22 December 2024, Sunday
KSFE Galaxy Chits Banner 2

പറയുവാനേറെയുണ്ട്

ജയപ്രകാശ് എറവ്
October 6, 2024 2:46 am

മരണമെന്നെ പുൽകിയിട്ടൊരു
ദിനമണയാറായ്
മരം കോച്ചും മഞ്ഞിലെൻ
അന്ത്യനിദ്ര കല്പിച്ചരുളിയതെൻ
ദേശസ്നേഹികൾ, കരയോഗ മേലാളർ
അഭിനവ ദുഃഖം പേറി
വരുവാനിനിയെത്ര പേർ
അക്ഷമയുടെ ഹിമപാതമേറ്റ് ഞാനിതാ
എവിടെയെത്തി
ഇനി എത്ര മണിക്കൂർ
ശത്രുവാണെങ്കിലും
മിത്രമാണെങ്കിലും
ഞാനൊന്നുമറിയുന്നില്ല
ചന്ദനക്കുറികൾ ചർച്ചകളിൽ മുങ്ങി
ചായകുടി, മുറുക്കാൻ,
ഇടയിൽ വകയ്ക്ക് കൊള്ളാത്ത
രാഷ്ട്രീയ ജല്പനം
സമയത്തെ ചൊല്ലിയുള്ളയെൻ
വിലാപം ബധിരകർണങ്ങളിൽ
വീണുടഞ്ഞുപോയ്
ജീവിച്ച നാളിലിത്രയും
കിടന്നിട്ടില്ല ഞാൻ
പ്രിയരെ, പുറപ്പെടാൻ സമയമായ്
ഒരുക്കുക, ഒരുങ്ങുക
രഥവേഗമേറുക
വരുന്നവർ വരട്ടെ
എനിക്ക് വയ്യ
ഈ ചന്ദനത്തിരി പുക
ആചാരമര്യാദകളുടെ
സീമകൾ ലംഘിക്കുക
നടന്നു തീരാത്ത
കാല്പാദങ്ങൾ കൂട്ടിക്കെട്ടാതെ
അനാവശ്യ ചുംബന-
പേമാരികൾ വർഷിയ്ക്കാതെ
കാറ്റിന്റെ കൈകളാലുള്ള
തലോടൽ മറയ്ക്കാതെ
പ്രിയരെ, വിട നല്‍കുക
എനിക്കീ കദനഭാര ഭൂമികതൻ
രംഗവേദിയിൽ നിന്നും
അതിദ്രുതം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.