22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം : പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2025 3:45 pm

ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടാനൊരുങ്ങി കോണ്‍ഗ്രസ്.മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഈ ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് വിശദീകരണവും സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതാന്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളെ സമീപിക്കുമെന്നാണ് വിവരം. 

കോണ്‍ഗ്രസാണ് കത്തയക്കുക. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഇതിനോടകം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നടപടികളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ ഏതൊരു നടപടിയെയും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള പ്രതിപക്ഷ ആവശ്യവും പ്രധാന്യമര്‍ഹിക്കുന്നുണ്ട്. അതേ സമയം സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാക്കാള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ചോദ്യങ്ങളുന്നയിച്ചിരുന്നു. 

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിന് സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും. സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന കാര്യം സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചതായാണ് വിവരം. എവിടെയോ വീഴ്ച സംഭവിച്ചു. അത് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച നേതാവ് പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ തന്നെ പ്രത്യേക പാര്‍ലമെന്റ് ചേരാന്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

മുസ്‌ലിം ലീഗ് രാജ്യസഭാ എംപിയായ ഹാരിസ് ബീരാനാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ എന്‍ഐഎ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ സംഭവ സ്ഥലത്തെത്തിയ എന്‍ഐഎ സംഘം തെളിവുകളും ശേഖരിച്ചു വരികയാണ്. ഒരു ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സംഘങ്ങളാണ് പഹല്‍ഗാമിലുള്ളതെന്ന് എന്‍ഐഎ അറിയിച്ചു. ഫോറന്‍സിക് സംഘത്തിന്റെയടക്കം സഹായവും ഇവര്‍ക്കുണ്ട്.

Pahal­gam ter­ror attack: Con­gress demands spe­cial ses­sion of Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.