18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 2, 2025
March 23, 2025
March 22, 2025
March 21, 2025
March 8, 2025
March 1, 2025
February 28, 2025
February 14, 2025
February 12, 2025

നാവികസേനാംഗങ്ങള്‍ക്ക് പൈജാമയും കുര്‍ത്തയും വേണ്ട; മോഡിയുടെ പരിഷ്കാരങ്ങള്‍ പാളി

Janayugom Webdesk
ചണ്ഡീഗഢ്
January 25, 2025 10:48 pm

ബ്രിട്ടീഷ് കാലത്തെ രീതികള്‍ അവസാനിപ്പിച്ച് തദ്ദേശീയ സൈനിക പാരമ്പര്യങ്ങള്‍ വളര്‍ത്തുന്നതിനെന്ന പേരില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അടുത്തിടെ ഇന്ത്യന്‍ നേവിയില്‍ നടപ്പാക്കിയ രണ്ട് പരിഷ്കാരങ്ങളും പാളി. ഓഫിസര്‍ റാങ്കിന് താഴെയുള്ള 65,000 നാവികസേനാംഗങ്ങളുടെ ഔദ്യോഗികനാമം സ്വദേശിവല്‍ക്കരിക്കുന്നത് നിയമപരമായ സങ്കീര്‍ണതകള്‍ കാരണം ഉപേക്ഷിക്കുകയായിരുന്നു. നാവികസേനയുടെ ഡ്രസ് കോഡില്‍ കുര്‍ത്ത‑പൈജാമ എന്നിവ ഔദ്യോഗികമായി ഉള്‍പ്പെടുത്തണം എന്ന രണ്ടാമത്തെ നിര്‍ദേശവും വിജയിച്ചില്ല. രണ്ട് നിര്‍ദേശങ്ങളും അന്നത്തെ ചീഫ് ഓഫ് സ്റ്റാഫ് അഡ‍്മിറല്‍ ആര്‍ ഹരികുമാര്‍ അംഗീകരിച്ചിരുന്നു. 2022ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇതടക്കം അഞ്ച് കാര്യങ്ങള്‍ മുന്നോട്ടുവച്ചത്. 

ഓഫിസര്‍ റാങ്കിന് താഴെയുള്ള മാസ്റ്റര്‍ ചീഫ് പെറ്റി ഓഫിസര്‍ ഒന്നാം ക്ലാസ്, മാസ്റ്റര്‍ ചീഫ് പെറ്റി ഓഫിസര്‍ രണ്ടാം ക്ലാസ്, ചീഫ് പെറ്റി ഓഫിസര്‍, പെറ്റി ഓഫിസര്‍, ലീഡിങ് സീമാന്‍, സീമാന്‍ ഒന്നാം ക്ലാസ്, സീമാന്‍ രണ്ടാം ക്ലാസ് എന്നിവരുടെ ഔദ്യോഗിക നാമം മാറ്റണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. 2024ല്‍ നേവിയുടെ ഓഫിസര്‍ ഡ്രസ് കോഡില്‍ കുര്‍ത്തയും പൈജാമയും ഉള്‍പ്പെടുത്തി നിര്‍ദേശവും പുറപ്പെടുവിച്ചു. എന്നാല്‍ തസ്തികകളുടെ ഔദ്യോഗിക പേര് മാറ്റിയാല്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേവിക്ക് നിയമോപദേശം ലഭിച്ചു. രാജ്യത്തെ കോടതികളില്‍ സൈന്യവുമായി ബന്ധപ്പെട്ട് 7,000ത്തോളം കേസുകളുള്ളതിനാല്‍ പുനര്‍നാമകരണം നിയമപ്രശ്നം സങ്കീര്‍ണമാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

പൈജാമ‑കുര്‍ത്തയുടെ കാര്യത്തില്‍ അഡ‍്മിറലിന്റെ ഉത്തരവ് അംഗീകരിക്കേണ്ടിവന്നെങ്കിലും ഒടുവില്‍ അതും ഉപേക്ഷിക്കേണ്ടിവന്നെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുര്‍ത്ത‑പൈജാമയുടെ പേരില്‍ മറ്റ് സേനാ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ നേവിയെ വിമര്‍ശിച്ചിരുന്നു. അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനുള്ള നടപടിയായി മാത്രമേ ഇതിനെ കാണാനാവൂ എന്ന് വിരമിച്ച ബ്രിഗേഡിയര്‍ രാഹുല്‍ ബോണ്‍സ്‌ലെ പറഞ്ഞു. ഈ വേഷം സൈന്യത്തിന്റെ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.