
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ ഡ്രോണുകളുടെ സാന്നിധ്യം വീണ്ടും കണ്ടെത്തി. നൗഷേര സെക്ടറിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിർത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ജാൻഗഡ്, കലാൽ മേഖലകളിൽ ഡ്രോണുകൾ സൈന്യത്തിന്റെ ശ്രദ്ധയില്പെട്ടത്. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഡ്രോണുകൾ പാക് അതിർത്തിയിലേക്ക് തന്നെ മടങ്ങിപ്പോയി.
സംഭവത്തെത്തുടർന്ന് രജൗരി, പൂഞ്ച്, സാംബ ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും സൈന്യം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പാക് അധീന കശ്മീരിൽ നിന്നെത്തിയ ഡ്രോൺ അതിർത്തി ഗ്രാമങ്ങളിൽ ആയുധങ്ങൾ നിക്ഷേപിച്ചതായി സൈന്യം സ്ഥിരീകരിച്ചു. തുടർന്ന് ബിഎസ്എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ മാരകായുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
രണ്ട് മാഗസിനുകളുള്ള ചൈനീസ് നിർമ്മിത 9 എംഎം പിസ്റ്റൾ, ഒരു മാഗസിനോടുകൂടിയ ഗ്ലോക്ക് 9 എംഎം പിസ്റ്റൾ, ചൈനീസ് നിർമ്മിത ഹാൻഡ് ഗ്രനേഡ്, പതിനാറോളം ലൈവ് റൗണ്ട് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു, അതിർത്തി മേഖലകളിൽ ഡ്രോൺ വിരുദ്ധ സേനയുടെ സഹായത്തോടെ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. രാത്രികാലങ്ങളിൽ ഡ്രോണുകളെ കണ്ടെത്താൻ അത്യാധുനിക തെർമൽ കാമറകളും സെൻസറുകളും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.