22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

പാപ്പച്ചൻ വധം: പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍, സരിത നടത്തിയത് 1.15കോടി രൂപ

Janayugom Webdesk
കൊല്ലം
August 19, 2024 10:37 pm

നിക്ഷേപം തട്ടിയെടുക്കാന്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ 12 ദിവസത്തെ പൊലിസ് കസ്റ്റഡി അവസാനിച്ചു ഇനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പ്രതികളെ ഇന്ന്‌ വൈകിട്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി മുണ്ടയ്ക്കല്‍ എഫ്എഫ്ആര്‍എ നഗര്‍ 12 അനിമോന്‍ മന്‍സിലില്‍ അനിമോന്‍ (44), രണ്ടാം പ്രതി ആശ്രാമം ശാസ്ത്രിനഗര്‍ പോളച്ചിറ പടിഞ്ഞാറ്റതില്‍ മാഹിന്‍ (45), മൂന്നാം പ്രതി സ്വകാര്യ ബാങ്ക് മാനേജര്‍ തേവള്ളി ഓലയില്‍ കാവില്‍ വീട്ടില്‍ വാടയ്ക്ക് താമസിച്ചിരുന്ന സരിത (46), നാലാം പ്രതി ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ പിറവൂര്‍ വീട്ടില്‍ അനൂപ് കെ പി (37) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. അനിമോന്‍, മാഹിന്‍, അനൂപ് എന്നിവരെ ജില്ലാ ജയിലിലേക്കും സരിതയെ കൊട്ടാരക്കര വനിതാ ജയിലിലേക്കും മാറ്റി. അഞ്ചാം പ്രതി പോളയത്തോട് ശാന്തിനഗര്‍ കോളനി 33, സല്‍മ മന്‍സില്‍ ഹാഷിഫും പൊലീസ് കസ്റ്റഡി അവസാനിച്ച് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

തെളിവെടുപ്പും രേഖകള്‍ കണ്ടെത്തലും പരിശോധനകളുമെല്ലാം പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലം ഈസ്റ്റ് എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍ പറഞ്ഞു. സരിതയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും, സരിതയുടെയും അനൂപിന്റെയും പാപ്പച്ചന്റെയും ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, സരിതയുടെ അടുത്ത ബന്ധുക്കളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, അനിമോനും ഹാഷിഫും എറണാകുളത്തെ തമ്മനത്തെ ലോഡ്ജില്‍ താമസിച്ചതിന്റെ രേഖകള്‍, അപകടത്തിന് ഉപയോഗിച്ച വാഗണര്‍ കാര്‍, ഗൂഡാലോചന നത്താനായി അനൂപ് എത്തിയ ബൈക്ക്, മാഹിന്റെ ഓട്ടോറിക്ഷ എന്നിവയാണ് പൊലിസ് കണ്ടെത്തിയ തെളിവുകള്‍. അനിമോന്‍, അനൂപ്, മാഹിന്‍ എന്നിവരുമായി പാപ്പച്ചനെ കാര്‍ ഇടിപ്പിച്ച ആശ്രാമം ശ്രീനാരായണ സമുച്ചയം-ഗസ്റ്റ് റോഡിലെ സംഭവ സ്ഥലം, മൂവരും ഗൂഡാലോചന നടത്തിയ ആശ്രാമം മൈതാനത്തിനു സമീപത്തെ ബാറും പണം കൈമാറിയ ബീച്ച്, സരിതയുടെ തിരുവനന്തുപരത്തെ ബന്ധുവീട്, മാനേജരായി ജോലി നോക്കിയിരുന്ന സ്വകാര്യ ബാങ്ക്, അനിമോനും ഹാഷിഫും കൃത്യ നിര്‍വഹണത്തിന് ശേഷം താമസിച്ചിരുന്ന തമ്മനത്തെ ലോഡ്ജ്, ഹാഷിഫ് മൊബൈല്‍ നന്നാക്കാന്‍ നല്‍കിയ പോളയത്തോട്ടിലെ മൊബൈല്‍ സര്‍വീസ് സെന്റര്‍, അനിമോന്‍ കാറിനു പെട്രോള്‍ അടിച്ച പമ്പ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.

സ്വകാര്യ ബാങ്കിലെ തന്റെ നിക്ഷേപം തിരിമറി നടത്തിയത് ശ്രദ്ധയില്‍പ്പെട്ട പാപ്പച്ചൻ മുന്നാം പ്രതി സരിതയെ ചോദ്യം ചെയ്തു. കള്ളിവെളിച്ചത്താകുമെന്ന് മനസിലാക്കിയ സരിത മെയ് 23നാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ച് പാപ്പച്ചനെ കൊലപ്പെടുത്തിയത്. സരിതയുടെ ആസൂത്രണത്തില്‍ അനിമോന്‍ ആയിരുന്നു കൊലപാതകം നടത്തിയത്. തനിക്ക് രക്ഷപെടാനുള്ള പഴുതുകള്‍ സരിത ഒരുക്കിയിരുന്നു. അതിനായി വിശ്വസ്തനായ അനൂപിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍. കേസിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൊന്നും സരിതയുടെ നേരിട്ടുള്ള സാന്നിധ്യം ഇല്ലായിരുന്നു. അനിമോനുമായി ബന്ധപ്പെട്ടതും ഗൂഗിള്‍ പേ വഴി പണം അയച്ചു നല്കിയതും മാത്രമാണ് നേരിട്ടുള്ള തെളിവുകള്‍. പാപ്പച്ചനെ കൊലപ്പെടുത്താന്‍ അനിമോനുമായി നേരിട്ടു സംസാരിച്ചതും പണം കൈമാറിയതുമെല്ലാം അനൂപിനെ ഉപയോഗിച്ചായിരുന്നു. ക്വട്ടേഷനുള്ള മുന്‍കൂര്‍ തുക അനിമോന് നല്‍കിയത് ഓലയിലുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍ മുഖേനയാണ്.
പാപ്പച്ചന്‍ കൊലപാതകത്തിന്റെ ഗൂഡാലോചനയ്ക്കായി സരിതയും അനൂപും അനിമോനും പരസ്പരം സംസാരിക്കാന്‍ പ്രത്യേക സിം കാര്‍ഡ് എടുത്തിരുന്നു. പാപ്പച്ചന്റെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലോണ്‍ എടുത്ത തുക തിരിച്ചടച്ചതിനാല്‍ സരിതയ്‌ക്കെതിരെ ബാങ്ക് അധികൃതരും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയ പാപ്പച്ചന്റെ മകള്‍ റെയ്ച്ചല്‍ നല്‍കിയ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണമാണ് കാറപകടം കൊലപാതകമാണെന്ന് തെളി‍ഞ്ഞത്.

പാപ്പച്ചനടക്കം എട്ട് പേരിൽ നിന്നും 60 ലക്ഷം രൂപയാണ് സരിതയും അനൂപും ചേർന്ന് തട്ടിയെടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാപ്പച്ചന്റെ 36 ലക്ഷം സ്ഥിര നിക്ഷേപത്തില്‍ നിന്ന് 25 ലക്ഷം രൂപ ലോണ്‍ എടുത്തത് കൂടാതെ മറ്റ് ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്തു. ഇതുകൂടാതെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനായി പാപ്പച്ചനില്‍ നിന്ന് വാങ്ങിയ 55 ലക്ഷം രൂപയും തട്ടിയെടുത്തു. ഏകദേശം 1.15 കോടി രൂപയുടെ തട്ടിപ്പാണ് സരിത നടത്തിയത്.
വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍ മറ്റ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട തുക ബാങ്ക് തിരികെ നല്‍കി. പണം തിരികെ ലഭിച്ചതിനാല്‍ നിക്ഷേപകര്‍ക്കും സംശയമുണ്ടായിരുന്നില്ല. സ്ഥിരമായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ക്രമക്കേടുകള്‍ കൂടുതലും ആസൂത്രണം ചെയ്തത്. സ്വകാര്യ ബാങ്കില്‍ പണം നിക്ഷേപിച്ചതായുള്ള വ്യാജ സ്ഥിരം നിക്ഷേപ രസീത് നല്‍കിയാണ് 55 ലക്ഷം രൂപ പാപ്പച്ചന്റെ കയ്യില്‍ നിന്നും സരിത തട്ടിയെടുത്തത്. വാഗ്ദാനം ചെയ്ത പലിശ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ പാപ്പച്ചന്‍ ബാങ്കിലെത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആറുമാസത്തിനുള്ളില്‍ സരിത നടത്തിയത് വലിയ സാമ്പത്തിക ഇടപാടുകളാണ്. ഗൂഗിള്‍ പേ ആയും അക്കൗണ്ട് ട്രാന്‍സ്ഫര്‍ ആയും നിരവധി പേര്‍ക്ക് സരിത പണം കൈമാറിയിട്ടുണ്ട്. ഉയര്‍ന്ന പലിശയ്ക്കും പണം നല്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകളെല്ലാം അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.