തലതിരിഞ്ഞതല്ല തലശേരി ആര്‍ച്ച് ബിഷപ്പിന്. പലതുകൊണ്ടും അജ്ഞാതമായ അരിശമാണ് കമ്മ്യൂണിസത്തോട്, രക്തസാക്ഷികളോട്. അതിന്റെ ഫലമാണ് അജ്ഞത അഭിനയിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളും പ്രസ്താവനകളും ചൊരിയുന്നത്. കമ്മ്യൂണിസ്റ്റുകള്‍ തുറന്നുപറഞ്ഞിട്ടുള്ള, ആദരിക്കുന്ന ധീരരക്തസാക്ഷിയാണ് യേശുദേവന്‍. ദൈവപുത്രന് പോലും വെറുപ്പുളവാക്കുന്ന വാക്കുകള്‍ വലിയ ആട്ടിടയനെന്ന് വിശേഷിപ്പിക്കേണ്ടിവരുന്ന ഒരാളില്‍ നിന്നുണ്ടാകുമ്പോള്‍ പ്രതികരിക്കുക സ്വാഭാവികം. കമ്മ്യൂണിസ്റ്റുകാരെക്കാള്‍ ക്രൈസ്തവ വിശ്വാസികളാണ് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകളെ നേരിട്ടുകൊണ്ടിരിക്കുന്നത്.
ബിഷപ്പ് ബിജെപിയോട് കാണിക്കുന്ന കൂറും വിശ്വാസവും അയാളുടെ സ്വാതന്ത്ര്യമാണ്. അത് സഭയുടെ വകയായി മാറ്റിയെടുക്കാന്‍ ശ്രമം നടക്കുന്നതിനെയാണ് വിശ്വാസികളും രാഷ്ട്രീയ ഇടങ്ങളും എതിര്‍ക്കുന്നത്. രക്തസാക്ഷികള്‍ കണ്ടവരോടെല്ലാം കലഹിച്ചും അടികൊണ്ടും വെടികൊണ്ടും പേടിച്ച് ഓടി പാലത്തില്‍ നിന്ന് വീഴുന്നവരുമൊക്കെയാണ് രക്തസാക്ഷികളെന്ന് ബിഷപ്പ് സാക്ഷ്യപ്പെടുത്തുമ്പോള്‍ വിശ്വാസികള്‍ വിടിയെടുക്കാനും മടിക്കില്ലായിരിക്കും.
മണിപ്പൂരും ഛത്തീസ്ഗഢും നമുക്കുമുന്നില്‍ വേദനയുടെ ചിത്രം പകുത്തുനല്‍കുമ്പോള്‍ ഇവിടെ ബിഷപ്പ് ബിജെപിക്ക് രസഗുളിക നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അതും തീരാത്ത കമ്മ്യൂണിസ്റ്റ് പകയോടെ. എന്തിനാണ് പാംപ്ലാനി കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റുകാരെയും നാടിനുവേണ്ടി ചോരചിന്തിമരിച്ച രക്തസാക്ഷികളെയും എതിര്‍ക്കുന്നത്. അല്ലെങ്കില്‍ വിരോധം തീര്‍ക്കുന്നത്. ലോകത്ത് സഭ സഭയായി മാറുംമുമ്പേ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും പ്രചാരകരായിരുന്നു എന്ന ചരിത്രം ഇനി ആരാണ് പാംപ്ലാനിയെ പറഞ്ഞു പഠിപ്പിക്കുക. കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പം അധിനിവേശത്തിനെതിരെ നെഞ്ചുവിരിച്ച് നിറതോക്കുമായി പോരാട്ടത്തിനിറങ്ങിയ സഭാവിശ്വാസികളുടെ ചരിത്രം ഇനി എന്നാണ് പാംപ്ലാനി വായിക്കുക. ബിഷപ് വെള്ളപൂശിക്കൊണ്ടു നടക്കുന്ന യൂദാസിന്‍കൂട്ടങ്ങളായ സംഘ്പരിവാറില്‍ നിന്ന് എന്ത് പ്രതിഫലമാണ് തിരിച്ചുകിട്ടുക.
പാംപ്ലാനി വസിക്കുന്ന ഇന്ത്യയില്‍ എത്രയെത്ര രക്തസാക്ഷികള്‍ ക്രൈസ്തവ സഭാവിശ്വാസികള്‍ക്കിടയിലുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്ര്യം മനുഷ്യന് സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഇവിടെ ജീവിക്കാന്‍ വേണ്ടിയുള്ളതാണ്. അതിനെ തകര്‍ത്ത് ക്രൈസ്തവനെയും മുസ്ലിമിനെയും കമ്മ്യൂണിസ്റ്റുകാരെയും കൊന്നൊടുക്കുന്ന സംഘ്പരിവാരം പാംപ്ലാനിയെ പോപ്പാക്കിയേക്കാം. പക്ഷെ, അവരുടെ തേര്‍വാഴ്ചയില്‍ ശൂലംതുളച്ചുകയറി ജീവന്‍ നഷ്ടപ്പെട്ട സഭാ വിശ്വാസികളും അവരാല്‍ കന്യകാത്വവും ജീവനും ഇല്ലാതായ കന്യാസ്ത്രീകളും പാംപ്ലാനിയോട് പൊറുക്കുമോ?
പള്ളിമേടകളും രൂപക്കൂടുകളും അതിനകത്തെ രൂപവും തിരുശേഷിപ്പുകളും തകര്‍ത്തും കത്തിച്ച് ചാമ്പലാക്കിയും ജയ് ശ്രീറാം മുഴക്കുന്നത് കേള്‍ക്കാന്‍ പാംപ്ലാനിമാരുടെ മനോനിലയല്ല വിശ്വാസികളില്‍ മഹാഭൂരിപക്ഷത്തിനും ഉള്ളതെന്നോര്‍ക്കണം. മനുഷ്യനെന്ന നിലയില്‍ ബിഷപ്പിനും രാഷ്ട്രീയമാകാം. പറയാം. റബർ വില 300 രൂപയായി വർധിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന് പറഞ്ഞതുപോലെയല്ല രക്തസാക്ഷികള്‍ക്കെതിരെയുള്ളത്. കേരളനാടിന് രക്തസാക്ഷികള്‍ വികാരമാണ്. കേരളം കേരളമായത് അനേകായിരം ധീരരക്തസാക്ഷികളുടെ ചോരകൊണ്ടാണ്. രക്തസാക്ഷികളുടെ പോരാട്ടത്തെയും ചെറുത്തുനില്‍പ്പിനെയും നിലപാടിനെയും അവഹേളിച്ചുകൊണ്ടാവരുത് തലശേരി ബിഷപ്പിന്റെ രാഷ്ട്രീയം. അത് താക്കൊള്ളിക്കൊണ്ട് തലചൊറിയുന്നതിന് തുല്യമാകും.
English sammury: Thalassery Archbishop Mar Joseph Pamplani Controversy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.