പ്രതിപക്ഷ പ്രതിഷേധത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും. അഡാനി മോഡി കൂട്ടുകെട്ട് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. ഇന്ന് രാവിലെ ചേര്‍ന്ന ലോക്‌സഭയില്‍ ചോദ്യവേളയില്‍ തന്നെ പ്രതിപക്ഷം വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധവുമായി രംഗത്തെത്തി. അടിയന്തര പ്രാധാന്യത്തോടെ സഭ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ ഒളിച്ചോട്ടം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. കര്‍ഷക സമരം, ഇനിയും അവസാനിക്കാത്ത മണിപ്പൂരിലെ അക്രമങ്ങള്‍, മോഡി അഡാനി കൂട്ടുകെട്ടുമായി ബന്ധപ്പെട്ട സൗരോര്‍ജ കൈക്കൂലി റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം രംഗത്ത് എത്തിയതോടെ ആദ്യം 12 വരെയും പിന്നീട് രണ്ടു വരെയും ലോക്‌സഭ നിര്‍ത്തി വച്ചു. പിന്നീട് ചേര്‍ന്ന സഭ മൂന്നു വരെ നിര്‍ത്തി വച്ച് സമ്മേളിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാതിരുന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭയിലും സമാന കാഴ്ചകളാണ് ദൃശ്യമായത്. ആദ്യം 12 വരെയും പിന്നീട് രണ്ടു വരെയും സഭാ നടപടി നിര്‍ത്തിവച്ചു. സോണിയാ ഗാന്ധി-സോറസ് ബന്ധം ഉയര്‍ത്തി ട്രഷറി ബെഞ്ചുകളും പ്രതിപക്ഷ പ്രതിഷേധത്തിന് പ്രതിരോധം തീര്‍ത്തു. സഭാ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ താല്പര്യമില്ലാത്ത സര്‍ക്കാരാണ് സഭാ സ്തംഭനങ്ങള്‍ക്ക് കാരണക്കാരെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുകയും ചെയ്തു. ഉച്ചതിരിഞ്ഞ് മൂന്നു വരെ നിര്‍ത്തിവച്ച സഭയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്. രാവിലെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. മോഡിയുടെയും അഡാനിയുടെയും മുഖംമൂടി അണിഞ്ഞ എംപിമാര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥകള്‍ പറഞ്ഞ് നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.