9 December 2025, Tuesday

Related news

November 26, 2025
October 30, 2025
October 19, 2025
October 5, 2025
September 19, 2025
September 17, 2025
September 6, 2025
July 25, 2025
April 30, 2025
April 29, 2025

പന്തീരങ്കാവ് ​ഗാ‍ർഹിക പീഡനക്കേസ്; മൊഴിമാറ്റി യുവതി

Janayugom Webdesk
കോഴിക്കോട്
June 10, 2024 8:58 pm

ഏറെ വിവാദങ്ങളുണ്ടാക്കിയ പന്തീരങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴിമാറ്റി സാമൂഹ്യമാധ്യമത്തിലൂടെ രംഗത്തെത്തി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തന്റെ ഭര്‍ത്താവ് രാഹുൽ നിരപരാധിയാണെന്നും സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചതെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കി. രാഹുൽ ശാരീരികമായി ഉപദ്രവിക്കുകയോ സ്ത്രീധനം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. താന്‍ പറഞ്ഞതെല്ലാം നുണകളാണ്. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും തനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നതെന്നും വീഡിയോയില്‍ പറയുന്നു.

രാഹുല്‍ തന്നെ മര്‍ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് ബാത്ത് റൂമിലേക്ക് പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയത്. ഇക്കാര്യം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് പറഞ്ഞിരുന്നു. മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. കേസിന് ബലം കിട്ടാന്‍വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും യുവതി പറഞ്ഞു. 

മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞതെല്ലാം വസ്തുതാവിരുദ്ധമാണ്. കുടുംബം വക്കീലിനെ കണ്ടതും കേസ് ഫയല്‍ ചെയ്തതുമെല്ലാം തന്റെ അറിവോടുകൂടിയായിരുന്നില്ല. വക്കീല്‍ എഴുതിത്തന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് രക്ഷിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പറവൂർ സ്വദേശിനിയായ യുവതിയാണ് കോഴിക്കോട് പന്തീരങ്കാവിലെ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചത്. സംഭവത്തിൽ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം ശക്തമായതോടെ നടപടി ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത്തിനെ സര്‍വീസില്‍നിന്നും സസ്പെൻഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 

ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ പരാതി. എന്നാൽ അതെല്ലാം ഇപ്പോള്‍ യുവതി നിഷേധിച്ചിരിക്കുകയാണ്. രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ആരോപിച്ച് സഹോ​ദരൻ രംഗത്തെത്തി. യുവതിയെക്കുറിച്ച് ഞായറാഴ്ച മുതൽ വിവരമൊന്നുമില്ല. മേയ് 28ന് ശേഷം ഒരാഴ്ചയായി ഓഫീസിൽ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാവാമെന്നും സഹോ​ദരൻ വ്യക്തമാക്കി.

Eng­lish Summary:Panthirangav domes­tic vio­lence case; A young woman with a voiceover
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.