ലോകത്ത് ആയിരത്തിൽപരം രാമായണ കഥകളുണ്ട്. ഓരോരുത്തരും സാഹചര്യങ്ങൾക്ക് അനുസരിച്ചും നിലനിൽപ്പിനു വേണ്ടിയും അവരവരുടേതായ രീതിയിൽ പറഞ്ഞ കഥകൾ. ശ്രീലങ്കൻ അഭ്യന്തര കലഹങ്ങളുടെ പശ്ചാത്തലത്തിൽ കുറെ മനുഷ്യരുടെ കഥ പറയുന്ന പാരഡൈസ് ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനാഗേയുടെ രാമായണമാണ്. രാമനും സീതയും ഹനുമാനും രാവണനും മറ്റും തന്താങ്ങളുടെ ട്രോൾ ഭംഗിയായി തകർത്താടിയ രാമായണം.
സിനിമ ആരംഭിക്കുന്നത് രണ്ട് ടൂറിസ്റ്റുകളിൽ നിന്നാണ്. തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാൻ എത്തുകയാണ് കേശവും അമൃതയും ശ്രീലങ്കയിൽ വിനോദ സഞ്ചാരം ചിലവ് വളരെ കുറഞ്ഞതാണെന്നും ചില്ലറകൾക്ക് വേണ്ടി ശ്രീലങ്കക്കാർ നന്നായി പണിയെടുത്തോളുമെന്നും കേശവ് പറയുന്നുണ്ട്. പലയിടങ്ങളിലും ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്നങ്ങൾ കാണുന്നു എങ്കിലും കേശവ് അതിലൊന്നും ശ്രദ്ധിക്കുന്നില്ല. അമൃതയാവട്ടെ ടൂറിസ്റ്റ് ഗൈഡ് ആയ ആന്ദ്രൂസിനോടും റിസോർട്ട് ജീവനക്കാരായ ശ്രീ, ഇഖ്ബാൽ എന്നിവരോടും വളരെ സൗഹൃദത്തിലാകുന്നു. എന്നാൽ, കുറച്ച് ദിവസം കഴിയുമ്പോൾ കേശവിന്റെയും അമൃതയുടെയും വിലപിടിപ്പുള്ള കുറച്ച് സാധനങ്ങൾ മോഷണം പോവുകയാണ്. കള്ളന്മാരെ പിടിക്കാനും മോഷണം മുതൽ തിരിച്ചു കിട്ടാനും അവർ ശ്രീലങ്കൻ പൊലീസിനെ സമീപിക്കുന്നു. പക്ഷെ, അന്വേഷണത്തിന്റെ പാത ശ്രീലങ്കൻ ആഭ്യന്തര വിഷയവുമായി കലർന്നുപോകുന്നു.
10 രൂപയ്ക്ക് പഴം വിൽക്കുന്ന കുട്ടികളെ അമൃത കാണുന്നത് ഒട്ടൊരു കൗതുകത്തോടെയാണ്. അതേ കൗതുകം തന്നെയാണ് അവൾക്ക് ആദ്യം മാനിനെ കാണുമ്പോഴും. ടൂറിസ്റ്റ് ഗൈഡായ ആൻഡ്രൂസിന്റെ ശ്രീലങ്കൻ രാമായണം അമൃതയ്ക്ക് ദഹിക്കുന്നില്ല. രാവണൻ ഒരുനാൾ ഉണരുമെന്നും ശ്രീലങ്കയിലെ തമിഴ് വംശജരെയും ന്യൂനപക്ഷങ്ങളെയും രക്ഷിക്കുമെന്നുമുള്ള ആൻഡ്രൂസിന്റെ രാമായണ കഥ അല്പം പരിഹാസത്തോടെയെങ്കിലും അവൾ കേട്ടിരിക്കുന്നുണ്ട്. പല കഥകളിൽ, ഒരു രാമായണം പറയുന്നത് സീതയാണ് നേരിട്ട് യുദ്ധം ചെയ്ത് രാവണനെ കൊല്ലുന്നത് എന്ന അമൃതയുടെ വാക്കുകൾ ആൻഡ്രൂസിൽ അമ്പരപ്പ് ഉണ്ടാക്കുന്നുണ്ട്. വാല്മീകി രാമായണത്തിലെ പോലെ എപ്പോഴും സ്ത്രീകൾ രക്ഷക്കായി നിലവിളിച്ചുകൊണ്ട് പുരുഷനെ കാത്തിരിക്കും എന്നാണോ കരുതുന്നത് എന്ന് അമൃത ചോദിക്കുമ്പോൾ ആൻഡ്രുവിന്ന് സന്തോഷവും കേശവിന് പരിഹാസവും ആണ്.
ഇന്ത്യൻ രാമായണത്തിലെ സർവഗുണ പുരുഷോത്തമനായ രാമനെ പാരഡൈസിൽ കാണുന്നില്ല.
പകരം പ്രശ്നങ്ങളോട് മുഖം തിരിച്ചു നിൽക്കുകയും സ്വാർത്ഥതയും അസൂയയും നിറഞ്ഞ പുരുഷാധിപത്യത്തിന്റെ മൂർത്തി ഭാവവുമായാണ് ചിത്രത്തിലെ രാമനായ കേശവ്. സീതയായ അമൃതയെ മാരീചനായ മാൻ വന്ന് ശ്രീലങ്കയുടെ നിരവധി പ്രശ്നങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. വംശവെറിയും ദാരിദ്ര്യവും നിറഞ്ഞാടുന്ന, അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടിപോലും സമരം ചെയ്യേണ്ടി വരുന്ന ഒരു ജനതയിലേക്ക് അമൃതയുടെ മനസ് എത്തുന്നുണ്ട്. രാമദാസനായ ഹനുമാനായി, യജമാനന്റെ വിശ്വസ്തനായ നായയായി, ഇൻസ്പെക്ടർ ഭണ്ടാര കേശവിന്റെ കൂടെ തന്നെ നിൽക്കുന്നു. ഒരു വേള വംശവെറിയുടെ പാരമ്യത കൺമുമ്പിൽ കാണേണ്ടി വരുന്ന അമൃതയ്ക്ക്, തന്റെ രാമായണത്തിലെ സീതയാകേണ്ടി വരികയാണ്.
എന്നാൽ അവൾക്ക് മുമ്പിലെ ശത്രു നിരാലംബനായ രാവണന്മാർ അല്ല, മറിച്ച് സർവ സന്നാഹങ്ങളും കയ്യിലേന്തി നിൽക്കുന്ന രാമനാണ്. അവിടെ അമൃത മറ്റൊരു രാമായണം രചിക്കുന്നു.
തന്റെ പ്രവൃത്തികളെ സാധൂകരിക്കുന്നുണ്ട് അമൃത. ജയിലിൽ വച്ച് സാധുവായ തമിഴൻ മർദനമേൽക്കുമ്പോഴും, മാൻ കൊല്ലപ്പെടുമ്പോഴും സ്വാർത്ഥതയോടെ മാത്രം നോക്കിക്കാണുന്ന കേശവിനോടുള്ള പ്രതിഷേധം അമൃത മൗനമായെങ്കിലും കാണിക്കുന്നുണ്ട് പലപ്പോഴും. എന്നാൽ ജനൽ തുറന്നിട്ടത് താൻ തന്നെയെന്ന് ആണയിട്ട് പറഞ്ഞിട്ടും മുൻപിൽ നടക്കുന്ന വംശവരിയുടെ അർമാദം കണ്ടില്ലെന്ന് നടിക്കുന്ന കേശവിനോട് അമൃതയ്ക്ക് എന്തുതന്നെ തോന്നിയിരിക്കും? ആൻഡ്രൂസും, ശ്രീയും, ഇക്ബാലും പോലെ സ്ത്രീയായ താനും അവിടെ അടിച്ചമർത്തപ്പെട്ടവരാണെന്ന് തിരിച്ചറിവ് അമൃതയ്ക്ക് വന്നിരിക്കാം.
ഇഖ്ബാൽ പാടുന്ന പാട്ട് തന്നെ വശീകരിക്കാൻ അല്ല, മറിച്ച് അവരുടെ ചെറിയ സന്തോഷം മാത്രമാണെന്ന് തിരിച്ചറിഞ്ഞിട്ടും കേശുവിന് അവരോടുള്ള അസൂയയും വേർതിരിവും അവളെ വേദനിപ്പിച്ചേക്കാം. പല ഭാഷകൾ ചേർന്നതാണ് സിനിമ. ഹിന്ദിയും മലയാളവും തമിഴവും ഇംഗ്ലീഷും എല്ലാംകൂടി കലർന്നാണ് സിനിമ സംസാരിക്കുന്നത്. മികച്ച ഒരു രാഷ്ട്രീയം പറഞ്ഞു പോകുന്ന സിനിമ ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടി. റോഷൻ, ദർശന, ശ്യാം ഫെർണാഡോ, മഹേന്ദ്ര പെരേര തുടങ്ങി മികച്ച പ്രകടനം കാഴ്ചവച്ച അഭിനേതാക്കൾ നിറഞ്ഞ പാരഡൈസ് ആമസോൺ പ്രൈമിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.