ഡബ്ല്യുഎഫ്ഐ അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ തുടരുന്ന സമരത്തിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയും രാജ്യസഭാംഗവുമായ പി ടി ഉഷ. താരങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ നിസാരവല്‍ക്കരിച്ച പി ടി ഉഷ, ബ്രിജ് ഭൂഷണനെതിരെ ഉന്നയിച്ച ലൈംഗീക ചൂഷണ ആരോപണങ്ങളില്‍ നടപടി വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ചു. പരാതി അന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കാതെ താരങ്ങള്‍ നടത്തുന്ന സമരം അച്ചടക്ക ലംഘനമാണെന്ന് പി ടി ഉഷ ആരോപിച്ചു. സമരത്തിലേക്ക് നീങ്ങും മുമ്പ് താരങ്ങള്‍ കേന്ദ്രം നിയോഗിച്ച റിപ്പോര്‍ട്ടിന് കാത്തിരിക്കേണ്ടിയിരുന്നു. വിഷയം തെരുവിലല്ല ഉന്നയിക്കേണ്ടതെന്നും ഇത് അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നും ഉഷ പറഞ്ഞു.
ബ്രിജ് ഭൂഷണന്‍ ലൈംഗീകാതിക്രമം നടത്തിയെന്ന് പ്രായപൂര്‍ത്തിയാകാത്ത വനിതാ താരം ഉള്‍പ്പെടെ ഏഴുപേരാണ് പരാതി നല്‍കിയത്. കഴിഞ്ഞ ജനുവരിയില്‍ താരങ്ങള്‍ ഇതിനെതിരെ ജന്ദര്‍ മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിച്ചതോടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്രം ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി കഴിഞ്ഞ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അത് കേന്ദ്രം പ്രസിദ്ധപ്പെടുത്തില്ല. മറ്റു നടപടികളും സ്വീകരിച്ചില്ല. ഇതോടെയാണ് കഴിഞ്ഞ ഞായറാഴ്ച താരങ്ങള്‍ ജന്ദര്‍മന്ദിറില്‍ വീണ്ടും സമരം ആരംഭിച്ചത്.
അതിക്രമത്തിന് ഇരയായ താരങ്ങള്‍ പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് വിസമ്മതിച്ചു. ഇതോടെ താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം ഗൗരവതരമെന്ന വിലയിരുത്തല്‍ നടത്തിയ കോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
English Summary: Olympic association president and Rajyasabha MP P T Usha against wrestling stars’s protest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.