ഗാനരചന എളുപ്പമാണ് അത് കാവ്യസ്വാതന്ത്ര്യത്തിന്റെ മൂശയില്‍ പിറക്കുമെങ്കില്‍ ഇഷ്ടപദങ്ങള്‍ക്കോ വൈകാരിക ഭാവങ്ങള്‍ക്കോ സ്വാഭാവിക സഞ്ചാരം അനുവദിക്കുമെങ്കില്‍!
മലയാളഗാനരംഗത്ത് ഇതിഹാസോജ്ജ്വലമായ ഭാവഗീതങ്ങള്‍ പിറന്നത് സ്വതന്ത്രമായ സാഹിത്യവും സംഗീതവും പരസ്പര ആശ്ലേഷിച്ചപ്പോഴാണ്. ആ സത്യം മറക്കാതിരിക്കാം.
കവിത്വത്തിന്റെ ആത്മപ്രഭാവം കൊണ്ടുമാത്രം ഈണത്തിന്റെ ചതുരപ്പെട്ടിയില്‍ നിന്ന് വാക്കുകളെ ആനന്ദത്തോടെ പറത്തിവിട്ട ഗാനരചയിതാക്കളുണ്ട്. അതില്‍ പ്രമുഖന്‍ ബിച്ചുതിരുമല. രക്തത്തില്‍ കവിതയോട്ടം നിലയ്ക്കാത്ത ഒരാള്‍. പദസമ്പത്തിന്റെ കണ്‍കെട്ടുവിദ്യയില്‍ പയറ്റിത്തെളിഞ്ഞ തൂലികവഴക്കം. ഏതു ട്യൂണിനും ദാ, വാക്ക് പിടിച്ചോ!
പൈതൃകമായി പകര്‍ന്നുകിട്ടിയ സര്‍ഗാത്മകത. നാട്ടുവാക്കുകള്‍ വന്നു നൃത്തം ചവിട്ടുന്ന മനസ്. ഏതു ദ്രുതതാളത്തിനും മെലഡിക്കും പറ്റിയ പദങ്ങളുടെ പ്രയോഗസാമര്‍ത്ഥ്യം സന്ദര്‍ഭോചിതമായ ഭാവനയ്ക്ക് ഏത് നേരവും വസന്തം.
കടമ്പ എന്ന സിനിമയില്‍ ‘ആണ്ടിവന്നാണ്ടി വന്നാണ്ടിക്കിടാവിതാ…’ എന്നൊരു ഗാനം രാഘവന്‍ മാഷ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയൊന്നെഴുതാന്‍ പ്രത്യേക കഴിവ് വേണം. മെലഡി ആയാലോ? “വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍/ വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍…” വടക്കന്‍ തെന്നലും വാടകമുറിയുമൊക്കെ എങ്ങനെ വിളിച്ചേര്‍ത്തുവെന്ന് പരിശോധിക്കുക. ബിച്ചുവേട്ടനെ നമിച്ചുപോകും, തീര്‍ച്ച. “രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല, രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ല…” ഇങ്ങനെ വശ്യചാരുതയോടെ ഗാനമെഴുതണമെങ്കില്‍ വാഗ്ദേവി അനുഗ്രഹിക്കണം. “ഒറ്റക്കമ്പി നാദം മാത്രം മൂളും…” രവീന്ദ്രന്‍ മാഷിന്റെ സംഗീത വൈവിധ്യം വാക്കുകള്‍ക്കിടയില്‍ സുവര്‍ണരേഖ പോലെ തിളങ്ങിത്തുടിക്കുന്നു. മലയാളി അതിനെ താലോലിക്കുന്നു. “പാവാട വേണം, മേലാടവേണം, പഞ്ചാരപ്പനങ്കിളിക്ക്” എന്തൊരു നിഷ്കളങ്കതയാണ് ഈ ആഘോഷപ്പാട്ടിന്റെ നാട്ടുഭാഷയ്ക്ക്. കഥാപാത്രത്തിന്റെ മനസ് ഒപ്പിയെടുത്തതുപോലെയാണ് ആസ്വാദകന് തോന്നുക. കവിതയില്‍ പി കുഞ്ഞിരാമന്‍ നായരുടെ മൊഴിവഴക്കം ചലച്ചിത്രഗാനങ്ങളില്‍ ബിച്ചുതിരുമല പ്രകടിപ്പിച്ചു.
ഐ വി ശശിയുടെ നീലഗിരി എന്ന സിനിമയില്‍ കീരവാണിയുടെ ട്യൂണ്‍ കേട്ട് വാക്കുകള്‍ പരതുന്ന വേവലാതിക്കിടയില്‍ എനിക്കൊരു ഫോണ്‍ വന്നു:
‘ഗോപീ, ഞാനിവിടെയുണ്ട്… ബിച്ചു. ഓടി വാ… വേണ്ടാ.. പറന്നു വാ…’ ചെന്നൈയില്‍ വുഡ്‌ലാന്റ്സ് ഹോട്ടലിന്റെ താഴത്തെ നിലയില്‍ ബിച്ചുവേട്ടനുണ്ട്. പാട്ടെഴുത്തിന്റെ സമ്മര്‍ദ്ദം പകുതി വഴിയിലുപേക്ഷിച്ച് ഞാന്‍ ബിച്ചുവേട്ടനെ കാണാനെത്തി. അനുസരിക്കാത്ത കോലന്‍ മുടിയും മൂക്കിന്റെ പകുതിക്കു താഴെവച്ച വെള്ളെഴുത്തു കണ്ണടയും മറക്കാനാവാത്ത രൂപം!
കണ്ടപാടേ, ഗാഢമായ ആലിംഗനം. വിശേഷങ്ങളുടെ പരമ്പര. കട്ടിലില്‍ നിറയെ വാരിവലിച്ചിട്ട പുസ്തകങ്ങള്‍. എഴുതിക്കഴിഞ്ഞ കടലാസുകള്‍ ചിതറിക്കിടക്കുന്നു.
‘ഒരു ചായ എന്റെ വക. എന്തെങ്കിലും ഞാനൊന്നു തരേണ്ടെ?’ പൊട്ടിച്ചിരിയുടെ ഉത്സാഹം. ലോകവിശേഷങ്ങള്‍ ചടപട കത്തുന്നു. ഒറ്റശ്വാസത്തില്‍ എന്തെല്ലാം രസകരമായ കാര്യങ്ങള്‍. സ്ഥാനം തെറ്റിയ കണ്ണടയും മുടിയും മത്സരിക്കുന്നു. ബിച്ചുവേട്ടന്‍ അവയെ ശിക്ഷിക്കുന്നു.
“കതിരോലപ്പന്തലൊരുക്കി… പടകാളിമുറ്റമൊരുക്കി…” ബിച്ചുവേട്ടന്‍ ഉറക്കെ പാടുന്നു. “ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വരിയിച്ചവനേ… ഇതാ, ചായ കുടിക്ക്” ഹോട്ടല്‍ ബോയ് ചായ പകര്‍ന്നു. ബിച്ചുവേട്ടന്‍ തമാശകളുടെ വെടിക്കെട്ടിന് പിന്നെയും തീ കൊളുത്തി. ബിച്ചുവേട്ടന്റെ സംഭാഷണം ആരും കേട്ടിരുന്നു പോവും.
“ഞാനും ഒരു പടകാളിയെ വച്ചു ചക്രശ്വാസം വലിക്കുകയാണ്.” ഫലിതച്ചിരികള്‍ക്കിടയില്‍ എന്നെ ആ ട്യൂണ്‍ കേള്‍പ്പിച്ചു. “ട.ട.ട.ട.ടി…ട ട്ടി ടി ടാ ടി… എങ്ങനെ പാട്ടെഴുതും? പടകാളീ… പോക്കിരി മാക്കിരി പൂക്കിരി എന്നൊക്കെ ഞാനങ്ങ് കാച്ചിവച്ചു!” വീണ്ടും ചിരിയുടെ ചില്ലുകിലുക്കം. ഈ മനുഷ്യന്റെ ഉത്സാഹവും പ്രസരിപ്പും കണ്ടു നില്‍ക്കാന്‍ തന്നെ രസമാണ്. തരിമ്പും കാലുഷ്യമില്ലാത്ത പെരുമാറ്റത്തിനിടയില്‍ സമയം പോകുന്നതറിയുന്നേയില്ല. തുറന്നുവച്ച പെട്ടിയില്‍ നിറയെ പുസ്തകങ്ങള്‍. സാഹിത്യം, തത്ത്വജ്ഞാനം, ഭക്തി, വിപ്ലവം, പ്രണയം, വിരഹം… ബിച്ചുവേട്ടന്റെ മുമ്പില്‍ പച്ചമലയാളം കൈകൂപ്പി നില്‍ക്കും. റൂമില്‍ നിന്ന് യാത്ര പറയുമ്പോള്‍ വരാന്തവരെ വന്ന് കൈപിടിച്ച് സ്നേഹം പകര്‍ന്നു. എങ്ങനെ മറക്കാനാണ് ആ നിമിഷം!
“ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ…” വിരുന്നു വരാത്ത കേരളീയ ഭവനങ്ങളില്ല. “ഏഴുസ്വരങ്ങളും തഴുകി” എന്നുമെന്നും “മഞ്ഞണിക്കൊമ്പില്‍” ഊഞ്ഞാലാടുന്ന ആ ഗാന സങ്കല്പഹംസങ്ങള്‍ക്ക് “നീലജലാശയത്തില്‍” വീടൊരുക്കാന്‍ ബിച്ചുവേട്ടനേ കഴിയൂ. ഗാനരചനയുടെ ശബ്ദതാരാവലിയില്‍ ഒരിക്കലും മറക്കാത്ത പദമാഹാത്മ്യം എഴുതിച്ചേര്‍ത്ത ആ ജ്യേഷ്ഠസഹോദരനോടുള്ള ആദരം പറഞ്ഞറിയിക്കാനാവാത്തത്ര അളവറ്റത്, ആഴമുള്ളത്!
ബിച്ചു തിരുമല ചലച്ചിത്രഗാനരചനയില്‍ നിത്യവസന്തം വിരിയിച്ച പ്രതിഭാധനനാണ്. ഋതുക്കള്‍ വെയിലും മഴയും മഞ്ഞും ചൊരിഞ്ഞനുഗ്രഹിച്ച ആ തൂലിക ഇനി ഉണരില്ലല്ലോ… വല്ലാത്ത ശൂന്യത തോന്നുന്നു. കണ്ണടച്ചിരുന്ന് മന്ത്രിക്കുന്ന പ്രണാമം!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.