2 February 2026, Monday

Related news

February 2, 2026
February 2, 2026
February 2, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
January 31, 2026

പാകിസ്ഥാന്റെ ലോകകപ്പ് നാടകം തുടരുന്നു

Janayugom Webdesk
ദുബായ്
February 2, 2026 10:06 pm

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ കർശന നിലപാടുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബഹിഷ്‌കരണ തീരുമാനത്തിന്റെ പ്രത്യാഘാതം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി. ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ ഇന്ത്യയുമായുള്ള മത്സരം ഒഴിവാക്കുന്നത്. പാക് സർക്കാരാണ് മത്സരം ബഹിഷ്‌കരിക്കാൻ പിസിബിക്ക് നിർദേശം നൽകിയത്. 

ഈ മാസം 15ന് കൊളംബോയിലാണ് ഇന്ത്യ‑പാക് ഗ്രൂപ്പ് ഘട്ട മത്സരം. ‘സർക്കാരുകളുടെ നയപരമായ തീരുമാനങ്ങളെ മാനിക്കുന്നുണ്ടെങ്കിലും, കായിക വിനോദത്തിനും ലക്ഷക്കണക്കിന് ആരാധകർക്കും ദോഷകരമാകുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ല’ — ഐസിസി വക്താവ് പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിസിബിയുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി അറിയിച്ചു. ലോകകപ്പ് വിജയകരമായി പൂർത്തിയാക്കേണ്ടത് എല്ലാ അംഗരാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

ടൂർണമെന്റിന്റെ അഖണ്ഡത തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയതിന് പിന്നാലെ പാകിസ്ഥാനെതിരെ ബിസിസിഐയും രംഗത്തെത്തി. കായിക മര്യാദ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഐസിസിയുമായി ചർച്ച ചെയ്ത ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്തുമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
ലോകകപ്പിൽ ഇന്ത്യക്കെതിരെ എന്നും മോശം റെക്കോഡുള്ള പാകിസ്ഥാൻ പിന്മാറുന്നത് ടൂർണമെന്റിന്റെ ആവേശത്തെ ബാധിക്കുമെന്നാണ് ആരാധകരുടെ ആശങ്ക. എന്നാൽ പിന്മാറ്റത്തിൽ ഉറച്ചുനിന്നാൽ പാക് ക്രിക്കറ്റ് ബോർഡിനെതിരെ കടുത്ത അച്ചടക്ക നടപടികളോ വിലക്കോ ഉണ്ടാകാൻ സാധ്യതയുണ്ട്. 

ഇന്ത്യയിലെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിട്ടുനിന്ന ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുമായുള്ള ഗ്രൂപ്പ് മത്സരം മാത്രം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ ഐസിസി അവരെ നീക്കി പകരം സ്കോട്ട‌്‌ലാൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്നലെ ശ്രീലങ്കയില്‍ പറന്നിറങ്ങി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്. പാകിസ്ഥാനെ കൂടാതെ നമീബിയ, നെതർലാൻഡ്‌സ്, യുഎസ് എന്നിവരാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar