
ആറര പതിറ്റാണ്ടിനപ്പുറത്തെ പൊതുപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് പളനിവേൽ വിടപറഞ്ഞത് സ്വന്തം അന്ത്യവിശ്രമത്തിനായി ആറടി മണ്ണ് പോലും സ്വന്തമാക്കാതെ. മൂന്നാറിലെ എസ്റ്റേറ്റുകളിൽ തൊഴിലെടുക്കുന്ന തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും അവർക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിലൊരു കൊച്ചുവീടും വേണമെന്ന ആവശ്യമുന്നയിച്ചും ആ കമ്മ്യൂണിസ്റ്റുകാരൻ നിരന്തരപോരാട്ടങ്ങൾ നടത്തി. അതിനൊടുവിൽ, കുറ്റിയാർവാലിയിലെ പട്ടയ നടപടികൾ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും ആരും അറിഞ്ഞില്ല അതിന് നടുനായകത്വം വഹിച്ച പളനിവേലിന് സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലെന്ന കാര്യം.
വർഷങ്ങളായി കുടുംബം താമസിക്കുന്നത് ടാറ്റാ ടീ കമ്പനിയുടെ വാടകവീട്ടിൽ, ഇന്നലെ അന്ത്യവിശ്രമം എവിടെ ഒരുക്കും എന്ന ചോദ്യമുയർന്നു. മൂന്നാറിലെങ്ങും വിലയ്ക്ക് വാങ്ങാൻ ഭൂമിയുണ്ടായിരുന്നില്ല.
ഒടുവിൽ സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാറും യൂണിയൻ ജനറൽ സെക്രട്ടറി എം വൈ ഔസേഫും സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാലും ചേർന്ന് കമ്പനി അധികൃതരുമായി ചർച്ച നടത്തി. ഒടുവിൽ, മൂന്നാറിന്റെ സമര പോരാളിക്ക് അന്ത്യവിശ്രമം ഒരുക്കാൻ ആറടിമണ്ണ് കമ്പനി വിട്ടുനൽകി. അങ്ങനെ പഴയ മൂന്നാറിലെ മൂലക്കട ഭാഗത്ത് സ്കൗട്ട് സെന്ററിൽ പളനിവേലിന് അന്ത്യവിശ്രമത്തിനിടമൊരുങ്ങി. ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് സ്വന്തം ജീവിതം കൊണ്ട് മറുപടി നല്‍കിയ നേതാവായി മരണത്തിനപ്പുറവും പി പളനിവേൽ ജനഹൃദയങ്ങളില്‍ ജീവിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.