2001 ഡിസംബര്‍ 13നായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ ഭീകരാക്രമണമുണ്ടായത്. അതിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ വീണ്ടും പാര്‍ലമെന്റിനകത്ത് ഗുരുതരമായ സുരക്ഷാവീഴ്ചയുടെ ഫലമായി രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് മുദ്രാവാക്യങ്ങളുമായി അകത്തേക്ക് ചാടുകയും പുക ബോംബ് പ്രയോഗിക്കുകയും ചെയ്തു. അതേസമയം പുറത്ത് രണ്ടുപേര്‍ ഇതേ പ്രക്രിയ ആവര്‍ത്തിച്ചു. 2001ല്‍ സഭയ്ക്ക് പുറത്തായിരുന്നു ആക്രമണവും 12 പേരുടെ മരണവുമുണ്ടായത്. ഇത്തവണ മരണമുണ്ടായില്ലെങ്കിലും അകത്തും പുറത്തും ഒരുപോലെ ആക്രമണമുണ്ടായി. പുക ബോംബാക്രമണം മതിയെന്ന് അക്രമികള്‍ തീരുമാനിച്ചതുകൊണ്ട് ആളപായമുണ്ടായില്ല. സ്വയം തീകൊളുത്തുകയായിരുന്നു ആദ്യം ലക്ഷ്യമിട്ടതെന്നും അതിനുള്ള ലേപനം കിട്ടാത്തതിനാല്‍ പുകബോംബ് പ്രയോഗത്തിലെത്തുകയായിരുന്നുവെന്നും പിടികൂടിയവര്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞിട്ടുമുണ്ട്. 2001ലെ സംഭവം നടക്കുമ്പോഴും ഇപ്പോഴും ബിജെപിയാണ് അധികാരത്തിലെന്നത് യാദൃച്ഛികമായി കരുതാം. പക്ഷേ അവിടെ നിന്ന് ഇവിടെയെത്തുമ്പോള്‍ രാജ്യത്തിനും ബിജെപിക്കും സംഭവിച്ച വലിയ വ്യതിയാനത്തെ വ്യാഖ്യാനങ്ങളൊന്നുമില്ലാതെ വായിച്ചെടുക്കാവുന്നതാണ്. ഇപ്പോഴത്തെ സംഭവം നടന്നിട്ട് നാലുദിവസം പിന്നിട്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്റലിജന്‍സ് സംവിധാനത്തിന്റെയും ഗുരുതരമായ പാളിച്ചകളെ തുറന്നു കാട്ടിയതായിരുന്നു സംഭവം. 2001ല്‍ ആക്രമികള്‍ പാര്‍ലമെന്റ് വളപ്പിലേക്ക് കടന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ ബോര്‍ഡുവച്ച കാറിലായിരുന്നു.
എന്നാല്‍ ഇത്തവണ ബിജെപി എംപിയുടെ ശുപാര്‍ശയനുസരിച്ച് നല്‍കിയ പാസിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമികള്‍ അകത്തെത്തിയത്. 2001ല്‍ ആക്രമണം നടന്ന ഉടന്‍ ആദ്യദൗത്യം സഭയ്ക്കകത്തെ ജനപ്രതിനിധികളെയും ജീവനക്കാരെയും സുരക്ഷിതരാക്കുക എന്നതായിരുന്നു. ഇരുസഭകളിലുമുണ്ടായിരുന്ന ഇരുനൂറോളം പേരെ സഭയുടെ സെന്‍ട്രല്‍ ഹാളിലേക്ക് മാറ്റി വാതില്‍ അകത്തുനിന്ന് അടച്ച് സുരക്ഷിതരാക്കി. വൈകുന്നേരം വരെ അവിടെ തുടര്‍ന്ന അംഗങ്ങളെ പിന്നീട് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് അവരവരുടെ താമസസ്ഥലത്തേക്കും മാറ്റിയെന്ന് അന്ന് സഭയിലുണ്ടായിരുന്ന അംഗങ്ങള്‍ പിന്നീട് ഓര്‍മ്മിച്ചെടുക്കുകയുണ്ടായി. സംഭവത്തിനു ശേഷം ഭീകരരെ വധിക്കുകയും സമാധാനം കൈവരിക്കുകയും ചെയ്തയുടന്‍ അന്ന് പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്‍ മാധ്യമങ്ങളെ കാണുകയും സ്ഥിതിഗതികള്‍ വിശദീകരിക്കുകയും ചെയ്തുവെന്ന് ബിജു ജനതാദള്‍ ലോക്‌സഭാംഗം ഭര്‍തൃഹരി മഹ്താബ് 2019ല്‍ സംഭവത്തിന്റെ വാര്‍ഷികദിനത്തില്‍ ഓര്‍മ്മിച്ചെടുക്കുകയുണ്ടായി. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവ ദിവസം തന്നെ അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അഡ്വാനി മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. തീവ്രവാദികളെയും അവരുടെ സ്പോൺസർമാരെയും അവർ ആരായാലും അവർ എവിടെയായിരുന്നാലും ഞങ്ങൾ ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞകാര്യം 2001 ഡിസംബര്‍ 13നുള്ള ദ ഗാര്‍ഡിയന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇപ്പോഴും ലഭ്യമാണ്.
പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയ് ദിവസങ്ങള്‍ക്കുശേഷം സഭയില്‍ സംസാരിക്കുകയും ചെയ്തു. അന്നത്തെ ബിജെപി സര്‍ക്കാരില്‍ നിന്ന് ഇപ്പോഴത്തെ നരേന്ദ്ര മോഡി സര്‍ക്കാരിലേക്കുള്ള അകലം എത്ര വലുതാണെന്ന് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴത്തെ സംഭവം ഡിസംബര്‍ 13ന് ഉച്ചയ്ക്ക് മുമ്പായിരുന്നു ഉണ്ടായത്. സ്വയം സുരക്ഷാമാര്‍ഗം തേടുകയായിരുന്നുവെന്നാണ് അംഗങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സഭയില്‍ എത്തുന്നത് വല്ലാത്ത ഭീതിയോടെയാണെന്ന് പറഞ്ഞ അംഗങ്ങളുമുണ്ട്. കൂടാതെ നിരവധി ചോദ്യങ്ങളും അതിലധികം സംശയങ്ങളും ഇപ്പോഴത്തെ സംഭവം ഉന്നയിക്കുന്നുണ്ട്. അത്യന്താധുനികവും വിപുലവും പഴുതുകളൊന്നുമില്ലാത്തതുമായ സുരക്ഷാ സംവിധാനമാണ് പുതിയ മന്ദിരത്തിനെന്ന് ബിജെപി അവകാശപ്പെട്ടിരുന്നതാണ്. എന്നിട്ടും രണ്ടുപേര്‍ക്ക് നിരോധിത വസ്തുക്കളുമായി അനായാസം അകത്തേക്ക് കയറാനായി. സുരക്ഷാ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. ദിവസങ്ങള്‍ക്ക് മുമ്പ് സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇപ്പോഴത്തെ ആക്രമണത്തെ അവരുമായി ബന്ധിപ്പിക്കുന്നതിനുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. എങ്കിലും രണ്ടുപേര്‍ക്ക് വീതം അകത്തും പുറത്തും പ്രതിഷേധിക്കുവാനും പുക ബോംബ് പ്രയോഗിക്കുവാനും അവസരമുണ്ടായത് മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചില്ലെന്നോ, അല്ലെങ്കില്‍ അത് പാളിയെന്നോ ആണ് വ്യക്തമാക്കുന്നത്. ക്രിമിനല്‍ നിയമവുമായി ബന്ധപ്പെട്ട വളരെ സുപ്രധാനമായ സംശയവും ഇവിടെ പ്രസക്തമാണ്.
സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആറുപേര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സഭയില്‍ കടന്ന് ഈ കുറ്റകൃത്യം ചെയ്യുന്നതിന് രണ്ടുപേര്‍ക്ക് അവസരം ഒരുക്കി നല്‍കിയ, സന്ദര്‍ശക പാസ് അനുവദിച്ച ബിജെപി എംപിയെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനാക്കുകയെങ്കിലും വേണ്ടതല്ലേ. ഇത്രയൊക്കെ സംശയങ്ങള്‍ ഉയര്‍ന്നിട്ടും പ്രതികരിക്കുന്നതിനോ സ്ഥിതിഗതികള്‍ ജനങ്ങളെ അറിയിക്കുന്നതിനോ പ്രധാനമന്ത്രിയോ എന്തിന് ആഭ്യന്തര മന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല പാര്‍ലമെന്റിന്റെ പൂര്‍ണ സുരക്ഷാ ചുമതല തന്റെ ഉത്തരവാദിത്തമാണെന്ന് സ്വയം ഏറ്റെടുത്ത് സ്പീക്കര്‍ ഓം ബിര്‍ള സര്‍ക്കാരിനെ രക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റംഗവും പ്രധാനമന്ത്രിയുമായി 2014 ജൂണില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടക്കുമ്പോള്‍ ചവിട്ടുപടിയില്‍ കുമ്പിട്ടിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത മോഡിയുടെ ദൃശ്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അത് കപട നാടകമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുകയാണ്. പാര്‍ലമെന്റിന്റെ സുരക്ഷാ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാന്‍ മടിക്കുന്ന ഭരണാധികാരി എന്നല്ല, ഭീരുവായ പ്രധാനമന്ത്രിയെന്നാണ് നരേന്ദ്ര മോഡിയെ വിശേഷിപ്പിക്കേണ്ടത്. ആക്രമികള്‍ ആരായാലും അവരുടെ ഉദ്ദേശ്യമെന്തായാലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റകരമായ വീഴ്ചയും കെടുകാര്യസ്ഥതയും തന്നെയാണ് ഇവിടെ തെളിയുന്നത്. സ്പീക്കര്‍ അവകാശപ്പെട്ടതുപോലെ സഭയുടെ സുരക്ഷ അദ്ദേഹത്തിന്റെ ചുമതലയിലാണെന്ന് സമ്മതിച്ചാല്‍ പോലും സഭയ്ക്ക് പുറത്ത് സംഭവിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല. അതിനപ്പുറം, ഇപ്പോള്‍ ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയതനുസരിച്ച് ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടന്നിട്ടും അതൊന്നും കണ്ടെത്താനാകാതെ പോയ കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം അമ്പേ പരാജയമാണെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
ബിജെപിക്കാര്‍ക്ക് പാര്‍ലമെന്റില്‍ സന്ദര്‍ശകരായെത്തുന്നതിനും എവിടെയും സ്വൈരവിഹാരം നടത്തുന്നതിനും അവസരമൊരുക്കിയതിന്റെ അനന്തരഫലം കൂടിയാണ് ഇപ്പോഴത്തെ സംഭവം. രാജ്യത്താകെയുള്ള ജനപ്രതിനിധികളുടെ കേന്ദ്രമാകേണ്ട പാര്‍ലമെന്റ് മന്ദിരത്തെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വെറും കെട്ടിട സമുച്ചയം എന്ന നിലയില്‍ പണിയുന്നതിലാണ് ബിജെപിയും നരേന്ദ്ര മോഡിയും ശ്രദ്ധയൂന്നിയത് എന്ന് ഉദ്ഘാടന ഘട്ടത്തിത്തന്നെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തീവ്ര ഹിന്ദുത്വ ആചാര്യന്മാരെയും മറ്റും എഴുന്നള്ളിച്ച് നടത്തിയ ഉദ്ഘാടന വേളയില്‍ സന്ദര്‍ശക ഗാലറിയില്‍ മുദ്രാവാക്യങ്ങളും മോഡി സ്തുതികളും ഉയര്‍ന്നതും അസാധാരണമായിരുന്നു. അക്കാര്യവും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. അതൊന്നും വകവയ്ക്കാതെ ബിജെപി-ആര്‍എസ്എസുകാരുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തെ അധഃപതിപ്പിച്ചുവെന്നതും ഡിസംബര്‍ 13ലെ സംഭവത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണ്. 2001ല്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് മിനിറ്റുകള്‍ക്കകം മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞതും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി മാധ്യമങ്ങളെ കാണാന്‍ ഭയക്കുന്നതും രണ്ടു ബിജെപി സര്‍ക്കാരുകള്‍ക്കിടയില്‍ സംഭവിച്ച വലിയ അകലമാണ് ബോധ്യപ്പെടുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.