സംസ്ഥാന സ്കൂൾ കായികമേളയുടെ ട്രാക്കുണർന്ന ദിനം തന്നെ കുതിപ്പ് തുടങ്ങി പാലക്കാടും മലപ്പുറവും. കഴിഞ്ഞ കായിക മേളയിൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് പാലക്കാടിന് മുന്നിൽ അടിയറവ് വച്ച മലപ്പുറം കൊച്ചിയുടെ മണ്ണിൽ എന്ത് വിലകൊടുത്തും തിരികെ പിടിക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് കളത്തിലിറങ്ങിയത്. ട്രാക്കിൽ 15 ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 30 പോയിന്റുമായി മലപ്പുറമാണ് മുന്നിൽ. 29 പോയിന്റുമായി തൊട്ടുപിന്നിൽ പാലക്കാടുമുണ്ട്. നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് മലപ്പുറത്തിന്റെ സമ്പാദ്യം. നാല് സ്വർണം കരസ്ഥമാക്കിയ പാലക്കാട് ഒരു വെള്ളിയും ആറ് വെങ്കലവും നേടിയിട്ടുണ്ട്. 19 പോയിന്റുമായി എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. ഗെയിംസ് മത്സരങ്ങൾ ഏറെക്കുറെ പൂർത്തിയായപ്പോൾ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്. 1,015 പോയിന്റ് അക്കൗണ്ടിൽ ചേർത്ത തിരുവനന്തപുരം 120 സ്വർണവും 77 വെള്ളിയും 90 വെങ്കലവും നേടിയിട്ടുണ്ട്. 55 സ്വർണം ഉൾപ്പെടെ 553 പോയിന്റുമായി കണ്ണൂരാണ് രണ്ടാമത്. മൂന്ന് മീറ്റ് റെക്കോഡ് പ്രകടനത്തിനും മഹാരാജാസ് കോളജ് മൈതാനം സാക്ഷ്യം വഹിച്ചു. 3000 മീറ്റർ ഓട്ടത്തിൽ മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ് എസിലെ എം പി മുഹമ്മദ് അമീനാണ് ആദ്യ മീറ്റ് റെക്കോഡ് നേടിയത്. സീനിയർ ബോയ്‌സ് വിഭാഗത്തിൽ 400 മീറ്റർ ഓട്ടത്തിൽ ജിവി രാജ സ്പോർട്സ് സ്‌കൂളിലെ മുഹമ്മദ് അഷ്ഫാഖ്, സീനിയർ ആൺകുട്ടികളുടെ പോൾ വാൾട്ടിൽ ശിവദേവ് രാജീവ് എന്നിവരും റെക്കോഡ് സ്വന്തമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 3000 മീറ്ററിൽ കെ സി മുഹമ്മദ് ജസീൽ ബെസ്റ്റ് മീറ്റ് റെക്കോഡ് നേട്ടം സ്വന്തമാക്കി. കായികമേളയുടെ നാലാം ദിനമായ ഇന്ന് സബ‌്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളിലെയും പെൺകുട്ടികളിലേയും വേഗരാജാക്കന്മാർ ആരെല്ലാം ആണെന്നതിന്റെ ഉത്തരം ലഭിക്കും. 800 മീറ്റർ അടക്കമുള്ള ഗ്ലാമർ ഇനങ്ങളും ഇന്ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.