
തെറ്റിദ്ധരിപ്പിക്കുന്ന പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോട്ടയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ബിജെപി നേതാവും അഭിഭാഷകനുമായ ഇന്ദ്ര മോഹൻ സിംഗ് ഹണിയുടെ പരാതിയിലാണ് നടപടി. ‘രാജശ്രീ പാൻ മസാല’ കമ്പനിയും സൽമാൻ ഖാനും ചേർന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നതാണ് പ്രധാന ആരോപണം.
കുങ്കുമപ്പൂവ് ചേർത്ത ഏലയ്ക്ക, കുങ്കുമപ്പൂവ് ചേർത്ത പാൻ മസാല എന്നീ പേരുകളിലാണ് പരസ്യം നൽകുന്നത്. കിലോയ്ക്ക് നാല് ലക്ഷം രൂപയോളം വിലയുള്ള കുങ്കുമപ്പൂവ് എങ്ങനെയാണ് വെറും അഞ്ച് രൂപയുടെ പാൻ മസാല പാക്കറ്റിൽ ലഭ്യമാകുകയെന്ന് പരാതിക്കാരൻ കോടതിയിൽ ചോദിച്ചു. ഇത്തരം പരസ്യങ്ങൾ കണ്ട് യുവാക്കൾ പാൻ മസാല ഉപയോഗിക്കാൻ പ്രേരിതരാകുന്നുവെന്നും ഇത് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും പരാതിയിൽ പറയുന്നു.
കൂടാതെ കോടതിയിൽ സമർപ്പിച്ച രേഖകളിലെ സൽമാൻ ഖാന്റെ ഒപ്പിനെച്ചൊല്ലിയും തർക്കം നിലനിൽക്കുന്നുണ്ട്. ജോധ്പൂർ ജയിലിലും കോടതിയിലും സൽമാൻ ഖാൻ ഇട്ടിരുന്ന ഒപ്പുമായി ഇപ്പോഴത്തെ ഒപ്പിന് വ്യത്യാസമുണ്ടെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന്, ഒപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ഉത്തരവിട്ടു. രേഖകൾ സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനോടും സൽമാൻ ഖാനോടൊപ്പം ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജരേഖകൾ ചമച്ചതിന് നടനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും പരാതിക്കാരൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.