
കഴിഞ്ഞയാഴ്ച ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് ഒരേസേമയം പ്രതീക്ഷയും അമ്പരപ്പും നിറഞ്ഞതായിരുന്നു. ഒരു വശത്ത്, ചൈനീസ് വിദേശകാര്യ മന്ത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ചു. ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം മറുവശത്ത് പാകിസ്ഥാന്‍ വാണിജ്യ മന്ത്രിയും വിദേശകാര്യ മന്ത്രിയും ധാക്ക സന്ദര്‍ശിച്ചതും ചൈനീസ് വിദേശകാര്യ മന്ത്രി പാക് വിദേശകാര്യ മന്ത്രിയെ കാണാന്‍ ഇസ്ലാമാബാദിലേക്ക് പോയതും ഇന്ത്യയെ അസ്വസ്ഥരാക്കിയ നടപടിയാണ്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലുണ്ടായ പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു. ഇരു രാജ്യങ്ങളും ‘സുസ്ഥിര വികസന പാതയിലേക്ക്’ പ്രവേശിച്ചുവെന്നും പരസ്പരം ‘വിശ്വസിക്കുകയും പിന്തുണയ്ക്കുകയും’ ചെയ്യുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
തര്‍ക്കവിഷയമായ അതിര്‍ത്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് കൂടിക്കാഴ്ച നടത്തി. ഡോവലുമായുള്ള കൂടിക്കാഴ്ചയില്‍ ‘സംഘര്‍ഷം ഇല്ലാതാക്കല്‍, അതിര്‍ത്തി നിര്‍ണയം’ എന്നിവ ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എങ്കിലും, ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിനുശേഷം ഇസ്ലാമാബാദും ധാക്കയും തമ്മില്‍ വര്‍ധിച്ചുവരുന്ന സൗഹൃദം ഇന്ത്യന്‍ നയതന്ത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പ്രതിരോധ — സുരക്ഷാ കേന്ദ്രങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന അടുപ്പത്തെ ഗൗരവമായ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ അടുത്ത ബന്ധം സ്ഥാപിക്കുന്നതോടെ രാജ്യം ഒതുക്കപ്പെടുമോയെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങളില്‍ ആശങ്കയുണ്ട്. പ്രത്യേകിച്ചും ഇന്ത്യയുടെ ‘കോഴിക്കഴുത്ത്’ എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴിയുമായി ബന്ധപ്പെട്ടാണ് ന്യൂഡല്‍ഹിയുടെ ആശങ്കകള്‍. ഇന്ത്യയുടെ സ്വാധീനം നിയന്ത്രിക്കുന്നതിനായി പാകിസ്ഥാനിലെ ഉന്നത ചാര ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശില്‍ പതിവായി സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാക് വാണിജ്യ മന്ത്രി ജാം കമാല്‍ ഖാന്റെ കഴിഞ്ഞയാഴ്ചയിലെ സന്ദര്‍ശനവേളയില്‍, വ്യാപാര — നിക്ഷേപ കമ്മിഷന്‍ രൂപീകരണം, ഹൈഡ്രജന്‍ പെറോക്‌സൈഡ് കയറ്റുമതിയിലെ ആന്റി ഡംപിങ് തീരുവ പിന്‍വലിക്കല്‍, തേയിലയുടെ കയറ്റുമതി നികുതിയിളവ് പുനഃസ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി നടപടികളിലൂടെ പാകിസ്ഥാനുമായുള്ള വ്യാപാര വിടവ് കുറയ്ക്കാനുള്ള ആഗ്രഹം ബംഗ്ലാദേശ് പ്രകടിപ്പിച്ചു. ‘ഞങ്ങള്‍ തീവ്രമായ ചര്‍ച്ച നടത്തി. ഒന്നര പതിറ്റാണ്ടിലേറെയായി നിഷ്‌ക്രിയമായിരുന്ന ബംഗ്ലാ — പാക് സംയുക്ത സാമ്പത്തിക കമ്മിഷന്‍ (ജെഇസി) വീണ്ടും സജീവമാക്കുന്നതിനും ഉഭയകക്ഷി വ്യാപാര — നിക്ഷേപ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഒരു പുതിയ വ്യാപാര‑നിക്ഷേപ കമ്മിഷന്‍ രൂപീകരിക്കുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നു,’ ബംഗ്ലാദേശിന്റെ വാണിജ്യ ഉപദേഷ്ടാവ് എസ് കെ ബഷീര്‍ ഉദ്ദീന്‍ പറഞ്ഞു. തുകല്‍, പഞ്ചസാര വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിന് പാകിസ്ഥാന്റെ പിന്തുണ തേടിയതായും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് പാകിസ്ഥാനിലേക്ക് ചായുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, ‘ഞങ്ങള്‍ എല്ലാവരിലേക്കും ചായുകയാണ് — പാകിസ്ഥാന്‍, അമേരിക്ക, ഇന്ത്യയിലേക്ക് പോലും. അവിടെ നിന്നാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നത്. ബംഗ്ലാദേശിന്റെ താല്പര്യമാണ് പ്രധാനം’ എന്നാണ് ഉപദേഷ്ടാവ് പറഞ്ഞത്.
പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറും കഴിഞ്ഞ വാരാന്ത്യത്തില്‍ ധാക്കയിലേക്ക് പോയി. 13 വര്‍ഷത്തിനുശേഷമുള്ള ആദ്യത്തെ ഉന്നതതല യാത്രയായിരുന്നു അത്. ദാറിന്റെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ‘ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലെ പ്രധാന ചുവടുവയ്പ്’ എന്നാണ് വിശേഷിപ്പിച്ചത്. അതില്‍ ബിഎന്‍പി, ജമാഅത്തെ ഇസ്ലാമി എന്നിവയുള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും ഉള്‍പ്പെടുന്നു. 1971ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ ചരിത്രപരമായി എതിര്‍ത്തവരാണ് ജമാഅത്തെ ഇസ്ലാമി. ദ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇരുരാജ്യങ്ങളും സംയുക്ത സാമ്പത്തിക കമ്മിഷന്‍ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഇതിനായി പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ധാക്ക സന്ദര്‍ശിക്കും. 20 വര്‍ഷത്തിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും.
ദാറും ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈനും തമ്മിലുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് വിസാരഹിത കരാര്‍ ഔദ്യോഗികമായി ഒപ്പുവച്ചു. വ്യാപാരം, നയതന്ത്ര പരിശീലനം, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, തന്ത്രപരമായ പഠനങ്ങള്‍, സാംസ്‌കാരിക വിനിമയം എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് കരാറുകളുടെ ലക്ഷ്യം. പാകിസ്ഥാന്‍ ‘ബംഗ്ലാദേശുമായി പങ്കാളിത്തത്തിന്റെ ഒരു പുതിയ യുഗം’ ആഗ്രഹിക്കുന്നുവെന്ന് ദാര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു, കൂടാതെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒന്നിക്കാന്‍ സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും യുവാക്കളോടും ആഹ്വാനം ചെയ്തു.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, ചൈന എന്നിവ തമ്മില്‍ പരസ്പരമുള്ള ശ്രദ്ധേയമായ രാഷ്ട്രീയ സന്ദര്‍ശനങ്ങളുടെ പരമ്പരയ്ക്ക് പുറമേ, ബംഗ്ലാദേശിന്റെ സൈ നിക മേധാവി ജനറല്‍ വക്കര്‍ ഉസ് സമാനും ചൈനയിലെത്തി മുതിര്‍ന്ന സിവിലിയന്‍, സൈ നിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സൈനിക പ രിശീലനത്തില്‍ ബംഗ്ലാദേശിന്റെ തന്ത്രപരമായ പങ്കാളിയായ ബീജിങ്ങുമായുള്ള ധാക്കയുടെ വളരുന്ന പ്രതിരോധ ബന്ധത്തെ അദ്ദേഹത്തിന്റെ യാത്ര അടിവരയിടുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇസ്ലാമാബാദിലെത്തി പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണേഷ്യയുടെ ദുര്‍ബലമായ സുരക്ഷാ അന്തരീക്ഷത്തിലൂന്നിയായിരുന്നു ചര്‍ച്ചകള്‍. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ഗള്‍ഫ് മേഖല എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈന — പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലും പ്രാദേശിക സ്ഥിരതയിലും ഊന്നല്‍ നല്‍കിയും സാമ്പത്തിക, സുരക്ഷാ പങ്കാളിത്തങ്ങള്‍ ആഴത്തിലാക്കുന്നതിലുമായിരുന്നു ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉടന്‍ ചൈനയിലേക്ക് പോകുമെന്ന വാര്‍ത്തയും വരുന്നു. വര്‍ഷങ്ങളായി അവഗണനയിലായിരുന്ന ചൈന — പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ‑സിപിഇസി- യുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായിരിക്കും അദ്ദേഹത്തിന്റെ സന്ദര്‍ശനം. തൊഴിലവസരങ്ങള്‍, വ്യവസായം, വളര്‍ച്ച എന്നിവയ്ക്കുള്ള മഹത്തായ ഒരു പദ്ധതിയായാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ഇതിനെ അവതരിപ്പിക്കുന്നത്. അത്, പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ പിടി കൂടുതല്‍ ആഴത്തിലാക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സിപിഇസി ഒരു സാമ്പത്തിക പദ്ധതിയെക്കാള്‍ ഗൗരവമുള്ളതാണ്. ഇത് ഗില്‍ജിത് — ബാള്‍ട്ടിസ്ഥാനിലൂടെയും പാക് അധിനിവേശ കശ്മീരിന്റെ ഭാഗത്തുകൂടെയും കടന്നുപോകുന്നു. ചൈനയും പാകിസ്ഥാനും അവിടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നത് പാകിസ്ഥാന്റെ നിയന്ത്രണം ശക്തിപ്പെടുത്തും. ഇത് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണ്. ഗ്വാദറും ആശങ്ക വര്‍ധിപ്പിക്കുന്നു. വാണിജ്യത്തെ മാത്രമല്ല, ചൈനീസ് നാവിക ശക്തിക്കും തുറമുഖം ആതിഥേയത്വം വഹിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു. സിപിഇസി ഉപയോഗിച്ചുള്ള തുറമുഖ വികസനം ആ അപകടസാധ്യത കൂടുതല്‍ ഭീഷണിയുള്ളതാക്കുന്നു. വ്യാവസായിക കേന്ദ്രങ്ങളും ആശങ്കയുടെ മറ്റൊരു നിരയാണ്. ചൈനയുടെ ഇന്ത്യക്കെതിരായ നിരീക്ഷണ കേന്ദ്രങ്ങളാകുന്ന പ്രത്യേക സാമ്പത്തിക മേഖലകളുടെ എണ്ണം ഇരട്ടിയായേക്കാം. ഉഭയകക്ഷിബന്ധങ്ങള്‍ വളരെ ദുര്‍ബലമായ സമയത്താണ് ഇത് വരുന്നത്.
വര്‍ഷങ്ങളോളം നീണ്ടുനിന്ന അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും ചര്‍ച്ചകളിലാണ്. എന്നിട്ടും, ബീജിങ് ഇസ്ലാമാബാദിനെ ആലിംഗനം ചെയ്യുന്നത് കൂടുതല്‍ വേഗത്തിലാക്കുന്നു. ഇത് അവരുടെ ഇരട്ടമുഖമാണ് സൂചിപ്പിക്കുന്നത്. നീക്കങ്ങളിലെല്ലാം, ഇന്ത്യക്കെതിരെയുള്ള ചരടുകള്‍ കൂടുതല്‍ മുറുകുന്നതായും കാണുന്നു. ശ്രീലങ്കയിലെ ഹംബന്‍ടോട്ട മുതല്‍ മ്യാന്‍മറിലെ ക്യുക്പ്യു വരെ, ചൈനീസ് പിന്തുണയുള്ള തുറമുഖങ്ങള്‍ നിലവില്‍ ഇന്ത്യന്‍ സമുദ്രമേഖലയെ വലയം ചെയ്യുന്നു. ഈ സമാന്തര നയതന്ത്ര, സൈനിക, സാമ്പത്തിക ഇടപെടലുകള്‍ കൂട്ടിവായിച്ചാല്‍ പ്രാദേശിക ബന്ധങ്ങളുടെ പുനഃക്രമീകരണത്തിലേക്കാണ് വിരല്‍ ചൂണ്ടുക.
ബീജിങ്ങും ഇസ്ലാമാബാദും ധാക്കയുമായി ഏകോപനം തേടുന്നതിനൊപ്പം അവരുടെ ഉഭയകക്ഷി പങ്കാളിത്തവും ശക്തിപ്പെടുത്തുന്നു. ഇത് ഈ മൂന്ന് രാജ്യങ്ങളെ എതിര്‍ക്കുന്ന നിലപാട് പിന്തുടരാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരെ നിര്‍ബന്ധിതമാക്കും. ഇന്ത്യ ഒരിക്കലും അത്തരം കപടത നടത്തിയിട്ടില്ലാത്തതിനാലും ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിനെതിരെ തിരിക്കുന്നതില്‍ ഏര്‍പ്പെടാത്തതിനാലും കാര്യങ്ങള്‍ അല്പം കഠിനമായേക്കാം.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.