24 September 2024, Tuesday
KSFE Galaxy Chits Banner 2

അതിര്‍ത്തിയില്‍ പാക് പടയൊരുക്കം; അതിനൂതന ചൈനീസ് പീരങ്കികള്‍ വിന്യസിച്ചു

Janayugom Webdesk
ഇസ്ലാമാബാദ്
June 26, 2023 9:41 pm

പാകിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിയില്‍ അതിനൂതന ആയുധ വിന്യാസത്തിന് ചൈനീസ് സഹായം. പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്നതിനിടെയിലും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അയല്‍രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ചൈന പ്രകടിപ്പിക്കുന്ന താല്പര്യം ഇന്ത്യ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

പാക് മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നീരിക്ഷണത്തിനായി ആളില്ലാ വിമാനങ്ങളും വിവരവിനിമയത്തിനായി ടവറുകളും കേബിളുകളും സ്ഥാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ പാകിസ്ഥാന്‍ അധീന മേഖലകളില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ചരക്ക് നീക്കങ്ങള്‍ക്ക് നിര്‍ണായകമാകുന്ന ചൈന‑പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി), മേഖലയിലെ ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ചൈനയുടെ ലക്ഷ്യം.

അടുത്തിടെ വികസിപ്പിച്ച 155 എംഎമ്മിന്റെ എസ്എച്ച് 15 പീരങ്കിയുടെ സാന്നിധ്യം അതിര്‍ത്തി മേഖലയില്‍ പലയിടത്തുമുണ്ടെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2022 ലെ പാകിസ്ഥാന്‍ ദിനത്തിലാണ് മിസൈല്‍ ആദ്യമായി പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചത്. വേഗതയും സ്ഥിരതയുമുള്ള 236 എസ് 15 മിസൈല്‍ വാങ്ങാനാണ് പാകിസ്ഥാന്‍ ചൈനയുമായി ധാരണയായതെന്ന് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജനിസ് പ്രതിരോധ മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ആയുധനിര്‍മ്മാതാക്കളായ നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പറേഷന്‍ ലിമിറ്റഡ് (നോറിന്‍കോ) ആണ് പീരങ്കികള്‍ നിര്‍മ്മിക്കുന്നത്. 2022 ജനുവരിയില്‍ ആദ്യ ബാച്ച് പീരങ്കികള്‍ പാകിസ്ഥാന് കൈമാറുകയും ചെയ്തു. അതിര്‍ത്തിക്ക് സമീപം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം ഭൂഗര്‍ഭ ബങ്കറുകളുടെ നിര്‍മ്മാണവും ചൈനയുടെ സഹായത്തോടെ പുരോഗമിക്കുകയാണ്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ചൈനീസ് നിര്‍മ്മാണത്തെ രാജ്യം അതീവശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. സൈന്യം ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും രഹസ്യാന്വേഷണ വിഭാഗവുമായി തുടര്‍ച്ചയായ യോഗങ്ങള്‍ ചേരുന്നുണ്ട്. ഗില്‍ജിത്, ബാല്‍ട്ടിസ്ഥാന്‍ മേഖലകളിലെ ചൈനീസ് സാന്നിധ്യത്തിനെതിരെ ഇന്ത്യ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള പ്രകോപനശ്രമങ്ങളെ ഇന്ത്യന്‍ സേന കണ്ടില്ലെന്ന് നടിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Pak­istan Army deploy­ing new Chi­nese can­non on LoC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.