറഞ്ഞറിയിക്കാനാവാത്ത ഹൃദയവികാരമാണ് ഭാസ്കരൻ മാസ്റ്റർ. അത്തരമൊരു പരിണതിയിലേക്ക് മാസ്റ്ററെ കുടിയിരുത്തിയ ജീവിത പ്രവർത്തനങ്ങളും സർഗാത്മകതയും ഓർത്തെടുക്കേണ്ടത് സമകാലിക ചരിത്രസന്ദർഭത്തിൽ അനിവാര്യമാണ്. പി ഭാസ്കരന്റെ മരണാനന്തരം ഒഎൻവി കുറുപ്പ് ഇങ്ങനെ രേഖപ്പെടുത്തുകയുണ്ടായി: “എന്റെ ജ്യേഷ്ഠസുഹൃത്ത് പടിയിറങ്ങിപ്പോകുന്നത് മരണത്തിലേക്കല്ല, ചരിത്രത്തിലേക്കാണ്. കേരളത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെയും സംസ്കാര പരിണതിയുടെയും ചരിത്രത്തിലേക്ക്.” ഒഎൻവിയുടെ വാക്കുകൾ വലിയൊരു ചരിത്രകാലത്തെയും അത് രൂപപ്പെടുത്തുന്നതിൽ ഒരു രാഷ്ട്രീയ കലാ പ്രവർത്തകൻ വഹിച്ച ധീരനൂതന പ്രവർത്തനങ്ങളിലേക്കുമാണ് വിരൽചൂണ്ടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്ത് കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഭാസ്കരൻ ദേശീയ പ്രസ്ഥാനത്തിലും കമ്മ്യൂണിസ്റ്റ് വിപ്ലവപ്രവർത്തനങ്ങളിലും ആകൃഷ്ടനായി. കൊച്ചിയിലെ വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ സജീവമായി. പിൽക്കാല കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതാവും ചരിത്രപണ്ഡിതനും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമെല്ലാമായിരുന്ന പി കെ ഗോപാലകൃഷ്ണൻ, സ്കൂളിൽ മാസ്റ്ററുടെ സഹപാഠിയും വിദ്യാർത്ഥി സംഘടനാ നേതാവുമായിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി പി ഭാസ്കരൻ ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചു. അന്ന് അദ്ദേഹത്തിന് പതിനെട്ടു വയസായിരുന്നു പ്രായം. ജയിലിൽ നിന്ന് പുറത്തുവന്നു കൂടുതൽ ആവേശത്തോടെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലും പങ്കാളിയായി. സ്വാതന്ത്ര്യത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിതകളെഴുതിയിരുന്ന പി ഭാസ്കരൻ സഹപാഠികളെ സംഘടിപ്പിച്ചു കോളജിലും മറ്റും നാടകങ്ങളും അവതരിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥി സമരസമിതിയുടെ ചെയർമാൻ പി കെ ഗോപാലകൃഷ്ണനും കൺവീനർ പി ഭാസ്കരനുമായിരുന്നു. സ്വാതന്ത്ര്യാവേശം നാടെങ്ങും ജ്വലിച്ചുനിന്ന ആ അവസരത്തിലാണ് ഐതിഹാസികമായ പുന്നപ്രവയലാർ സമരം പൊട്ടിപ്പുറപ്പെടുന്നത്. വിദ്യാർത്ഥി നേതാവും വിപ്ലവകാരിയുമായ പി ഭാസ്കരൻ വയലാറിലെ രണഭൂമിയിലേക്ക് ഓടിച്ചെന്നു. ശ്മശാനമൂകത തളംകെട്ടിനിന്ന ഭീതിജനകവും യാതനാഭരിതവുമായ വയലാറിലെ അന്തരീക്ഷം ഭാസ്കരനിലെ കവിയെ ജ്വലിപ്പിച്ചു. മലയാളത്തിലെ ആദ്യത്തെ വിപ്ലവകവിത “വയലാർ ഗർജ്ജിക്കുന്നു” പിറവികൊള്ളുന്നതങ്ങനെയാണ്. “ഉയരും ഞാൻ നാടാകെ പടരും ഞാനൊരുപുത്തൻ ഉയിർനാടിന്നേകിക്കൊണ്ടുയരും വീണ്ടും” എന്ന പി ഭാസ്കരന്റെ വരികൾ നാടെങ്ങും അലയടിച്ചുയർന്നു. ‘രവി’ എന്ന തൂലികാനാമത്തിലാണ് ‘വയലാർ ഗർജ്ജിക്കുന്നു” കവിത അച്ചടിച്ചുവന്നതെങ്കിലും കവിയെ കണ്ടെത്തി തിരുവിതാംകൂർ ഭരണകൂടം ശിക്ഷവിധിച്ചു.


ഇതുകൂടി വായിക്കാം; പി ഭാസ്കരന്റെ ഓര്‍മ്മക്ക് 14 വര്‍ഷം; അനശ്വരതയെ പുൽകിയ ഗാനങ്ങൾ


പി ഭാസ്കരനെ സർ സി പി തമിഴ്‌നാട്ടിലേക്ക് നാടുകടത്തി. അന്ന് പ്രായം ഇരുപത്തിരണ്ടു വയസ്. നാടുകടത്തപ്പെട്ടു മദ്രാസിലെത്തിയ കവിക്ക് “ജയകേരളം” മാസികയിൽ അഭയം ലഭിച്ചു. ജയകേരളത്തിലെ എഴുത്തുജോലിയും ആകാശവാണിയിൽ കവിതകളും ഗാനങ്ങളും എഴുതി അവതരിപ്പിക്കാനും ലഭിച്ച അവസരങ്ങൾ സിനിമയുമായി ബന്ധപ്പെടാനും വഴിയൊരുക്കി. അങ്ങനെയിരിക്കെ ആകാശവാണിയിൽ പ്രക്ഷേപകനായി ജോലികിട്ടി പി ഭാസ്കരൻ കോഴിക്കോട്ടെത്തി. പിന്നീട് അദ്ദേഹം ആകാശവാണി ജോലിയുമുപേക്ഷിച്ചു പൂർണസമായ സിനിമാപ്രവർത്തനങ്ങൾക്ക് ജീവിതം മാറ്റിവച്ചു. ദേശീയ പ്രസ്ഥാനത്തിന്റെയും വിപ്ലവപ്രവർത്തനങ്ങളുടെയും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ അറിവും അനുഭവങ്ങളും കരുപ്പിടിപ്പിച്ച പി ഭാസ്കരന്റെ പിൽക്കാല സാംസ്കാരിക സർഗാത്മക പ്രവർത്തനങ്ങൾ കേരളത്തിന്റെ മതേതര മാനവിക സാമൂഹ്യനിർമ്മിതിയിൽ നിർണായക പങ്കുവഹിച്ചു. സിനിമപ്പാട്ടെഴുത്തും ലളിതഗാനങ്ങളുമൊക്കെ മ്ലേച്ഛമായി കരുതിയിരുന്ന കാലത്ത് പാട്ടെഴുത്തുകാരനായിട്ടാണ് പി ഭാസ്കരൻ സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. പച്ചമലയാള ഭാഷയിൽ കേരളീയതയുടെ നാട്ടറിവുകളും വഴക്കങ്ങളും സുന്ദരപ്രകൃതിയും ഇഴുകിച്ചേർന്ന ജീവിതഗന്ധിയായ, സംസ്കൃതിയോട് കണ്ണിചേർക്കപ്പെട്ട അതുവരെ കേൾക്കാത്ത ലളിതമനോഹര ഗാനങ്ങൾ പി ഭാസ്കരന്റെ വരികളിലൂടെ മലയാളികൾ കേൾക്കാൻ തുടങ്ങി. സാധാരണ മനുഷ്യരുടെ ഹൃദയവികാരങ്ങൾ പറിച്ചെടുത്തു മാസ്റ്റർ ഉണ്ടാക്കിയ പാട്ടുകൾ ജനമനസുകൾ ഏറ്റെടുത്തു. പിൽക്കാലത്ത് മലയാള ചലച്ചിത്ര ഗാനരചനയിൽ ചിരപ്രതിഷ്ഠ നേടിയ വയലാർ രാമവർമ്മ, ഒഎൻവി, ശ്രീകുമാരൻതമ്പി തുടങ്ങിയവർക്കെല്ലാം വഴികാട്ടിയായത് പി ഭാസ്കരന്റെ രചനാ വഴികളാണ്. വിപ്ലവകവിതകൾ, വിപ്ലവ ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, പ്രണയഗാനങ്ങൾ തുടങ്ങി ലളിതഗാനങ്ങളിൽ വരെ ഭാസ്കരൻ മാസ്റ്റർ ആവിഷ്കരിച്ച പുതുമ മലയാള ലളിതസംഗീതത്തെ ജനകീയവല്കരിച്ചു. അത്തരം മുവായിരത്തിലധികം ഗാനങ്ങൾ ഇന്നു നമ്മുടെ സംസ്കാരത്തിന്റെ ഈടുറ്റ അധ്യായങ്ങളാണ്. കേരളത്തിന്റെ രാഷ്ട്രീയനഭസിൽ ചുവന്ന ദശകങ്ങൾ സമ്മാനിച്ച ഇടതുസർഗാത്മകതയുടെ പതാക ഉയർത്തിയത് ഭാസ്കരന്‍ മാഷാണ്. അതേറ്റെടുത്ത് കമ്മ്യൂണിസ്റ്റ് പുരോഗമന മുന്നേറ്റങ്ങളോടൊപ്പം തോപ്പിൽഭാസിയും ഒഎൻവിയും വയലാറും ദേവരാജനും തിരുനല്ലൂരും എല്ലാം ചേർന്നു നയിച്ച മഹാപ്രസ്ഥാനമാണ് കേരളത്തിലിന്നും കരുത്തോടെ നിലകൊള്ളുന്ന ഇടതുരാഷ്ട്രീയത്തിന്റെ അടിത്തറ. വർഗീയ സാമുദായിക ശക്തികൾ ഇന്ന് കേരളത്തിന്റെ മതേതര പുരോഗമന സാമൂഹ്യഘടനയെ തകിടം മറിക്കുവാൻ ആഞ്ഞു ശ്രമിക്കുകയാണ്. പ്രകൃതിയിലും കലയിലും സാഹിത്യത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും മൂലധനത്തിന്റെ വിഷബീജങ്ങൾ കടത്തിവിട്ടു ജീവിതത്തെ ശിഥിലീകരിക്കാൻ തീവ്രപരിശ്രമങ്ങൾ നടത്തുന്നു. അതിജീവനാന്വേഷണങ്ങളുടെ ഈ ചരിത്ര സന്ദർഭത്തിൽ, ആറുപതിറ്റാണ്ടിലധികം കാലം കേരളീയ സമൂഹത്തിനു നൽകിയ സാംസ്കാരിക രാഷ്ട്രീയ വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കാൻ ഭാസ്കരൻ മാസ്റ്ററുടെ ജീവിതവും സംഭാവനകളും തലമുറകൾക്ക് കരുത്തുപകരും. ദീപ്തമായ ആ പ്രതിരോധ ചരിത്രകാലത്തെ പി ഭാസ്കരൻ സ്മരണകളിലൂടെ ഓർത്തെടുക്കുകയാണ് ഈ പതിനഞ്ചാം ചരമവാർഷികാചരണത്തിലൂടെ യുവകലാസാഹിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.