22 December 2024, Sunday
KSFE Galaxy Chits Banner 2

പിഎസി: മാധബി ബുച്ച് ഹാജരായില്ല; ഭരണ പ്രതിപക്ഷ പോരാട്ടം ശക്തമായി

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2024 11:13 pm

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകാതെ സെബി ചെയര്‍പേഴ്‌സന്റെ ഒളിച്ചുകളി. സമിതി യോഗം മാറ്റിവച്ചു. വിഷയത്തില്‍ ഭരണ പ്രതിപക്ഷ പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറന്ന് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി. കോണ്‍ഗ്രസ് അംഗം കെ സി വേണുഗോപാല്‍ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ യോഗത്തില്‍ ഹാജരാകുന്നതില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ കമ്മിറ്റിക്ക് കത്തു നല്‍കി. കമ്മിറ്റി ഇത് നിഷേധിച്ചതോടെ ഇന്ന് ചേരുന്ന സമിതി യോഗത്തില്‍ ഹാജരാകുമെന്ന് അവര്‍ രേഖാമൂലം അറിയിച്ചു. ഇതേത്തുടര്‍ന്നായിരുന്നു സമിതി യോഗം വിളിച്ചു ചേര്‍ത്തത്.

ഇന്ന് രാവിലെ 9.30 ന് വ്യക്തിപരമായ കാരണങ്ങളാല്‍ ഡല്‍ഹി വരെ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മാധബി സമിതിക്ക് സന്ദേശം നല്‍കി. ഇതോടെ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. പബ്ലിക്‌സ് അക്കൗണ്ടസ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട ഇത്തരം സ്വതന്ത്ര സമിതികളെ യോഗത്തിലേക്ക് വിളിച്ചു വരുത്താന്‍ തീരുമാനിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെബി ചെയര്‍പേഴ്‌സണ് യോഗത്തിലേക്ക് എത്താന്‍ നോട്ടീസ് അയച്ചതെന്നും സമ്മേളനം റദ്ദാക്കി മടങ്ങിയ അവസരത്തില്‍ വേണുഗോപാല്‍ വ്യക്തമാക്കി.

അതേസമയം സെബി ചെയര്‍പേഴ്‌സണെ സമിതി യോഗത്തിലേക്ക് വിളിപ്പിക്കാനുള്ള തീരുമാനം വേണുഗോപാല്‍ ഏകപക്ഷീയമായി എടുത്തതാണെന്നും ഇതിനെതിരെ സ്പീക്കറെ സമീപിക്കുമെന്നും സമിതിയിലെ ബിജെപി അംഗം നിഷികാന്ത് ദുബൈ പറഞ്ഞു. യോഗത്തിന് തൊട്ടു മുമ്പാണ് പങ്കെടുക്കാന്‍ കഴിയിയില്ലെന്നുള്ള മാധബിയുടെ സന്ദേശം ലഭിച്ചത്. മോഡി സര്‍ക്കാരിന്റെ പിന്തുണയില്‍ തഴച്ചുവളരുന്ന അഡാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തു വരാതിരിക്കാനാണ് ഈ നീക്കമെന്ന ആക്ഷേപം ഉയരുന്നുണ്ട്. സമിതിയില്‍ ബിജെപിക്കാണ് ഭൂരിപക്ഷം.
അഡാനി ഗ്രൂപ്പിനു കീഴിലുള്ള കടലാസ് കമ്പനികളില്‍ ബുച്ചിനും ഭര്‍ത്താവ് ധാവലിനും നിക്ഷേപമുണ്ടെന്ന് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ആരോപിച്ചിരുന്നു. ബര്‍മുഡ, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇവര്‍ നടത്തുന്ന അനധികൃത നിക്ഷേപം വിനോദ് അഡാനിയുടെ കമ്പനികളിലൂടെ രാജ്യത്തേക്ക് മടങ്ങിയെത്തുന്നു. അഡാനി കമ്പനികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും മാധബി ബുച്ചിനെതിരെ ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയിരുന്നു. അഡാനിക്കെതിരായ സെബി അന്വേഷണം നിഷ്ഫലമായതിന് പിന്നിലും മാധബി ബുച്ചാണെന്ന് ഹിന്‍ഡന്‍ബെര്‍ഗ് ആരോപിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.