21 February 2026, Saturday

Related news

February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 19, 2026

ടി20 ലോകകപ്പിൽ ഇന്ത്യ‑പാക് പോരാട്ടമില്ല; മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനം

Janayugom Webdesk
ഇസ്ലാമാബാദ്
February 1, 2026 9:09 pm

ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിച്ച് പാകിസ്ഥാൻ. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട പോരാട്ടത്തിൽ നിന്ന് പാക് ടീം വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം. 

അതേസമയം, ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കില്ലെന്നും ടൂര്‍ണമെന്‍റില്‍ മറ്റ് ടീമുകള്‍ക്കെതരിരെ കളിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ടീം നാളെ ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയോടുള്ള പ്രതിഷേധമായാണ് പാകിസ്ഥാന്‍റെ നീക്കം. ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി നൽകുന്നു. എന്നാൽ 2026 ഫെബ്രുവരി 15ന് ഇന്ത്യക്കെതിരെ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ പാക് ടീം കളിക്കളത്തിൽ ഇറങ്ങുന്നതല്ല എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍രെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതോടെ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയന്‍റുകൾ ലഭിക്കും. സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാൽ പാകിസ്ഥാന്‍റെ നിലപാട് എന്തായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഏഷ്യ കപ്പിലെ സംഘർഷങ്ങളും പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു ടീമുകളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ കാരണങ്ങളാൽ ഒരു രാജ്യം ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കുന്നത് ഐസിസി ഗൗരവമായാണ് കാണുന്നത്. പാകിസ്ഥാനെതിരെ ഐസിസി കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.

സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീം ഫെബ്രുവരി 7‑ന് നെതർലൻഡ്‌സിനെതിരെയാണ് ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്നത്. ഇന്ത്യ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവരാണ് പാകിസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.