23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024
November 11, 2024

പാലക്കാട് കുതിപ്പ് തുടരുന്നു

നിഖില്‍ എസ് ബാലകൃഷ്ണന്‍
കുന്നംകുളം
October 18, 2023 11:38 pm

സംസ്ഥാന സ്കൂള്‍ കായികോത്സവം രണ്ടാം ദിനത്തില്‍ ട്രാക്കിനെ തീപിടിപ്പിച്ചത് 100 മീറ്റര്‍ മത്സരങ്ങള്‍. മേളയുടെ ഗ്ലാമര്‍ ഇനമായ മത്സരത്തിലെ സീനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തി പാലക്കാട് ജില്ലയിലെ മാത്തൂര്‍ സിഎഫ്ഡി വിഎച്ച്എസ്എസിലെ പി അഭിരാം (11.10) വേഗരാജ പട്ടം കൈപ്പിടിയില്‍ ഒതുക്കി. സീനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തി പാലക്കാട് ഗവ.മോയന്‍ എച്ച്എസ്എസിലെ താര ജി (12.35) വേഗറാണിയുമായി. 100 മീറ്ററില്‍ ഇരുവിഭാഗങ്ങളിലും ഒന്നാമതെത്തിയ പാലക്കാട് ജില്ല രണ്ടാം ദിനത്തിലും ആധിപത്യം പുലര്‍ത്തി.
ഒരു ദേശീയ റെക്കോഡ് പ്രകടനത്തിനും രണ്ടാംദിനം സാക്ഷ്യം വഹിച്ചു. മൂന്ന് കിലോ ഷോട്ട്പുട്ട് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 16.15 മീറ്റര്‍ ദൂരം എറിഞ്ഞ കാസര്‍കോട് ഉദിനൂര്‍ ജിഎച്ച്എസ്എസിലെ അനുപ്രിയ വി എസ് ആണ് റെക്കോഡ് സ്ഥാപിച്ചത്. ആദ്യദിനത്തില്‍ രണ്ട് റെക്കോഡുകളാണുണ്ടായത്.
രണ്ടാംദിനത്തിലും പാലക്കാടിന്റെ കുതിപ്പാണ് കണ്ടത്. 100 മീറ്ററില്‍ സീനിയര്‍ ആണ്‍-പെണ്‍ വിഭാഗത്തിനൊപ്പം സബ് ജൂനിയര്‍ വിഭാഗത്തിലും ഒന്നാമതെത്തി. ഈയിനത്തില്‍ മാത്രം മൂന്ന് സ്വര്‍ണമാണ് പാലക്കാട് നേടിയത്. ഒടുവിലത്തെ ഫലമനുസരിച്ച് 92 പോയിന്റുമായി പാലക്കാടാണ് ഒന്നാമത്. 11 സ്വര്‍ണവും 11 വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 26 മെഡലുകളാണ് അവര്‍ നേടിയത്. 

ആദ്യദിനത്തില്‍ ഒപ്പത്തിനൊപ്പം എത്തിയെങ്കിലും രണ്ടാംദിനത്തില്‍ മലപ്പുറം പുറകിലേക്ക് പോയി. ഏഴ് സ്വര്‍ണവും 11 വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 21 മെഡലുമായി രണ്ടാമതുള്ള അവരുടെ സമ്പാദ്യം 71 പോയിന്റാണ്. 46 പോയിന്റുമായി എറണാകുളമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം.
സ്കൂളുകളില്‍ മലപ്പുറത്തിന്റെ ഐഡിയല്‍ ഇഎച്ച്എസ്എസ് രണ്ടാം ദിനത്തിലും മുന്നിട്ട് നിന്നു. 32 പോയിന്റ് നേടിയ ഐഡിയല്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി.
സീനിയര്‍ ബോയ്സ് ഹൈജംപ് മത്സരങ്ങളും ആവേശം ഉയര്‍ത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 1.96 മീറ്റര്‍ ഉയരം താണ്ടി മലപ്പുറം കടക്കാശേരിയിലെ ഐഡിയല്‍ ഇഎച്ച്എസ്എസിലെ മുഹമ്മദ് മുഹ്‌സിന്‍ ഒന്നാം സ്ഥാനം നേടി. മൂന്നാം ദിനമായ ഇന്ന് സീനിയര്‍ ആണ്‍കുട്ടികളുടെ 100, 110 മീറ്റര്‍ ഹര്‍ഡില്‍സും 400 മീറ്റര്‍ റിലേ മത്സരങ്ങളും ആവേശം വിതയ്ക്കും.

Eng­lish Sum­ma­ry; Palakkad boom continues

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.