
പാലക്കാട് തൃത്താലയ്ക്കടുത്തുള്ള കുമ്പിടി ഗ്രാമം, പഞ്ചപാണ്ഡവരുടെ കാലത്തെ ചൂതുകളിയുടെ പുനഃരാവിഷ്കാരമായ പകിട മത്സരത്തിന് വേദിയാവുകവഴി ഇവിടം തനതു കായിക പ്രേമികളുടെ ശ്രദ്ധാകേന്ദ്രമാണ്. തലമുറകളായി കൈമാറിവരുന്ന ഈ കളി, പഴമയുടെ എല്ലാ തനിമയോടും കൂടി ഇപ്പോഴും ഇവിടെ അരങ്ങേറുന്നു. ഇന്ത്യയിൽ അറിയപ്പെടുന്ന ഏറ്റവും പുരാതനമായ കളി ചതുരംഗമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. ചെസിന്റെ പ്രാഗ് രൂപമാണിത്. പുരാതന ഭാരതത്തിൽ, ഏകദേശം ആറാം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണകാലത്ത് ചതുരംഗം കളിച്ചിരുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ആദ്യകാല സംസ്കൃത ഗ്രന്ഥങ്ങളിൽ കാണാം. ചൂത് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഇത് കളിക്കുന്നത്. പകിട നിർമ്മിച്ചിരിക്കുന്നത് പ്രധാനമായും പിത്തള കൊണ്ടാണ്. മുൻകാലങ്ങളിൽ ഇത് ചെമ്പ്, പഞ്ചലോഹം എന്നിവ കൊണ്ടും നിർമ്മിച്ചിരുന്നു. ചെസ് ബോർഡിന് സമാനമായ കളങ്ങൾ വരച്ച മര പലകയിലാണ് (wooden platform) ഈ കളി നടത്തുന്നത്. 96 കളങ്ങൾ നാല് വരികളിലായി ക്രമീകരിച്ചിരിക്കുന്നു. ഈ കളങ്ങൾ 12 ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. വാഴക്കഷ്ണം ഉപയോഗിച്ച് നിർമ്മിച്ച ചൂത് കൊണ്ടാണ് കളിക്കാർ കരുക്കൾ നീക്കുന്നത്. തേക്കിലും വാഴന്റണയിലും നിർമ്മിച്ച നാല് വ്യത്യസ്ഥ തരം ചൂതുകൾ പ്രചാരത്തിലുണ്ട്: ഓടൻ, വട്ടൻ, കൂർമ്പൻ, പാത്തി എന്നിവയാണവ.
രണ്ട് പകിടകൾ (dice) കൈകൾ ചേർത്തുവച്ച് കറക്കിയ ശേഷം കളത്തിലേക്ക് എറിയുന്നു. ലഭിക്കുന്ന സംഖ്യകളുടെ ആകെത്തുക അനുസരിച്ച് കളിക്കാർ അവരുടെ കരുക്കൾ മുന്നോട്ട് നീക്കുന്നു. റഫറിയുടെ വിസിൽ കളിയുടെ ഗതി നിർണയിക്കുന്നതോടൊപ്പം, കളിനിയമങ്ങൾ ഉറപ്പാക്കുന്നു. തോൽക്കുന്ന കളിക്കാർക്ക് ഓല കൊണ്ടുള്ള തൊപ്പിയും, ചെവിയിൽ മച്ചിങ്ങയും നൽകുന്നത് ഒരു രസകരമായ ശിക്ഷാരീതിയാണ്. ചൂതിൽ രണ്ട് നാലുകൾ ഒരുമിച്ച് വീണാൽ അതിനെ ‘പെരുപ്പ്’ എന്ന് പറയുന്നു. ഓരോ ചൂതിലും ആറു വീതം വരുന്ന രണ്ട് പകിട കൊമ്പനുകൾ ഒരുമിച്ചെത്തിയാൽ അതിനെ നാടൻ ഭാഷയിൽ ‘കൊമ്പ് കെട്ടി ഇണ കൂടുന്നു’ എന്ന് പറയും. 51 കളങ്ങൾ പൂർത്തിയാക്കിയാൽ എട്ട് യുഗ്മം (ജോടി) കാളകളെ സമ്മാനമായി ലഭിക്കും എന്നൊക്കെയുള്ള നാടൻ വിശ്വാസങ്ങളും ആറുമാസത്തോളം നീണ്ടുനിൽക്കുന്ന ഈ കളിക്ക് പിന്നിലുണ്ട്.
കാലാതീതമായ ആകർഷണീയതയും മികച്ച കരകൗശല വൈദഗ്ധ്യവും ഒത്തുചേർന്ന ‘മാന്നാർ ക്രാഫ്റ്റ് ബ്രാസ്’ ആണ് ഇന്നത്തെ പ്രധാന പകിട നിർമ്മാതാക്കൾ. പണ്ട് രാജാക്കന്മാർ വിനോദത്തിനായി ഉപയോഗിച്ചിരുന്ന ഈ വിശിഷ്ടമായ പിത്തള ഉപകരണം സങ്കീർണതയുടെയും പ്രൗഡിയുടെയും അടയാളമാണ്. കരകൗശല വിദഗ്ധർ നിർമ്മിക്കുന്ന ഈ പിത്തള പകിടയ്ക്ക് മിനുക്കിയ പിത്തള ഫിനിഷിങ്ങുണ്ട്. ഇത് രാജകീയ പ്രഭാ വലയം പ്രദാനം ചെയ്യുന്നു. പകിടയുടെ സങ്കീർണമായ രൂപകല്പന അതിന്റെ സൗന്ദര്യം വർധിപ്പിക്കുകയും ചരിത്രപരമായ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്യുന്നു. അതിന്റെ മനോഹാരിതയും മികച്ച രൂപകല്പനയും കാരണം പാരമ്പര്യ പ്രേമികൾ പകിട, വീടുകളിൽ അലങ്കാര വസ്തുവായും ഉപയോഗിക്കുന്നു.
മഹാഭാരതത്തിൽ ഈ കളി ‘പാഷ’ എന്ന പേരിൽ വിവരിച്ചിട്ടുണ്ട്. ഇതൊരു സമമിതിയിലുള്ള കുരിശിന്റ ആകൃതിയിലുള്ള പലകയിലാണ് കളിച്ചിരുന്നത്. ഒരു കളിക്കാരന്റെ കരുക്കൾ നീക്കുന്നത്, ആറോ ഏഴോ കൗറി ഷെല്ലുകൾ എറിയുന്നതിനെ ആശ്രയിച്ചാണ്. മുകളിലേക്ക് കാണുന്ന ഷെല്ലുകളുടെ എണ്ണം നീങ്ങേണ്ട കളങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. രണ്ടു ദേശങ്ങൾ തമ്മിലുള്ള അഭിമാന പോരാട്ടവും തന്ത്രപരമായ നീക്കങ്ങളും ഈ കളിയിലൂടെ പ്രകടമാവുന്നു. മത്സരത്തിന് തയ്യാറെടുക്കുന്ന തെക്കുംപാടം ഉണർത്തുപാട്ടുമായി എത്തുമ്പോൾ, പാലൂരിലെ കളിക്കാർ അതേ ആവേശത്തോടെ ഏറ്റുപാടുന്നു. നീളത്തിലുള്ളതും വൃത്താകൃതിയിലുള്ളതുമായ വാഴന്റണ കഷ്ണങ്ങൾ കരുക്കളാക്കി അവർ പോരാട്ടത്തിനിറങ്ങുന്നു. പിന്നീട് ‘കൊമ്പ് കെട്ടാൻ’ അവർ പകിടകൾ നിരത്തുന്നു. പകിടക്കരുക്കൾക്ക് എളുപ്പത്തിൽ നീങ്ങാനായി കളത്തിന് താഴെ ഉമിയും ഈർച്ചപ്പൊടിയും വിരിക്കുന്നു. ഉത്തരം കിട്ടാത്ത ഒരു കടങ്കഥ പോലെ ആധുനിക ലോകത്തും, കുടിപ്പകയുടെ രൂപത്തിൽ ചൂതുമായി ശകുനി എത്തുന്നുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഈ പകിടകളി നൽകുന്നു.
ഒരു ‘വര കളി’ ഏകദേശം മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കും. കളിയിലെ തന്ത്രപരമായ നീക്കങ്ങളെക്കുറിച്ച് അറിയാതെ പോലും ലക്ഷ്യമൊത്ത് നോക്കാനുള്ള കുമ്പിടിക്കാരുടെ കൈവഴക്കം ഒന്നു വേറെ തന്നെയാണ്.
ഇടവ രാശിയിൽ കൊമ്പ് വരച്ച് 48 കളങ്ങളിൽ ചൂത് ചുറ്റി വാതുവെച്ച് ‘പെൺ കൊമ്പ് കെട്ടുന്നു. പകിട പകിട പന്ത്രണ്ട്, പകരുന്ന പക പോലെ പടയിലടവിലിടറി വീണ കലിയുഗ മാരണങ്ങളെ നീക്കാൻ പകിടകളായ കൊമ്പനും കൗളിയും ആർപ്പ് വിളിക്കുന്നു. ഈ കളിയെ കുറിച്ച് ലോകത്തിൽ പല തരത്തിലുള്ള ഐതിഹ്യങ്ങളും നിലവിലുണ്ട്. മരിച്ചു കഴിഞ്ഞാൽ തന്റെ നട്ടെല്ലിലെ കശേരുക്കൾ എടുത്ത് പകിട നിർമ്മിച്ചാൽ ആ കളിയിൽ ഒരിക്കലും തോൽക്കില്ലെന്ന മഹാഭാരതത്തിലെ സുവലന്റെ കഥ അതിലൊന്നാണ്. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി, ഒറ്റക്കെട്ടായി സഹോദരങ്ങളെപ്പോലെ ഈ ഐതിഹ്യങ്ങൾ ഇന്നും കുമ്പിടിയിലെ ഗ്രാമപ്രദേശങ്ങളിൽ കർക്കിടകം മുതൽ ചിങ്ങത്തിലെ അവിട്ടം വരെ മാറ്റൊലി സൃഷ്ടിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.