
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണത്തിന്റെ പ്രഹരമേറ്റ വിവരം ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്താൻ. ഡിസംബർ 27ന് ശനിയാഴ്ച നടന്ന വർഷാവസാന വാർത്താ സമ്മേളനത്തിൽ പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ ആണ് ഇക്കാര്യ സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പാകിസ്താന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.
ഇന്ത്യൻ ഡ്രോണുകൾ റാവൽപിണ്ടിയിലെ ചക്‌ലാലയിലുള്ള നൂറ് ഖാൻ വ്യോമതാവളത്തെ ആക്രമിച്ചതായും, അതിൽ സൈനിക സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അദ്ദേഹം സമ്മതിച്ചു.
മേയ് 10‑ന് പുലർച്ചെ നൂറ് ഖാൻ വ്യോമതാവളത്തിൽ ആക്രമണം നടത്തി ഇന്ത്യ ‘തെറ്റ്’ ചെയ്തു എന്നായിരുന്നു ദാറിന്റെ വാദം. ‘അവർ (ഇന്ത്യ) പാകിസ്താനിലേക്ക് ഡ്രോണുകൾ അയച്ചു. 36 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 80 ഡ്രോണുകളെങ്കിലും അവർ അയച്ചിരിക്കും. 80‑ൽ 79 ഡ്രോണുകളും ഞങ്ങൾക്ക് തടയാൻ കഴിഞ്ഞു. ഒരു ഡ്രോൺ മാത്രമാണ് വ്യോമതാവളത്തിൽ പതിച്ചത്. അതിൽ സൈനിക സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.’ ദാർ പറഞ്ഞു.
ഇന്ത്യൻ സായുധ സേന മേയ് ഏഴിന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഏപ്രിൽ 22‑ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന്റെ പ്രതികരണമായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ ആക്രമണം. ആദ്യം പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടതിന് ശേഷമാണ് ഇന്ത്യൻ സൈന്യം പാക് സൈനിക സ്ഥാപനങ്ങളെ ആക്രമിച്ചത്.
പാകിസ്താൻ വ്യോമസേനയുടെ ഒരു പ്രധാന കേന്ദ്രമാണ് നൂറ് ഖാൻ, ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആക്രമിച്ച 11 വ്യോമതാവളങ്ങളിൽ ഒന്നായിരുന്നു ഇത്. സർഗോദ, റാഫിക്, ജേക്കബാദ്, മുരിഡ്‌കെ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളും ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. ഇന്ത്യ ആക്രമണം തുടങ്ങിയശേഷം, മേയ് ഒമ്പതിന് രാത്രി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ സിവിൽ, സൈനിക നേതൃത്വം ഒരു യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതികരണങ്ങൾ അംഗീകരിക്കുകയും ചെയ്തതായി ദാർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.