
ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പോസ്റ്റ് പങ്കുവച്ച നടൻ മോഹൻലാലിനെതിരെ കടുത്ത സൈബർ ആക്രമണവുമായി സംഘപരിവാർ പ്രവർത്തകർ. എമ്പുരാനെ രാജ്യവിരുദ്ധ ചിത്രമായും ലാലിനെ രാജ്യദ്രോഹിയായും ചിത്രീകരിച്ചുകൊണ്ടാണ് വിദ്വേഷപ്രചാരണം. ഭീകരാക്രമണത്തിന് ഇരയായവരെ ഓർത്ത് തന്റെ ഹൃദയം വേദനിക്കുന്നുവെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിനെതിരെയാണ് സമാനതകളില്ലാത്ത സൈബർ ആക്രമണം.
ഗുജറാത്തിലെ വംശഹത്യയ്ക്ക് കാരണക്കാരായവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് തുറന്നു പറഞ്ഞ എമ്പുരാൻ സിനിമ എവിടെയും തീവ്രവാദത്തെ പിന്തുണച്ചിട്ടില്ല. രാജ്യത്തിനെതിരായ യാതൊരു പരാമർശവും ചിത്രത്തിലില്ലായിരുന്നു. എന്നാൽ കശ്മീർ അക്രമ പശ്ചാത്തലത്തിൽ എമ്പുരാനെ രാജ്യദ്രോഹ സിനിമയായി ചിത്രീകരിക്കുകയാണ് സംഘപരിവാർ. കൂടെ നിന്ന് ചതിച്ചവൻ, ഒരു എമ്പുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക് എന്നൊക്കെയാണ് ആക്ഷേപങ്ങൾ. പോസ്റ്റ് പിൻവലിച്ച് കേണൽ പദവി തിരികെ കൊടുത്ത് സയിദ് മസൂദിന് ഊഞ്ഞാലാട്ടി കൊടുക്ക്, എമ്പുരാൻ മൂന്നാം ഭാഗത്തിൽ ഈ അക്രമത്തെയും ന്യായീകരിക്കു എന്നും കമന്റുണ്ട്. സയീദ് മസൂദുമാർ കശ്മീരിൽ ചെയ്തത് കണ്ടില്ലേ എന്നു ചോദിച്ചുകൊണ്ട് എമ്പുരാനിലെ സയീദ് മസൂദ് എന്ന കഥാപാത്രത്തിന് തീവ്രവാദിയുടെ മുഖം നൽകാനാണ് സംഘപരിവാർ നീക്കം.
മയക്കുമരുന്ന് വ്യാപാരവും ജിഹാദി ഗ്രൂപ്പുകളും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വ്യക്തമായി പറയുന്ന സിനിമയാണ് എമ്പുരാൻ. തീവ്രവാദത്തെ എതിർക്കുന്ന ആളാണ് ചിത്രത്തിലെ നായകൻ. ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ തീവ്രവാദികളാൽ സ്വാധീനിക്കപ്പെടുന്ന കലാപബാധിതനായ സയീദിനെ അവരിൽ നിന്ന് രക്ഷിക്കുന്നത് നായകനായ ഖുറേഷി അബ്രഹാമാണ്. തുടർന്നങ്ങോട്ട് രാജ്യത്തിന് വേണ്ടിയാണ് സയീദിന്റെ പോരാട്ടം. എന്നാൽ ഇതെല്ലാം മറച്ചുവെച്ച് ഈ കഥാപാത്രത്തെയും സിനിമയെയും തീവ്രവാദ അനുകൂലമായി ചിത്രീകരിക്കാനാണ് ശ്രമം ശക്തമാകുന്നത്. സിനിമ ഗുജറാത്ത് പശ്ചാത്തലത്തിൽ ആയതുകൊണ്ട് ലാലിനെ ശത്രുപക്ഷത്ത് നിർത്തി കൂടുതൽ ശക്തമായി ആക്രമിക്കാനും സംഘപരിവാർ ശ്രമിക്കുന്നു.
നേരത്തെ സംഘപരിവാർ ഭീഷണിയെ തുടർന്ന് ചിത്രത്തിലെ ചില ഭാഗങ്ങൾ റീ എഡിറ്റ് ചെയ്യുകയും വില്ലന്റെ പേരുൾപ്പെടെ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും പലപ്പോഴും ആർ എസ് എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നിരന്തരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അതിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാവിന്റെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് ഉൾപ്പെടെ നടത്തുകയും ചെയ്തു. ശത്രുത ഇതിലൊന്നും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ലാലിനെതിരെ ഇപ്പോഴും ഉയരുന്ന ആക്രോശങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.