20 December 2025, Saturday

Related news

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ജമ്മുവില്‍ പാക് മിസൈലാക്രമണം; പാക് F‑16, JF- 17 യുദ്ധ വിമാനം തകര്‍ത്ത് ഇന്ത്യൻ സൈന്യം

 പാകിസ്ഥാന്റെ മൂന്ന് വിമാനങ്ങള്‍ വെടിവച്ചിട്ടു
 50 ലധികം പാക് ഡ്രോണുകളും വീഴ്ത്തി 
 ശ്രീനഗര്‍ വിമാനത്താവളത്തില്‍ ആക്രമണം
 ലക്ഷ്യം വച്ചത് 15 നഗരങ്ങള്‍
 ലാഹോറിലെ വ്യോമസംവിധാനം തകര്‍ത്തു
 25 ഡ്രോണുകള്‍ വീഴ്ത്തിയെന്ന് പാകിസ്ഥാന്‍
Janayugom Webdesk
ശ്രീനഗർ
May 8, 2025 9:34 pm

ന്യൂഡൽഹി/ലാഹോര്‍: അതിര്‍ത്തിയില്‍ ഇന്ത്യ‑പാകിസ്ഥാന്‍ ആകാശയുദ്ധം. പാകിസ്ഥാന്റെ മൂന്ന് വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. യുഎസ് നിര്‍മ്മിത എഫ് 16, ചൈനീസ് നിര്‍മ്മിത ജെഎഫ് 17 വിമാനങ്ങളാണ് വീഴ്ത്തിയത്. ഒരേസമയം ശ്രീനഗര്‍ വിമാനത്താവളമുള്‍പ്പെടെ ജമ്മു കശ്മീരിലെ നിരവധി പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. ഉധംപൂരിലും അഖ്നൂറിലും ഡ്രോണ്‍ ആക്രമണം വിഫലമാക്കി. രാജസ്ഥാനിലെ ജയ്സാല്‍മിറിലും പാകിസ്ഥാന്‍ ആക്രമണം തകര്‍ത്തു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രത്യാക്രമണം നടത്താനുള്ള പാക് ശ്രമങ്ങൾ ബുധനാഴ്ച രാത്രിയും ഇന്ത്യ വിഫലമാക്കിയിരുന്നു.

മറുപടിയായി ലാഹോർ അടക്കമുള്ള മേഖലകളിലെ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്തു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ട പാക് മിസൈലുകളും ഡ്രോണുകളും റഷ്യന്‍ നിര്‍മ്മിത എസ് 400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ വിഫലമാക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയുമായിരുന്നു ആക്രമണം. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്‌സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടതെന്ന് വിദേശകാര്യ വകുപ്പ് സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ ഈ ശ്രമങ്ങളെയെല്ലാം നിർവീര്യമാക്കി. പഞ്ചാബ് അതിര്‍ത്തിയിലെ നിരവധി സ്ഥലങ്ങളിൽ നിന്ന് മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

പാക് ആക്രമണത്തിന് മറുപടിയായി ലാഹോറിലെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തി. സംഘർഷം വർധിപ്പിക്കാന്‍ ഇന്ത്യൻ സേനയ്ക്ക് ഉദ്ദേശ്യമില്ലെന്നും പ്രകോപനമുണ്ടാക്കിയാൽ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും വ്യക്തമാക്കി. ഇസ്രയേല്‍ നിര്‍മ്മിത ഹാര്‍പ് ഡ്രോണുകളാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചത്. ലാഹോറിലും കറാച്ചിയിലും വന്‍ സ്ഫോടനങ്ങളുണ്ടായി. ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ പാകിസ്ഥാൻ അടച്ചു. ഗുജ്രൻവാല പ്രദേശത്തും സ്ഫോടനം ഉണ്ടായി. റാവൽപിണ്ടി സ്റ്റേഡിയത്തിന് സമീപം സ്ഫോടനമുണ്ടായതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന പിഎസ്എൽ മത്സരം റദ്ദാക്കി. അതേസമയം 25 ഇന്ത്യൻ ഡ്രോണുകൾ തകർത്തുവെന്ന് പാകിസ്ഥാൻ സൈനിക വക്താവ് അഹമ്മദ് ഷരീഫ് ചൗധരി അവകാശപ്പെട്ടു. ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഏതാനുംപേര്‍ക്ക് പരിക്കേറ്റതായും ചൗധരി സ്ഥിരീകരിച്ചു. ഇതുവരെ അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങളും 30 ഡ്രോണുകളും തകര്‍ത്തതായി ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണ രേഖയിൽ കുറഞ്ഞത് 50 ഇന്ത്യൻ സൈനികരെ പാകിസ്ഥാൻ സൈന്യം വധിച്ചതായി ദേശീയ അസംബ്ലിയിൽ നടത്തിയ നയപ്രഖ്യാപനത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാർ അവകാശപ്പെട്ടു.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.