24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026

കൂടുതല്‍ കരുത്തോടെ പള്ളിവാസൽ

Janayugom Webdesk
ഇടുക്കി
July 26, 2025 11:02 pm

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉല്പാദന കേന്ദ്രമായ പള്ളിവാസൽ പദ്ധതിയുടെ വിപുലീകരണം യാഥാർഥ്യമാകുന്നു. 60 മെഗാവാട്ടായി ഉല്പാദനം വർധിപ്പിച്ച പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. വൈദ്യുതി മേഖലയുടെ ഉല്പാദന, പ്രസരണ, വിതരണ രംഗങ്ങളിൽ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി നടപ്പാക്കുന്നത്. 1940 ലാണ് ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജില്‍ ജലവൈദ്യുത പദ്ധതി സ്ഥാപിതമായത്. 37.5 മെഗാവാട്ട് ആയിരുന്നു ആദ്യഘട്ടത്തിലെ ഉല്പാദനം. ലക്ഷ്മിയാർ, നല്ലതണ്ണിയാർ, മാട്ടുപെട്ടിയാർ എന്നിവയുടെ സംഗമസ്ഥലമായ പഴയ മൂന്നാറിലെ ആർ എ ഹെഡ് വർക്സ് ഡാമിൽ നിന്നുമാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭ്യമാകുന്നത്. കുണ്ടള, മാട്ടുപ്പെട്ടി എന്നീ ഡാമുകളിൽ ജലം സംഭരിച്ച് ആർ എ ഹെഡ് വർക്സിൽ നിന്ന് ടണൽ വഴി തിരിച്ചുവിട്ട് പെൻസ്റ്റോക്ക് വഴി പള്ളിവാസലിൽ സ്ഥാപിച്ചിട്ടുള്ള പവർ ഹൗസിൽ എത്തിച്ചാണ് ഉല്പാദനം നടത്തുന്നത്. 

സംസ്ഥാനത്തെ വർധിക്കുന്ന വൈദ്യുത ഉപഭോഗം മുന്നിൽ കണ്ടും വികസന രംഗത്തെ മാറ്റങ്ങൾക്ക് അനുസൃതമായും ഗുണമേന്മയുള്ള ചെലവുകുറഞ്ഞ ജലവൈദ്യുതി ഉല്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൂടുതൽ വെള്ളത്തിന്റെ ലഭ്യതയും ജലവൈദ്യുത ഉല്പാദന സംവിധാനത്തിന്റെ കാലപ്പഴക്കവും കണക്കാക്കി പഴയ പവർ ഹൗസിനോട് ചേർന്ന് 60 മെഗാവാട്ടിന്റെ പുതിയ പദ്ധതിയായി പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം വിഭാവനം ചെയ്തു. 2004 ഡിസംബർ 15 ന് ആരംഭിച്ച പദ്ധതി പാതി വഴിയിൽ മുടങ്ങി. പിന്നീട് 2018 ൽ പുനരാരംഭിച്ച പദ്ധതിയാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. 5.3312 ഹെക്ടർ സ്ഥലത്ത് 434.66 കോടി രൂപ മുതൽമുടക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നിട്ടുണ്ട്. വൈദ്യുതിനിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ 2024 ഡിസംബർ അഞ്ചിനും രണ്ടാം നമ്പർ ജനറേറ്റർ 24നും ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉല്പാദനം ആരംഭിച്ചു. 159.898 മില്യൺ യൂണിറ്റാണ് ഇതുവരെയുള്ള ഉല്പാദനം. സ്ഥാപിത ശേഷിയിൽ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് പള്ളിവാസൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.