
രാജ്യത്തെ ഏറ്റവും പഴക്കമേറിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ ഗ്രൂപ്പില്‍ അസാധാരണമായ നേതൃപ്രതിസന്ധി. ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ ടാറ്റാ സണ്‍സിന്റെ 66% ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റില്‍ തര്‍ക്കം ഉടലെടുത്തതോടെയാണ് ഭിന്നത തുടങ്ങിയത്. ഇതോടെ ബോര്‍ഡ് ഡയറക്ടര്‍മാരുടെ നിയമനം ഉള്‍പ്പെടെ അനിശ്ചിതത്വത്തിലായി.
30 ലിസ്റ്റഡ് സ്ഥാപനങ്ങള്‍ അടക്കം 400ലധികം കമ്പനികളിലായി വ്യാപിച്ചുകിടക്കുന്ന 18,000 കോടി ഡോളര്‍ മൂല്യമുള്ള വ്യവസായ സാമ്രാജ്യം ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. ഇന്ത്യന്‍ സമ്പദ‍്‍വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുന്ന കാര്യമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
2024 ഒക്ടോബറില്‍ രത്തന്‍ ടാറ്റ മരിച്ചശേഷം ചെയര്‍മാനായ നോയല്‍ ടാറ്റയും ടാറ്റാ സണ്‍സിലെ രണ്ടാമനായ ഷാപൂര്‍ജി പല്ലോഞ്ചി കുടുംബവുമായി ബന്ധമുള്ള മെഹ‍്‍ലി മിസ്ത്രിയും തമ്മിലാണ് പോര്. ബോര്‍ഡ് നിയമനങ്ങളില്‍ നോയല്‍ ടാറ്റ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് ആക്കം കൂട്ടി. പ്രധാന തീരുമാനങ്ങളില്‍ മിസ്ത്രി ഒറ്റപ്പെടുന്നതായി തോന്നിയതോടെ ട്രസ്റ്റുകളുടെ ഏഴംഗ ബോര്‍ഡിനുള്ളില്‍ പിളര്‍പ്പിന് വഴിയൊരുക്കിയതായും വൃത്തങ്ങള്‍ പറയുന്നു.
മുന്‍ പ്രതിരോധ സെക്രട്ടറിയും ടാറ്റാ സണ്‍സില്‍ ദീര്‍ഘകാലം ഡയറക്ടറുമായിരുന്ന വിജയ് സിങ്ങിന്റെ പുനര്‍നിയമനം ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ 11ന് ആറ് ട്രസ്റ്റികള്‍ യോഗം ചേര്‍ന്നപ്പോഴാണ് വിവാദം ആരംഭിച്ചത്. വിജയ് സിങ്ങിനെ നിയമിക്കുന്നതിനെ നോയല്‍ ടാറ്റയും ടിവിഎസ് ഗ്രൂപ്പ് ചെയര്‍മാനായി തുടരുന്ന വേണു ശ്രീനിവാസനും പിന്തുണച്ചു. എന്നാല്‍ മിസ്ത്രിക്ക് ഒപ്പമുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
ഇതിനിടെ ട്രസ്റ്റിലെ നാല് അംഗങ്ങള്‍ മെഹ‍്‍ലി മിസ്ത്രിയെ ടാറ്റ സണ്‍സ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ശ്രമിച്ചു. നോയല്‍ ടാറ്റയും ശ്രീനിവാസനും ഈ നീക്കം തടഞ്ഞു. ഇതോടെ തര്‍ക്കം രൂക്ഷമാവുകയും ഇത് വിജയ് സിങ്ങിനെ സ്വമേധയാ രാജിവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബോര്‍ഡ് നാമനിര്‍ദേശങ്ങള്‍ അനിശ്ചിതത്വമാവുകയും ചെയ്തു.
ഈ പ്രശ്നത്തിൽ കേന്ദ്രസർക്കാർ എന്ത് നയം സ്വീകരിക്കും എന്നതും പ്രസക്തമാണ്. സ്വകാര്യ കമ്പനികളുടെ ഭരണപരമായ തർക്കങ്ങളിൽ സർക്കാരുകൾ ഇടപെടാറില്ല എന്നാല്‍ സമ്പദ‍്‍വ്യവസ്ഥയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ സംഭാവന കണക്കാക്കുമ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ കൂടി താല്പര്യമാണ്. പ്രതിസന്ധി രൂക്ഷമായതോടെ നോയല്‍ ടാറ്റയും എന്‍ ചന്ദ്രശേഖരനും ഉള്‍പ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും കണ്ടിരുന്നു. നാളെ ടാറ്റാ ട്രസ്റ്റ് ബോര്‍ഡ് നിര്‍ണായകമായ യോഗം ചേരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.