പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കനത്ത പ്രതിരോധവുമായി പ്രതിപക്ഷം. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധിച്ചത്. പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് വാ മൂടിക്കെട്ടാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കുള്ള മുന്നറിയിപ്പായി ഇരു സഭകളിലും നടന്ന പ്രതിഷേധം. രാവിലെ സമ്മേളിച്ച ലോക്‌സഭയും രാജ്യസഭയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടുമണി വരെയും പിന്നീട് തിങ്കളാഴ്ചത്തേക്കും പിരിയുകയാണുണ്ടായത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് സഭാനടപടികള്‍ ആരംഭിച്ചെങ്കിലും എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, ആഭ്യന്തരമന്ത്രി സഭയില്‍ പ്രസ്താവന നടത്തുക എന്നീ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭ രണ്ടുവരെ നിര്‍ത്തിവച്ചു. തുടര്‍ന്ന് സമ്മേളിച്ച സഭയില്‍ രാവിലത്തെ തനിയാവര്‍ത്തനം തുടര്‍ന്നതോടെ തിങ്കളാഴ്ചത്തേക്ക് പിരിയുകയും ചെയ്തു.
രാജ്യസഭയില്‍ മേശപ്പുറത്തു വയ്ക്കാനുള്ള രേഖകള്‍ സമര്‍പ്പിച്ചതിനൊടുവില്‍ രണ്ടുവരെ പിരിഞ്ഞു. സഭാനടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖറിന്റെ ശ്രമങ്ങള്‍ വിഫലമായി. ഉച്ചതിരിഞ്ഞ് ചേര്‍ന്ന രാജ്യസഭയിലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചതോടെ തിങ്കളാഴ്ചത്തേക്ക് പിരിയുകയാണുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ചാനലുകളോട് പ്രതികരിച്ചത് പാര്‍ലമെന്റലക്ഷ്യ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. നിലവില്‍ അന്വേഷണം നടക്കുന്നു എന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. സഭാ സ്തംഭനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭാ അധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ യോഗം കോണ്‍ഗ്രസ് ബഹിഷ്കരിക്കുകയും ചെയ്തു. പ്രതിഷേധം തിങ്കളാഴ്ചയും തുടരുമെന്ന സൂചനകളാണ് പ്രതിപക്ഷം നല്‍കുന്നത്.
പാര്‍ലമെന്റ് അതിക്രമക്കേസില്‍ മുഖ്യ സുത്രധാരനെന്ന് കരുതുന്ന ബിഹാര്‍ സ്വദേശി ലളിത് ഝാ റിമാന്‍ഡില്‍. ഡൽഹിയിലെ കർത്തവ്യ പഥ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം സ്വമേധയാ കീഴടങ്ങിയ ലളിതിന്റെ അറസ്റ്റ് ഡൽഹി പൊലീസ് ഇന്നലെ രേഖപ്പെടുത്തി.
രാജസ്ഥാനിലെ നാഗൗരില്‍ രണ്ടുദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കൊൽക്കത്തയിൽ അധ്യാപകൻ കൂടിയായ ലളിത് കീഴടങ്ങിയത്. കഴിഞ്ഞ 13ന് പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച്, സന്ദർശക ഗാലറിയിൽനിന്ന് സഭ നടക്കുന്നിടത്തേക്ക് രണ്ടുപേർ ചാടിയിറങ്ങി മഞ്ഞപ്പുക പടർത്തിയായിരുന്നു പ്രതിഷേധം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ തന്നെയുണ്ടായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
ലളിത് ഝാ ഉൾപ്പെടെ അറസ്റ്റിലായ അഞ്ചുപേർക്കെതിരെയും യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സാഗർ, മനോരഞ്ജൻ, നീലം ദേവി, അമോല്‍ ഷിൻഡെ എന്നിവരാണ് നിലവിൽ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾ. മണിപ്പൂരിലെ സ്ഥിതിഗതികൾ, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ എന്നിവ ഉയർത്തിക്കാട്ടുകയായിരുന്നു പ്രതിഷേധത്തിന്റെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു.
ഭഗത് സിങ്ങിൽ നിന്നാണ് ലളിത് ഝായും സംഘവും പ്രചോദനം ഉൾക്കൊണ്ടതെന്നും പൊലീസ് പറയുന്നു. സംഘത്തെ സഹായിച്ചുവെന്ന് കരുതുന്ന രണ്ടുപേര്‍ക്കൂടി കസ്റ്റഡിയിലായിട്ടുണ്ട്.
English Summary; Parliament security breach; The centerGOVT is silent
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.